SignIn
Kerala Kaumudi Online
Thursday, 31 October 2024 11.47 PM IST

ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക

Increase Font Size Decrease Font Size Print Page
mad

ഒരു ഗ്രാമത്തിൽ വിചിത്രവേഷധാരിയായ ഒരു മന്ത്രവാദി എത്തി. ഗ്രാമവാസികൾ അയാളെ കളിയാക്കാൻ തുടങ്ങി. കളിയാക്കൽ അതിരുകടന്നപ്പോൾ അയാൾക്കു ദേഷ്യമായി. അയാൾ കറച്ചു ഭസ്മം ജപിച്ച് ഗ്രാമത്തിലെ പൊതുകിണറ്റിൽ ഇട്ടു. പിന്നീട് ആ കിണറ്റിലെ വെള്ളം കുടിച്ച ഗ്രാമവാസികൾ ഓരോരുത്തരും ഭ്രാന്തന്മാരായിത്തീർന്നു. സ്വന്തം കിണറ്റിലെ വെള്ളം കുടിച്ച ഗ്രാമത്തലവനു മാത്രം കുഴപ്പമുണ്ടായില്ല. മറ്റുള്ളവർ വായിൽ വരുന്നതെന്തും വിളിച്ചുപറയാനും നൃത്തം ചെയ്യാനും ബഹളം കൂട്ടാനും തുടങ്ങി. അവർ വന്നു നോക്കുമ്പോൾ ഗ്രാമത്തലവൻ മാത്രം ഇതൊന്നും ചെയ്യുന്നില്ല. അവർക്ക് അതിശയമായി. ഗ്രാമത്തലവന്റെ സ്വഭാവം തങ്ങളുടേതിൽ നിന്നും എത്രയോ വ്യതാസപ്പെട്ടിരിക്കുന്നു. ഗ്രാമത്തലവനു ഭ്രാന്താണെന്ന് അവർ വിധിയെഴുതി. അദ്ദേഹത്തെ പിടിച്ച് കെട്ടിയിടുവാൻ അവർ ശ്രമിച്ചു. ആകെ ബഹളമായി. അദ്ദേഹം അവിടെ നിന്നു ഒരു വിധത്തിൽ രക്ഷപെട്ടു. അദ്ദേഹം ചിന്തിച്ചു. 'ഗ്രാമവാസികൾക്കെല്ലാം ഭ്രാന്താണ്. അവരിൽ നിന്നു വ്യത്യസ്തമായി പെരുമാറിയാൽ അവർ എന്നെ വെറുതെ വിടില്ല. ഈ നാട്ടിൽ കഴിയണമെങ്കിൽ, ഇവരെ ഉദ്ധരിക്കണമെങ്കിൽ ഒറ്റ മാർഗ്ഗമേയുള്ളൂ. അവരുടെ രീതിയിൽത്തന്നെ പെരുമാറണം. കള്ളനെ പിടിക്കാൻ കള്ളന്റെ വേഷം തന്നെ കെട്ടണം.'

ഗ്രാമത്തലനും മറ്റുള്ളവരെപോലെ ബഹളം വെയ്ക്കാനും നൃത്തം ചവിട്ടാനും തുടങ്ങി. ഗ്രാമത്തലവന്റെ ഭ്രാന്തു മാറിയതിൽ ജനങ്ങൾ സന്തോഷിച്ചു. ഗ്രാമത്തലവൻ പുതിയൊരു കിണർ കുഴിപ്പിക്കുകയും അതിലെ വെള്ളം കുടിക്കാൻ ഗ്രാമവാസികളെ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ ചെയ്തപ്പോൾ ക്രമേണ അവർക്ക് സ്വബോധം വീണ്ടുകിട്ടി. മഹാത്മാക്കൾ ഈ കഥയിലെ ഗ്രാമത്തലവനെപ്പോലെയാണ്. യാതൊന്നും പ്രതീക്ഷിക്കാതെ ജനങ്ങളെ സേവിക്കുന്ന അവരെ ജനങ്ങൾ പരിഹസിച്ചെന്നുവരാം. ഭ്രാന്തന്മാരെന്നുപോലും മുദ്രകുത്തിയെന്നിരിക്കാം. നിന്ദയെയും സ്തുതിയെയും ഒരുപോലെ കാണുന്ന മഹാത്മാക്കൾ ഇത്തരം പ്രതിബന്ധങ്ങളെയൊന്നും വകവയ്ക്കുന്നില്ല. അവർ ജനങ്ങളുടെ തലത്തിലേയ്ക്കിറങ്ങിച്ചെല്ലുകയും, സ്വജീവിതത്തിന്റെ മാതൃകയിലൂടെ പ്രതീക്ഷയില്ലാതെ സേവിക്കാനും കാമ്യതയില്ലാതെ സ്‌നേഹിക്കാനും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു.

കേവലമായ ഈശ്വര വിശ്വാസമോ മതാനുഷ്ഠാനമോ ആദ്ധ്യാത്മികതയാവില്ല. മതം മനുഷ്യരിൽ വേലിക്കെട്ടുകൾ സൃഷ്ടിക്കുന്നതിനു പകരം മനുഷ്യ ഹൃദയങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പാലമാകണമെങ്കിൽ ബാഹ്യമായ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അപ്പുറം ആദ്ധ്യാത്മികതയെ ഉൾക്കൊള്ളുക തന്നെ വേണം. ആദ്ധ്യാത്മികത എന്നാൽ അവനവനെക്കുറിച്ചുള്ള അറിവാണ്. അവനവന്റെ യഥാർത്ഥ പ്രകൃതത്തെ അഥവാ സ്വരൂപത്തെക്കുറിച്ചുള്ള അറിവാണത്. താൻ രാജാവാണെന്നറിയാത്ത ഒരു രാജാവിന് രാജപദവി കൊണ്ട് പ്രയോജനമൊന്നുമില്ല. അയാൾക്ക് രാജകീയ സുഖങ്ങൾ അനുഭവിക്കാനാവില്ല. അതുപോലെ ആത്മജ്ഞാനം ഇല്ലാത്ത ഒരുവന് വിവിധ ജീവിത പ്രശ്നങ്ങൾക്കിടയിൽ ശാന്തിയും ആനന്ദവും നുകരാനാവില്ല. ഒരു യാചകൻ താമസിക്കുന്ന കുടിലിന്റെ കീഴിൽ അമൂല്യനിധിയുണ്ടെങ്കിലും അതറിയാത്തിടത്തോളം കാലം അവൻ യാചകനായിത്തന്നെ തുടരും. അതുപോലെയുളള ഒരവസ്ഥയിലാണ് ഇന്നു മിക്കപേരും. പണത്തിനും സുഖഭോഗങ്ങൾക്കും വേണ്ടി ജനങ്ങൾ പരസ്പരം ദ്രോഹിക്കുന്നു. പ്രകൃതിയെക്കൂടി നശിപ്പിക്കുന്നു. ഫലമോ അവർ കൂടുതൽ കൂടുതൽ ദുഃഖത്തിലും ദുരിതത്തിലും അകപ്പെടുന്നു. അങ്ങനെയുള്ളവരെ ഉദ്ധരിക്കണമെങ്കിൽ അവരുടെ തലത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലണം. മഹാത്മാക്കൾ അതാണ് ചെയ്യുന്നത്. അതുവഴി ധർമ്മവും മൂല്യങ്ങളും സമൂഹത്തിൽ നിലനിൽക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AMRITHIKIRANAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.