''ചില യാദൃച്ഛിക സംഭവങ്ങൾക്ക് ജീവിതത്തിൽ പ്രതീക്ഷിക്കാത്തൊരു സ്ഥാനമുണ്ടാകാം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ചില കണ്ടുമുട്ടലുകൾ! ചിലയാത്രകൾ! ഇവയൊക്കെ ജീവിതത്തിൽ ചില 'യാദൃച്ഛികതകൾ"ക്ക് വഴിയൊരുക്കാൻ സാദ്ധ്യതയുള്ളവയല്ലേ? അപ്രകാരം ഓരോ മനുഷ്യന്റെയും ജീവിതത്തിലും ചില യാദൃച്ഛിക സംഭവങ്ങൾ കാണില്ലേ? ഹൈഡ്രജനും ഓക്സിജനും യാദൃച്ഛികമായി പണ്ടൊരിക്കൽ ഒന്നായതല്ലേ നമ്മളൊക്കെ ഇവിടെ വരാൻ കാരണമായത്! തുടങ്ങുമ്പോൾ നമുക്കവിടെ നിന്നു തുടങ്ങാം. എന്നിരുന്നാലും, വലിയവരാകണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്തവർ ഒന്നു കൈ ഉയർത്തികാണിക്കാമോ. അപ്രകാരമൊരു ആഗ്രഹമില്ലാത്തത് ആർക്കാണല്ലേ! അതോ, നിങ്ങൾ ആഗ്രഹിച്ചത് വിലപ്പെട്ടവരാകാനാണോ? ഒരു കാര്യം കൂടി നിങ്ങൾ വ്യക്തമാക്കണം, വലിയ ജീവിതമെന്നതുകൊണ്ട് അർത്ഥമാക്കിയത് ഒരുപാട് സമ്പത്തികമുള്ള ജീവിതമാണോ? അതോ, പേരും പ്രശസ്തിയുമുള്ള ജീവിതമാണോ? ഇപ്രകാരം വ്യക്തതയോടെ ചോദിക്കാൻ കാരണം, നേരായ വഴിയിലൂടെയല്ല സമ്പത്തു കൈവശമെത്തുന്നതെങ്കിൽ അത്തരമൊരു 'സമ്പന്നത" വലിയതോ, വിലപ്പെട്ടതോ ആയ ഒരു ജീവിതമല്ലല്ലോ സമ്മാനിക്കുന്നത്!""
സദസിൽ പല പ്രായത്തിലുള്ളവർ ഉണ്ടായിരുന്നിട്ടും, പ്രത്യേകിച്ച് ആരോടെന്നില്ലാതെ, ഒരു തമാശ പറയുന്ന ഭാവത്തിലായിരുന്നു പ്രഭാഷകൻ ഇപ്രകാരം ചോദിച്ചത്. തികച്ചും അപ്രതീക്ഷിതമായിട്ടാണ്, സദസ്യർ, അത്തരം ചോദ്യങ്ങളെ അഭിമുഖീകരിച്ചതെങ്കിലും, യുക്തിസഹമായൊരു മറുപടി നൽകുന്നിൽ ആശയക്കുഴപ്പം തങ്ങൾക്കുണ്ടായിയെന്ന സത്യം സദസ്യരിൽ കുറച്ചുപേരെങ്കിലും മനസിലാക്കിയിരുന്നു. എന്നിരുന്നാലും, തന്റെ ചോദ്യങ്ങൾ സദസ്യരിൽ കുറച്ചുപേരെങ്കിലും ഗൗരവമായി ചിന്തിക്കുന്നുണ്ടെന്ന സന്ദേശമായിരുന്നു പ്രഭാഷകന് വായിച്ചെടുക്കാൻ കഴിഞ്ഞത്. സദസ്യരെയാകെ വാത്സല്യപൂർവ്വം നോക്കികൊണ്ട് ഇപ്രകാരം തുടർന്നു:
''ഒരു കാര്യം നമ്മൾ പ്രത്യേകം ഓർക്കണം, നമുക്കു ചുറ്റുമുള്ള അതിവിശാലമായ ലോകം, നമുക്ക്, അതിന്റെ യഥാർത്ഥ വലുപ്പത്തിൽ കാണാൻ കഴിയുന്നത് നമ്മുടെ രണ്ട് ചെറിയ കണ്ണുകളിലൂടെയാണ്!കാഴ്ചശക്തിയെന്ന വിലമതിക്കാൻ കഴിയാത്ത അനുഗ്രഹം ലഭിച്ചവർ, അവർക്കു ചുറ്റുമുള്ള വലിയ ലോകവുമായി ബന്ധങ്ങൾ സ്ഥാപിക്കുന്നത്, തങ്ങളുടെ കണ്ണുകൾ കൊണ്ടല്ലേ! പിന്നെന്താണ് മനുഷ്യബന്ധങ്ങൾ വലുപ്പ ചെറുപ്പമടിസ്ഥാനമാക്കി മാത്രം ഉറയ്ക്കുന്നതും, ഉപേക്ഷിക്കുന്നതും? പ്രബലന്മാർ മാത്രമുള്ള ഒരു സമൂഹത്തിന് ലോകത്ത് എവിടെയെങ്കിലും പ്രസക്തിയുണ്ടോ? അപ്രകാരമാണെങ്കിൽ, വേട്ടക്കാരന്റെ വലയിൽ കുടുങ്ങിയ മൃഗരാജൻ ഒരിക്കലും രക്ഷപ്പെടില്ലായിരുല്ലോ! അത്തരമൊരു മോചനത്തിന് കുഞ്ഞെലിയുടെ 'മഹത്തായ സേവനം" വേണ്ടി വന്നില്ലേ!
എന്നാലും, നമ്മുടെ സമൂഹത്തിൽ തീരെ ചെറിയ മനുഷ്യരും, പ്രബലന്മാരും തമ്മിലുള്ള അന്തരം വളരെ വലുതല്ലേ!
സ്വന്തമായി ശബ്ദമില്ലാത്തവർക്കു വേണ്ടി നമ്മുടെ സമൂഹത്തിൽ ശബ്ദിക്കുന്നവരെയായിരുന്നു പണ്ടൊക്കെ സമൂഹം നേതാക്കളായി കണ്ടിരുന്നത്. ഇന്നിപ്പോൾ സ്വന്തം താത്പര്യങ്ങൾക്കായി ശബ്ദമുയർത്തുന്നവരുടെ ആരവമാണ് എങ്ങും കേൾക്കാൻ കഴിയുന്നത്. അപ്രകാരം സ്വന്തം താത്പര്യങ്ങൾക്കു മാത്രം ഘോരഘോരം ശബ്ദിക്കുന്നവരും നേതാക്കളായി തന്നെ അറിയപ്പെടാനാണ് അത്യാഗ്രഹിക്കുന്നത്! ഇവരിലും, വലിയവരും, വിലപ്പെട്ടവരും, വലിയ വിലപ്പെട്ടവരുമുണ്ടാകുമല്ലോ! എന്തായാലും, അത്ര വലിയവരൊന്നുമായില്ലെങ്കിലും, നമുക്ക്, ഇക്കൂട്ടരെപ്പോലെയാകണ്ടയെന്നു തീരുമാനിച്ചുകൂടെ? നമുക്ക് നല്ല മനുഷ്യരായാൽ പോരെ? മനുഷ്യത്വം ഉദിക്കാത്ത മനുഷ്യരുള്ള നാട്ടിലെ 'കൂട്ടത്തിൽ" പ്പെട്ടു പോയതിനാൽ ഇതുവരെ അതിനു കഴിഞ്ഞിട്ടില്ലെങ്കിൽ, ഇനിയും അതിന് അവസരങ്ങളുണ്ടല്ലോ!"" പ്രഭാഷകന്റെ പ്രചോദനമുൾക്കൊള്ളുന്ന വാക്കുകൾ, സദസ്യർക്ക് പുതിയൊരു ഉൾക്കാഴ്ച പകരുന്നവയായിരുന്നു!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |