നാടകകൃത്ത്, സാഹിത്യ ചരിത്ര രചയിതാവ്, അതുല്യനായ അദ്ധ്യാപകൻ എന്നീ നിലകളിൽ വെളിച്ചം വിതറിയ എൻ. കൃഷ്ണപിള്ളയുടെ 108-ാം ജന്മവാർഷികം പിന്നിടുമ്പോൾ...
ഫ്രഞ്ച് ദാർശനികനും എഴുത്തുകാരനുമായ റൂസോ പറഞ്ഞു: 'എഴുത്തുകാരന് ഒരിക്കിലും മരണമില്ല. എഴുതിയ പുസ്‌തകങ്ങളിലൂടെ അവർ ദീർഘകാലം ജീവിക്കുന്നു!" ഇതിനെ അന്വർത്ഥമാക്കുന്നതായിരുന്നു എൻ. കൃഷ്ണപിള്ളയുടെ ജീവിതം. അദ്ദേഹത്തിന്റെ അനുരഞ്ജനം, അഴിമുഖത്തേക്ക്, കന്യക, കുടത്തിലെ വിളക്ക്, മുടക്കുമുതൽ, ബലാബലം, മരുപ്പച്ച തുടങ്ങിയ നാടകങ്ങൾ വരും കാലങ്ങളിലും മലയാളികളുടെ മനസിൽ ജീവിക്കുന്നവയാണ്.
കലാകാരന്റെ സ്വാതന്ത്ര്യം ഉദ്ഘോഷിക്കുന്ന നാടകമാണ് 'ദർശനം." കൃഷ്ണപിള്ളയുടെ ഓരോ നാടകവും ഓരോ വ്യത്യസ്ത പരീക്ഷണമായിരുന്നു. പുതിയ നാടകസംസ്കാരം തന്നെ അവ സൃഷ്ടിച്ചു. മലയാളത്തിലെ ഇബ്‌സൻ എന്ന് ചിലർ കൃഷ്ണപിള്ളയെ പ്രശംസിക്കാറുണ്ട്. പക്ഷേ അദ്ദേഹം പറഞ്ഞത്, 'എന്റെ കഥാപാത്രങ്ങളും ദർശനവും എന്റെ സ്വന്തമാണ്" എന്നാണ്. നല്ല നാടകത്തിന്റെ ടെക്നിക്കുകളിൽ മാത്രം ഇബ്‌സൻ അദ്ദേഹത്തെ സ്വാധീനിച്ചിട്ടേയുള്ളൂ.
മലയാളത്തിന്റെ
കൈരളി
'കൈരളിയുടെ കഥ" എന്ന സാഹിത്യചരിത്ര ഗ്രന്ഥം മതി എക്കാലവും അദ്ദേഹത്തെ സ്‌മരിക്കുവാൻ. 24 വർഷം കൊണ്ടാണ് ആ ഗ്രന്ഥം എഴുതിത്തീർന്നത്. സ്‌കൂൾ ഫൈനൽ വിദ്യാർത്ഥികൾക്കു വേണ്ടി റേഡിയോയിൽ നടത്തിയ ചില പ്രഭാഷണങ്ങളാണ് ആ ബൃഹദ്ഗ്രന്ഥം രചിക്കാനുള്ള പ്രേരണ. നിരവധി കാലത്തെ പഠനവും തപസ്സും കൊണ്ട് മലയാളത്തിന് അഭിമാനിക്കാവുന്ന തരത്തിലേക്ക് എത്തിപ്പെടാൻ അതിനു കഴിഞ്ഞു. കേരള സാഹിത്യ അക്കാഡമിയുടെ രജത ജൂബിലി അവാർഡും ലഭിച്ചു. കൃഷ്ണപിള്ള ഒരിക്കലും അവാർഡ് തേടിപ്പോയിട്ടില്ല, അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ 1978-ലെ നാടക രചനയ്ക്കുള്ള അവാർഡും അതേ വർഷം തന്നെ കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പും അദ്ദേഹത്തിനു ലഭിച്ചു. 'തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ"ക്ക് 1971-ലെ ഏറ്റവും നല്ല മലയാള കൃതിക്കുള്ള ഓടക്കുഴൽ അവാർഡും ലഭിച്ചു. 'കുടത്തിലെ വിളക്ക്" എന്ന നാടകം സാഹിത്യ പ്രവർത്തക സഹകരണ സംഘം അവാർഡും കരസ്ഥമാക്കി.
അദ്ധ്യാപനവും
സാഹിത്യവും
'ഒരു അദ്ധ്യാപകനാവുക - പറ്റുമെങ്കിൽ സ്വന്തം ഭാഷ പഠിപ്പിക്കുന്ന അദ്ധ്യാപകനാവുക." ഇതായിരുന്നു കൃഷ്ണപിള്ളയുടെ ജീവിതാഭിലാഷം. ആ ആഗ്രഹം സാധിച്ചതിൽ അദ്ദേഹം കൃതാർത്ഥനായിരുന്നു. കൃഷ്ണപിള്ളയുടെ ആസ്വാദ്യമായ അദ്ധ്യാപന രീതിയെപ്പറ്റി കേട്ടറിഞ്ഞ് അന്ന് യൂണിവേഴ്സിറ്റി കോളേജിൽ ചേർന്ന വിദ്യാർത്ഥികളുണ്ട്. പഠിപ്പിക്കലിനപ്പുറം ആഹ്ളാദകരമായ ജോലി കൃഷ്ണപിള്ളയ്ക്കില്ല. ഇന്റർമീഡിയറ്റ് കോളേജ് പ്രിൻസിപ്പലായിരുന്ന അഞ്ചുവർഷം ഒരു വീർപ്പുമുട്ടലിലൂടെയാണ് കഴിച്ചുകൂട്ടിയത്. സംതൃപ്തമായ ഒരു ജീവിതമാണ് കൃഷ്ണപിള്ള നയിച്ചതെങ്കിലും വിദ്യാർത്ഥി ജീവിത കാലത്ത് സാമ്പത്തിക ക്ളേശങ്ങളുടെ നീർച്ചുഴിയിൽപ്പെട്ട് അദ്ദേഹം വീർപ്പുമുട്ടി. ഫൈനോടു കൂടിയല്ലാതെ ഒരൊറ്റ മാസവും അന്ന് ഫീസ് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ലൈബ്രറിയിൽ നിന്നും കൂട്ടുകാരിൽ നിന്നും പുസ്‌തകങ്ങൾ വാങ്ങി പഠിച്ചു. വിദ്യാഭ്യാസം പൂർത്തിയാക്കാൻ കുടുംബ സ്വത്ത് കുറെയൊക്കെ അദ്ദേഹത്തിനു വിൽക്കേണ്ടിവന്നു. 'കാഞ്ഞുവളർന്ന" മനുഷ്യനായിരുന്നു, കൃഷ്ണപിള്ള
അദ്ധ്യാപകനാവുക എന്നതുപോലെ കുട്ടിക്കാലം മുതൽ മനസ്സിൽ വച്ച് ഓമനിച്ചിരുന്ന ഒരാഗ്രഹമാണ് സാഹിത്യകാരനാവുക എന്നത്. നാടകാന്തം കവിത്വം എന്നാണല്ലോ. കൃഷ്ണപിള്ളയിൽ ആദ്യമുണ്ടായത് കവിത്വവും നാടകം അവസാനവുമാണ്. പത്ത് പതിനാലു വയസ്സുള്ള കാലത്ത് ഒരു ബംഗാളിക്കഥയെ അവലംബിച്ചുള്ള സി.വി. കുഞ്ഞുരാമന്റെ 'രാധാറാണി" എന്ന പുസ്‌തകം കൈയിൽ കിട്ടി. ഇതേ കഥയെത്തന്നെ അവലംബിച്ച് വനജാക്ഷി എന്നൊരു പുസ്‌തകവുമുണ്ടായിരുന്നു. ഈ രണ്ടു പുസ്‌തകങ്ങളും വായിച്ചപ്പോൾ ആ വിദ്യാർത്ഥിയുടെ മനസിൽ മധുരമായ ഒരനുഭൂതി ഉടലെടുത്തു. അത് ഭാവനയുടേയും ചിന്തയുടേയും മൂശയിലുരുകി വഞ്ചിപ്പാട്ടു രൂപത്തിലാണ് വാർന്നുവീണത്. അന്നത്തെ നാടകങ്ങളുടെ പ്രധാന ധാരയിൽ നിന്നൊഴിഞ്ഞു മാറി, തികച്ചും പുതുമ നിറഞ്ഞ 'ഭഗ്നഭവനം" എന്ന നാടകം അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർ വീർപ്പടക്കി കണ്ടിരുന്നു. കൃഷ്ണപിള്ളയുടെ അച്ചടിച്ച ആദ്യ നാടകവും ഇബ്സനിസ്റ്റ് കാലഘട്ടത്തിന് തുടക്കം കുറിച്ചതുമായിരുന്നു.
റിട്ടയർ ചെയ്തശേഷം യു.ജി.സിയുടെ പ്രൊഫസറായും യൂണിവേഴ്സിറ്റി വിസിറ്റിംഗ് പ്രൊഫസറായും കൃഷ്ണപിള്ള പ്രവർത്തിച്ചു. സ്വയം ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും അദ്ദേഹത്തിനൊരു രസമായിരുന്നു. ചിരിച്ചുകൊണ്ട് അദ്ദേഹം മറ്റുള്ളവരെ ചികിത്സിക്കുന്നു എന്നുപോലും പറയാം. അദ്ദേഹത്തിന്റെ ചിരിയെക്കുറിച്ച് പല കഥകളുമുണ്ട്. ഒരിക്കൽ ഡോ. ഗോദവർമ്മ ക്ളാസിൽ ഗൗരവമായി പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് തൊട്ടടുത്ത സ്റ്റാഫ് റൂമിൽ നിന്ന് കൃഷ്ണപിള്ളയുടെ ചിരിയും തുടർന്നുള്ള കൂട്ടച്ചിരിയും. ഡോ. ഗോദവർമ്മ ഒരു കുറിപ്പ് സ്റ്റാഫ് റൂമിലേക്ക് കൊടുത്തയച്ചു. പലരും കരുതി, അദ്ധ്യാപനത്തിന് ശല്യമുണ്ടാക്കിയതിന് ഗോദവർമ്മയുടെ രോഷമായിരിക്കുമെന്ന്. കുറിപ്പ് ഇതായിരുന്നു: 'അവിടെ ഇപ്പോൾ കൃഷ്ണപിള്ള പൊട്ടിച്ച ഫലിതമെന്താണ്? ഉടൻ എന്നെക്കൂടി അറിയിക്കുക!"
അദ്ദേഹത്തിന്റെ ഉച്ചത്തിലുള്ള ചിരിയും സംസാരവും ആരേയും ആകർഷിക്കുവാൻ വേണ്ടിയുള്ളതായിരുന്നില്ല; സ്വയം മറന്നുള്ളതാണ്.
മരണം കൃഷ്ണപിള്ളയെ സംബന്ധിച്ചിടത്തോളം കനത്ത അന്ധകാരമല്ല, പൊട്ടിപ്പടരുന്ന പ്രഭാതത്തിന്റെ വെളിച്ചമാണ്. സി.എൻ. ശ്രീകണ്ഠൻനായർ പറഞ്ഞതുപോലെ, മലയാള നാടകവേദിയുടെ ഇക്കഴിഞ്ഞ യുഗം എൻ. കൃഷ്ണപിള്ള സൃഷ്ടിച്ച യുഗമായിത്തന്നെ ശേഷിക്കുന്നു. നൂറോളം പുസ്തകങ്ങൾക്ക് അദ്ദേഹം അവതാരിക എഴുതിയിട്ടുണ്ട്. എഴുത്തച്ഛൻ, ആശാൻ, സി.വി, ഉണ്ണായിവാര്യർ, വൈലോപ്പിള്ളി എന്നിവരെക്കുറിച്ചുള്ള സമഗ്രപഠനം എഴുതാനുള്ള ആഗ്രഹവും മനസ്സിൽ സൂക്ഷിച്ചിരുന്നു. നിയതി അനുവദിച്ചില്ല. കൃഷ്ണപിള്ളയുടെ പ്രസംഗം അപൂർവമായ ഒരനുഭവമായിരുന്നു. തിരുവനന്തപുരത്തെ സായാഹ്ന സമ്മേളനങ്ങളെ അവ ധന്യമാക്കി. ഇനി നമുക്ക് അദ്ദേഹം വിതറിയ അക്ഷരങ്ങളുടെ മുത്തുകൾ പെറുക്കാം. അവ നമ്മുടെ മനസ്സിൽ വെളിച്ചം പകരും.
(ലേഖകന്റെ ഫോൺ: 0471 - 2450429)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |