കോട്ടയം ജില്ലയിലെ പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റ് ഏറ്റുമാനൂർ ഊന്നുകല്ലേൽ സാബുതോമസ് മാസത്തിലൊരിക്കൽ കൈലി മുണ്ടുടുത്ത് തോളിൽ തൂമ്പയും കൈയിൽ യന്ത്രപ്പുൽവെട്ടിയുമായി മക്കളേയും കൂട്ടി വഴിയിലേയ്ക്ക് ഇറങ്ങും. ചെറുപ്പത്തിലേ മൊട്ടിട്ട ശുചീകരണ ശീലം വൈറ്റ് കോളർ ജോലിക്കാലത്തും തുടരുന്നതിലുള്ള അഭിമാനമുണ്ട് മുഖത്ത്. വീട്ടിലേയ്ക്കുള്ള നാട്ടുവഴികളുടെ ചുറ്റും മാലിന്യം നിറഞ്ഞപ്പോഴാണ് മാസങ്ങൾക്ക് മുൻപ് സാബു തോമസ് ഒറ്റയാൾ പോരാട്ടം തുടങ്ങിയത്. സാധാരണക്കാരനെപ്പോലെ കാടുവെട്ടിയും കുപ്പിപെറുക്കിയും പ്ളാസ്റ്റിക് നീക്കിയും നാലു കിലോമീറ്റർ വഴിത്താര തെളിച്ച് തിരികെ മടങ്ങുമ്പോൾ തന്റെ ഉന്തുവണ്ടി മാലിന്യത്താൽ നിറയും.
പരിസര ശുചിത്വമെന്നത് കുട്ടിക്കാലം മുതൽ മിഠായി മധുരംപോലെ മനസിൽ അലിഞ്ഞു ചേർന്നതാണ്. അതുകൊണ്ട് ആരും പറയാതെ, സ്വയംമുന്നിട്ടിറങ്ങി. ആദ്യം നാട്ടുകാരിൽ പലരും പരിഹസിച്ചു. പക്ഷേ, പതിവ് ചിരിയായിരുന്നു പരിച. വൈകാതെ ഇളയ മക്കളായ ലൊറൈനും , ഫ്രേയയും ഒപ്പം കൂടി. പുതുതലമുറയുടെ പിന്തുണ നൽകിയ ആവേശം ചെറുതൊന്നുമല്ലായിരുന്നു. ഇപ്പോൾ നാട്ടുകാരുടെ പരിഹാസം മാറി. തന്റെ മാതൃക പലരും ഏറ്റെടുത്തതിന്റെ സന്തോഷമുണ്ട് സാബുവിന്. ചാർട്ടേഡ് അക്കൗണ്ടന്റ് മാത്രമല്ല സാബു തോമസ്. സംഘാടകനും സംഘടനാ നേതാവും ബിസിനസുകാരനും കരിയർ വിദഗ്ദ്ധനുമൊക്കെയാണ്. തിരക്കു പിടിച്ച ജോലിക്കിടയും വൃത്തിയുടെ സന്ദേശം വഴിയോരങ്ങളിൽ നട്ടിടുന്നു. അതിനായി പുതിയ സമവാക്യവും ഒരുക്കിയിട്ടുണ്ട്.
കുട്ടിക്കാലത്തെ
വൃത്തിയാക്കൽ
ഊന്നുകല്ലേൽ തോമസ്-ഏലിയാമ്മ ദമ്പതികളുടെ മകൻ സാബു തോമസിന് വൃത്തിയുടെ ശീലം ചെറുതിലേ തുടങ്ങിയതാണ്. വീടിനോട് ചേർന്ന് കുരിശുമല ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ് സ്ഥാപിച്ച് ഒപ്പമുള്ളവരെ നല്ല വഴിയിലേയ്ക്ക് നയിച്ചു. പരിസരം വൃത്തിയാക്കിയും കളിക്കളമൊരുക്കിയും ആനന്ദകരമാക്കിയ കാലം.
കടപ്പൂര് ഗവ. ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വൃത്തിയാക്കലൊക്കെ വിദ്യാർത്ഥികളുടെ കൂടി ഉത്തരവാദിത്വമായിരുന്നു. ക്ളാസ് മുറികൾ തൂത്തും മുറ്റമടിച്ചും ഗ്രൗണ്ടിലെ പുല്ലുവെട്ടിയും പതിവായി വൃത്തിയാക്കി. ചുറ്റുമുള്ള ചപ്പുംചവറും നീക്കുന്നത് ശീലമായി. അങ്ങനെയാണ് പ്രീഡി ഗ്രി, ബി.എസ്.ഇ. കാലം നാഷണൽ സർവീസ് സ്കീമിലേയ്ക്ക് അടുപ്പിച്ചത്. ക ുറവിലങ്ങാട് ദേവമാതാ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ സാബു തോമസിന്റെ മനസിലും പച്ചപ്പ് നിറച്ചു. സേവനവാരവും കൂട്ടുാർക്കൊപ്പമുള്ള നാട്ടുവഴികളുടെ വാർഷിക അറ്റകുറ്റപ്പണിയും ഏറെ സ്വാധീനിച്ചു. ഡൽഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഒഫ് ഇന്ത്യയിലെ പരിശീലനക്കാലം. ഒടുവിൽ ചാർട്ടേർഡ് അക്കൗണ്ടന്റെന്ന സ്വപ്ന ജോലിയിലേയ്ക്ക്. ബാങ്കിംഗ് മേഖലയിലായിരുന്നു തുടക്കം. പിന്നീട് കേരളാ ഫിനാഷ്യൽ കോർപ്പറേഷനിൽ ഫിനാഷ്യൽ കൺട്രോളറായി പ്രവേശിച്ചു. തിരുവനന്തപുരം വെള്ളയമ്പലത്തെ ഓഫീസും പരിസരവും വഴിയും കാടുപിടിച്ചു കിടന്നത് സാബുവിനെ ചെറുതൊന്നുമല്ല അലട്ടിയത്. കണക്കുകൾ പരിശോധിക്കും മുന്നേ പരിസരത്തെ കാടുംപടലും നീക്കി. ചെടികൾ നട്ടും പരിപാലിച്ചും പൂവാടിയാക്കി. പിന്നീട് ലോംഗ് ലീവെടുത്താണ് വിപുലമായ കർമമേഖലയിലേയ്ക്ക് സാബു തോമസിറങ്ങിയത്. ഇസാഫ് ബാങ്കിന്റെ തലപ്പത്തിരിക്കുമ്പോൾ 2015ലെ സ്വച് ഭാരത് അഭിയാന് നേതൃത്വം നൽകി. തൃശൂർ, മണ്ണൂത്തി പ്രദേശങ്ങളിലെ വഴികളെല്ലാം വൃത്തിയാക്കി.
സാബുവിന്റെ
ഗണിത സമവാക്യം
വഴിയോരത്ത് മാലിന്യം കുന്നുകൂടിയപ്പോഴാണ് സാബു തോമസ് വൃത്തിയാക്കാൻ ഇറങ്ങിയത്. ആദ്യം ചെറിയ പണിയായുധങ്ങൾ മാത്രം. വൈകാതെ പുല്ല് വെട്ടിയന്ത്രവും ഉന്തുവണ്ടിയുംവാങ്ങി. മക്കളും ഒപ്പമിറങ്ങിയതോടെ വഴിവൃത്തിയാക്കൽ കുടുംബകാര്യം കൂടിയായി.
'EV=(NV)2 എന്നതാണ് സാബുവിന്റെ ഗണിത സമവാക്യം. 'എന്റെ വഴി (EV) വൃത്തിയാക്കിയാൽ നല്ല വഴിയും (NV) അതിലൂടെ നമ്മുടെ വഴിയും (NV) ആയി തീർക്കാനുമാണ് സാബുവിന്റെ സമവാക്യം. വൃത്തിയുടെ സന്ദേശം പകരാൻ നല്ല വഴിയെന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയ്ക്കും തുടക്കമിട്ടു.
നല്ല വഴി സമവാക്യം ചേർത്ത് ബ്രോഷറുകളും ഇറക്കി. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ സോഷ്യൽ മീഡിയ പേജുകളിലെത്താം. റോഡിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരെയും റോഡ് വൃത്തിയായി സൂക്ഷിക്കാനുമുള്ള പോരാട്ടമാണ് 'നല്ല വഴി". നല്ല വഴി മാതൃകയിൽ ഒരോരുത്തരും ആഴ്ചയിലൊരിക്കൽ വെറും പത്ത് മീറ്റർ റോഡ് മാത്രം തെളിച്ചാൽ കേരളത്തിന്റെ വഴിയോരം മനോഹരാകുമെന്നാണ് സാബുവിന്റെ കണ്ടെത്തൽ. ഇത് ചങ്ങലപോലെ നീണ്ടാൽ വഴിയോരത്തൊരിടത്തും മാലിന്യം നിറയില്ലെന്ന ഉറപ്പുമുണ്ട്.
വീടിനടുത്തുള്ള ഊന്നുകല്ലേൽ പടി-വെള്ളാരം പാറ റോഡും നടയ്ക്കൽ-കുരിശുമല റോഡും മാളോല-എബനേസർ സ്കൂൾ റോഡും ഇരുവശങ്ങളും സുന്ദരമായി കിടക്കുന്നു. പതിവായി വൃത്തിയാക്കുന്നതിനാൽ മാലിന്യം നിക്ഷേപിക്കാൻ ആളുകളും മടിക്കുന്നത് തന്റെ ഉദ്യമത്തിനുള്ള പിന്തുണയായാണ് സാബു കരുതുന്നത്. ചാർട്ടേർഡ് അക്കൗണ്ടന്റാവാൻ എല്ലാവർക്കും കഴിയില്ലെങ്കിലും സ്വന്തം വീടിന് മുന്നിലെ വഴിയെങ്കിലും തെളിച്ചിടാൻ സർവർക്കും സാദ്ധ്യമാണെന്നും സാബു തെളിയിക്കുന്നു.
ഓൾ റൗണ്ടർ
രംഗമണി അസോസിയേറ്റ്സ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് സി.ഇ.ഒ ആയ സാബു തോമസ് സതേൺ ഇന്ത്യ ചാർട്ടേർഡ് അക്കൗണ്ടന്റ്സ് സ്റ്റുഡൻസ് അസോ. കോട്ടയം ബ്രാഞ്ച് ചെയർമാൻ, ടി.ടി.ഐ എന്റർപ്രൈസസ് മാനേജിംഗ് ഡയറക്ടർ, കോട്ടയം ചാർട്ടേർഡ് അക്കൗണ്ടന്റ്സ് അസോ. പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ തൃശൂർ ശാഖാ ട്രഷറർ, കോട്ടയം ശാഖാ മുൻ ചെയർമാൻ, ഇസാഫ് ബാങ്ക് മാർക്കറ്റിംഗ് വിഭാഗം ദേശീയ വൈസ് പ്രസിഡന്റ്, ഇസാഫ് മൈക്രോഫിനാൻസ് സി.എഫ്.ഒ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
കുടുംബം
ഭാര്യ ഹർഷ സാബു അദ്ധ്യാപികയാണ്. വിദ്യാർത്ഥികളായ നോറ ലൊറൈൻ , ഫ്രേയ എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |