തിരുവനന്തപുരം : ആർ.എസ്.എസ് നേതാക്കളെ സന്ദർശിച്ച എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിറങ്ങി. ഡി ജി പി ഷെയ്‌ക്ക് ദർവേഷ് സാഹേബിനോട് സർക്കാർ അന്വേഷണത്തിന് നിർദേശം നൽകി.
ആരോപണമുയർന്ന് ഇരുപത് ദിവസങ്ങൾക്ക് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിറങ്ങിയത്. എ ഡി ജി പിക്കൊപ്പം ആർ എസ് എസ് നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ, ആർ എസ് എസ് നേതാവ് രാംമാധവ് അടക്കമുള്ളവരെ എ ഡി ജി പി കണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ബി ജെ പി മുൻ ജനറൽ സെക്രട്ടറികൂടിയായ രാംമാധവുമായി രണ്ടുതവണ എ ഡി ജി പി കൂടിക്കാഴ്ച നടത്തിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുള്ളത്. കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച എന്നും വിവരമുണ്ട്.
ഇതുകൂടാതെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാനായി എം ആര്‍ അജിത് കുമാര്‍ തൃശൂർ പൂരം കലക്കിയെന്ന് ഇടത് എം എല്‍ എ പി വി അന്‍വര്‍ ആരോപിച്ചിരുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തൃശൂരും ഗുരുവായൂരിലുമായി അജിത് കുമാർ സജീവമായിരുന്നുവെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |