അനുഗൃഹീത നടൻ മോഹൻലാലുമായുള്ള ദീർഘ സംഭാഷണത്തിന്റെ മൂന്നാം ഭാഗമാണ് ചുവടെ:-
തിരനോട്ടത്തിൽ നിന്ന് ബറോസിൽ എത്തി നിൽക്കുന്നു. കുസൃതി ചോദ്യമാണ്. അഭിനയം ഇംപ്രൂവ് ചെയ്യാൻ വല്ല പോംവഴിയുണ്ടോ?
പല വീക്ഷണങ്ങളുണ്ട്. അഭിനയിക്കാതിരിക്കുക. സിനിമയിൽ അങ്ങനെയാണ്. എന്റെയടുത്ത് ശിവാജി സാർ പറഞ്ഞിട്ടുണ്ട്. An Actor
Should Act എന്ന്. അദ്ദേഹം സ്റ്റേജിൽ നിന്നും വന്നയാളാണ്. ആ സ്വാധീനം ഉണ്ടാകും. ഇപ്പോൾ പുതിയ കാലത്ത് Behaving എന്ന രീതിയിലാണ് പോകുന്നത്. ഞാനീയിടെ കർണ്ണഭാരം വീഡിയോ ഒക്കെ എടുത്തു വീണ്ടും കണ്ട്, നമ്മളിങ്ങനെ ആലോചിക്കും. ഏറ്റവും ഭയങ്കര സ്റ്റൈലൈസ്ഡ് ആക്ടിംഗായിരുന്നു അത് . നാടകം എന്നു പറയുന്നത്. അഭിനയിക്കുകയാണ് അതിന് ക്ളോസപ്പോ ബ്രേക്കോ ഒന്നും ഇല്ലല്ലോ. കണ്ടിന്യൂയിറ്റിയിൽ അങ്ങനെ പോവുകയല്ലേ.
രണ്ടും രണ്ടു രീതിയാണല്ലേ?
അങ്ങനെ അല്ലാത്തവർ ഉണ്ടാകാം. എനിക്ക് രണ്ടും രണ്ടാണ്. ഞാൻ സിനിമയിൽ ഉള്ള ആളല്ലേ . എപ്പോഴും സ്റ്റേജിലേക്കു കയറുമ്പോൾ ഒരു സഭാകമ്പം ഉണ്ടാകും. കർണ്ണഭാരം ചെയ്തുകൊണ്ടിരിക്കുമ്പോൾ എന്റെ ഏറ്റവും വലിയ ടെൻഷൻ ഡയലോഗ് ഇടയ്ക്ക് മറന്നു പോയാൽ എന്തു ചെയ്യും എന്നായിരുന്നു. സംസ്കൃത ഡയലോഗ് പറയുമ്പോൾ നമ്മൾ വല്ലാതെ എനർജെറ്റിക് ആകും.ഒരു പ്രത്യേക ഭാഷയല്ലേ. അതിന്റെ ഉച്ചാരണവുമൊക്കെ അങ്ങനെയാണ്.അതിൽ ഇന്ദ്രൻ വേഷം മാറി വന്നിട്ടുള്ള ഒരു രംഗത്ത് കുറെ സമയം ഞാൻ മിണ്ടാതിരിക്കുന്നുണ്ട്.. അപ്പോഴാണ് ഞാൻ ആലോചിക്കുന്നത് ദൈവമേ അടുത്ത ഡയലോഗ് അറിയില്ല. എന്താ പറയേണ്ടതെന്ന് അറിയില്ല. തമിഴിലും ഇംഗ്ളീഷിലും ഒന്നും പറയാൻ പറ്റില്ലല്ലോ. അത് എന്തു പറയണമെന്ന് ആ സമയത്ത് ദൈവം തോന്നിപ്പിച്ചു .ഞാൻ ആദ്യം ആ നാടകം ചെയ്ത സമയത്ത് സംഘാടകർ റിക്വസ്റ്റ് ചെയ്ത് ഒരുപ്രാവശ്യം കൂടി ചെയ്യിച്ചു. രണ്ടുപ്രാവശ്യം ചെയ്യേണ്ടിവന്നു. അങ്ങനെ ആരും ചെയ്യാറില്ല. ഒരു പ്രാവശ്യം തന്നെ ഇതെങ്ങനെ ചെയ്യുമെന്ന് ആലോചിച്ചു പോയതാണ്.
ദൈവാനുഗ്രഹം, നിയോഗം അല്ലേ?
എല്ലാം അതാണെന്ന് ഞാൻ വിശ്വസിക്കുന്നു.
ജീവിതത്തിന്റെ രസം എന്താണ്?
അത് വലിയൊരു ചോദ്യമാണ്. ജീവിക്കുക എന്നുള്ളതാണ് രസം. ഒരു നല്ല മനുഷ്യൻ. നല്ല മനുഷ്യൻ എന്നതിന്റെ ടെർമിനോളജി എന്താണെന്ന് ചോദിച്ചാൽ എനിക്കു അറിയില്ല. ഒരു മനുഷ്യനായിട്ടു ജീവിക്കുക എന്നൊക്കെ പലരും പറയും. ജീവിതത്തിന്റെ രസമായി ഞാൻ കണക്കാക്കുന്നത് നല്ല സൗഹൃദങ്ങൾ, നല്ല കുടുംബം. അങ്ങനെ ഒരുപാട് കാര്യങ്ങൾ. എല്ലാം നല്ലതായിട്ടു വരുമ്പോൾ... പിന്നെ അതിലെ സങ്കടങ്ങൾ. സമ്മിശ്രമായ കാര്യങ്ങൾ. നിങ്ങൾ എങ്ങനെ ജീവിക്കണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്.
ആനന്ദം കണ്ടെത്തുന്നതാണോ? സ്വാഭാവികമായി വരുന്നതാണോ?
ഏതിലാണ് ആനന്ദം കണ്ടെത്തേണ്ടതെന്ന് നിങ്ങൾ തന്നെ തീരുമാനിക്കണം. നമ്മുടെ ഉള്ളിൽത്തന്നെയാണത്. ചില ആൾക്കാർക്ക് പാട്ടു കേൾക്കുന്നതായിരിക്കും. ഓരോ വ്യക്തികളും ഓരോ തരത്തിലല്ലേ. അപ്പോൾ നിങ്ങളുടെ ആനന്ദത്തിലേക്ക് ഞാൻ കൈകടത്താതിരിക്കുന്നതാണ് ഏറ്റവും നല്ലത്. (ചിരിക്കുന്നു)
നമുക്കു ചുറ്റും സൗഹൃദങ്ങൾ, കുടുംബം എല്ലാമുണ്ട്. എങ്കിലും ജീവിതത്തിൽ ഒറ്റയ്ക്കാണെന്ന്, തനിച്ചാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
നമ്മൾക്ക് ചില പ്രത്യേക സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴാണല്ലോ ആരുമില്ല എന്ന തോന്നലൊക്കെ ഉണ്ടാകാറുള്ളത്. എനിക്കു തനിച്ചിരിക്കാൻ ഇഷ്ടമുള്ള ഒരാളാണ്. ഒരു പ്രോബ്ളവും ഇല്ല.
അപ്പോൾ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കുമോ?
ഒന്നും വേണ്ട. വെറുതേയിരിക്കാം . അതൊരു ഭാഗ്യമാണ്. എനിക്കങ്ങനെ ബോറടിക്കുന്ന ഒരാളല്ല. ഒരു മുറിയിൽ എത്ര നേരം വേണമെങ്കിലും ഒന്നും ചെയ്യാതെ ഒറ്റയ്ക്ക് ഇരിക്കാം. ഈ കൊവിഡ് സമയത്തൊക്കെ എത്രയോ നേരം അങ്ങനെയിരുന്നിട്ടുണ്ട് . ചിലപ്പോൾ ഞാൻ പോയി കുക്ക് ചെയ്യും. തനിച്ചാകുന്നു എന്നു പറയുമ്പോൾ , തനിച്ചിരിക്കാൻ ഇഷ്ടമുള്ള ഒരാൾക്ക് അതൊരു പ്രശ്നമല്ല. തനിച്ചിരിക്കുമ്പോൾ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാം. ഒരുപാട് പേർക്കൊപ്പം ഇരിക്കുന്നതിനേക്കാളും തനിച്ചിരിക്കാൻ എനിക്കു ഇഷ്ടവുമാണ്.
ഒരുപാട് യാത്രകളും, ആത്മീയ ചിന്തകളും അത്തരത്തിലുള്ള പുസ്തകങ്ങളുമൊക്കെ വായിക്കുന്നയാളാണ്. ജീവിതം നിരർത്ഥകമാണെന്നും എല്ലാം മായയാണെന്നും ഒരു വാദമുണ്ട്. എന്തു പറയുന്നു?
മായാവാദം, Time and Space എന്നൊക്കെ ഒരുപാട് ചിന്തകളുണ്ട്.
ജീവിതത്തിന് ഒരു അർത്ഥമില്ലേ?
ജീവിതത്തിന് അർത്ഥമുണ്ടോ ? അതോ ഇതിലൊന്നുമില്ലേയെന്ന് തോന്നുന്ന ഒരു സമയം ഉണ്ടാകുമ്പോഴാണ് നമ്മൾ അതൊക്കെ ചിന്തിക്കുന്നത്. എല്ലാവരും അങ്ങനെയാണല്ലോ. അങ്ങ് അങ്ങയുടെ ഫിലോസഫിയിൽ ജീവിക്കുന്നയാളാണ്. ജീവിതത്തിന് എന്താണ് അർത്ഥമെന്ന് ചോദിച്ചാൽ ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ. എന്റെ കുടുംബം അതിനെ നന്നായിട്ടു കൊണ്ടുപോവുക എന്നതൊക്കെ ആയിരിക്കാം. നമുക്കു ഒരു പ്രോബ്ളം വരുമ്പോൾ ആണ് നമ്മൾ ഇത് ആലോചിക്കുന്നത്. ഭയങ്കരമായ ഒരു അസുഖം വന്നു. അപ്പോഴൊക്കെ അല്ലേ... ദൈവമേ എനിക്കെന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു. ജീവിതത്തിന് എന്താണർത്ഥം എന്നൊക്കെ ആലോചിക്കുക. അത്തരം ഒരു കാര്യങ്ങളും ആലോചിക്കാൻ ഇഷ്ടമില്ലാത്ത ഒരാളാണ് ഞാൻ. പക്ഷേ എല്ലാ കാര്യങ്ങളും നമ്മൾക്കു ചിന്തിക്കാമല്ലോ. മായയാണെന്നു വേണമെങ്കിൽ ചിന്തിക്കാം. മായയെന്നൊക്കെ ചിന്തിച്ചാൽ ആകെ സങ്കീർണമായി പോകും. ഇത്തരം ചിന്തകൾ ഇല്ലാതെ വളരെ ഹാപ്പി ആയിട്ടിരിക്കുന്നതു കൊണ്ടാകാം നമ്മൾക്ക് അഭിനയിക്കാൻ സാധിക്കുന്നത്. അല്ലെങ്കിൽ നമ്മൾക്ക് കേൾക്കാൻ ആഗ്രഹമില്ലാത്ത ഒരുപാട് കാര്യങ്ങൾ നമ്മൾ കേൾക്കുമ്പോൾ നമ്മൾ പതറാതിരിക്കുന്നത് .അല്ലെങ്കിൽ ഒരാൾ പറയുകയാണ് നിങ്ങളെക്കുറിച്ച് ഒരാൾ അങ്ങനെ പറഞ്ഞു എന്ന്... ആയിക്കോട്ടെ എന്ന മറുപടി നൽകാൻ പറ്റുന്നത് . ജീവിതത്തിൽ നമ്മൾക്ക് നിയന്ത്രിക്കാൻ പറ്റുന്ന കാര്യങ്ങളും പറ്റാത്ത കാര്യങ്ങളുമുണ്ട് . നിയന്ത്രിക്കാൻ പറ്റാത്ത കാര്യങ്ങളെ നിയന്ത്രിക്കാൻ പോകുമ്പോഴാണ് കോംപ്ളിക്കേഷൻ ഉണ്ടാകുന്നത്. നമുക്ക് നിയന്ത്രിക്കാൻ പറ്റുന്ന കാര്യങ്ങൾ നിയന്ത്രിക്കുക. നമ്മൾ സത്യസന്ധമായി പെരുമാറുക എന്നുള്ളതാണ്. നമ്മളാരും പെർഫെക്ട്... എന്താണ് പെർഫെക്ട് എന്നു അറിയാതെ പെർഫെക്ടിനെക്കുറിച്ച് സംസാരിക്കാൻ പറ്റില്ലല്ലോ.. മനുഷ്യരാണ്. എല്ലാവർക്കും അവരുടേതായ ചില വാസനകൾ
ഉണ്ട്. ഒരാൾ ചെയ്യുന്ന തെറ്റ് മറ്റൊരാൾക്ക് ശരിയായി തോന്നാം. ഒരാളുടെ ശരി മറ്റൊരാൾക്ക് തെറ്റായി തോന്നാം. ഇതിനിടയിൽ ഒരുപാട് ടേം ഉണ്ട്. നടുക്കു നിൽക്കുക എന്നു പറയും. അങ്ങനെ നടുക്കു നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. ഏറ്റവും താഴെയും ഏറ്റവും മുകളിലും പോകാതെ പണ്ട് കുട്ടനാട് ഭാഷയിൽ ഇങ്ങനെ അടിച്ചടിച്ച് നിൽക്കുക എന്നു പറയില്ലേ. വെള്ളം ഇങ്ങനെ വന്നു അടിച്ചടിച്ചു നിൽക്കില്ലേ. Being in the Middle എന്നു പറയില്ലേ. അതാണ്.
ഉറ്റവരെല്ലെങ്കിൽ വളരെ അടുപ്പമുള്ളവരുടെ വേർപാട് വരുമ്പോൾ അന്തിമാഞ്ജലി നേരിൽ അർപ്പിക്കണമെന്ന് തോന്നാറുണ്ടോ?
എനിക്കു ഒരുപാട് അനുഭവങ്ങൾ ഉണ്ട്. എന്റെ മടിയിലേക്കു വീണാണ് ആലുംമ്മൂടൻ ചേട്ടൻ മരിക്കുന്നത്. അങ്ങനെ ഒരുപാട് കണ്ടിട്ടുണ്ട്. ഞാനും മരിക്കുന്നയാളാണ്. എത്രനാൾ ജീവിക്കുമെന്ന് എനിക്കും അറിയില്ല. എല്ലാവരും മരിക്കും. അതിന്റെ രഹസ്യങ്ങളിലേക്കൊന്നും പോകാതെ ഉള്ള കാലം സുഖമായിട്ടിരിക്കുക എന്നുള്ളതാണ്. നമ്മൾക്ക് ഇഷ്ടമുള്ളവരോ ഉറ്റവരോ ഒക്കെ മരിക്കുമ്പോൾ പോകണമെന്ന് എനിക്കാഗ്രഹമുണ്ട്. എന്നെ സംബന്ധിച്ച് പോകാൻ ഒരുപാട് പരിമിതികൾ ഉണ്ട്. ചിലപ്പോൾ സ്ഥലത്ത് ഉണ്ടാകില്ല. എത്താൻ പറ്റാതിരിക്കുമ്പോൾ അതിന്റെ ഒരു സങ്കടം ഉണ്ടാകും. വിദേശത്തുള്ള എത്രയോ പേർക്ക് പേരന്റ്സ് മരിച്ചിട്ട് വരാൻ പറ്റാറില്ല. അതും ഒരു നിയോഗമാണ്. You are Born to Die എന്നു പറയും. ജനിച്ചതു തന്നെ മരിക്കാനാണെന്ന് പറയില്ലേ.
സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ ഒക്കെ റീമാസ്റ്റർ ചെയ്ത് പുതിയ പതിപ്പ് വരുന്നു. ഇങ്ങനെ ചെയ്തു വരണമെന്ന് ആഗ്രഹിക്കുന്ന വേറെ ചിത്രങ്ങൾ ഉണ്ടോ?
ഈ ചിത്രങ്ങൾ വന്നതു തന്നെ വലിയ അത്ഭുതമാണ്. ഇതിന്റെ നെഗറ്റിവൊന്നും ഒരിടത്തുമില്ല. ഫിലിമിലാണല്ലോ ഷൂട്ട് ചെയ്തിരുന്നത് ഒരുപാട് സിനിമകളുടെ നെഗറ്റീവ്ഇല്ല. ഇതൊക്കെ സംരക്ഷിക്കാൻ ആർക്കൈവ്സ് ഇല്ല. ഇപ്പോൾ ശക്തമായ ഒരു മൂവ്മെന്റ് ലോക വ്യാപകമായി തുടങ്ങിയിട്ടുണ്ട്. കേരളത്തിലേക്കും വരുന്നുണ്ട് .സിനിമകൾ റി സ്റ്റോർ ചെയ്യാൻ പഠിപ്പിക്കുന്നു. ഹോളിവുഡിലെ പ്രമുഖ സംവിധായകർ തന്നെ മുൻകൈയെടുക്കുന്നു.
അരവിന്ദന്റെ കുമ്മാട്ടി ഒക്കെ അങ്ങനെ വന്നല്ലോ?
അതെ. ഇപ്പോൾ ഇരുവർ ചെയ്യുന്നുണ്ട്. നല്ല ക്ളാസിക്കുകൾ ചെയ്യാൻ പറ്റണം. മണിച്ചിത്രത്താഴ് ചെയ്യാൻ പറ്റിയത് വലിയ ഭാഗ്യമാണ്. ഈ മൂന്നു സിനിമകൾ കിട്ടിയത് ഭാഗ്യമായിട്ടു ഞാൻ കാണുന്നു. ആറാം തമ്പുരാൻ ചെയ്യുന്നുണ്ട്. ഇതൊരു ട്രെൻഡ് ആയി വരുന്നുണ്ട്. ഇപ്പോൾ ചിത്രം എന്ന സിനിമ ഇനി ചെയ്യാൻ നോക്കിയാൽ ഒന്നും പറ്റില്ല. എല്ലാം പോയി. ഇതൊരു വലിയ പ്രക്രിയയാണ്. തിയേറ്ററിൽ വന്നിട്ട് ഓടണം. അല്ലെങ്കിൽ വലിയ സങ്കടമായിപ്പോകും.
ഭരത് ഗോപി, സുകുമാരൻ തുടങ്ങി പല നടൻമാർക്കൊപ്പം അഭിനയിച്ചു. ഇപ്പോൾ അവരിൽ പലരുടെയും മക്കളുടെ കൂടെ അഭിനയിക്കുന്നു. എന്തു തോന്നുന്നു?
ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ കൂടെ ഏഴോ എട്ടോ പേരുണ്ട്. അവരുടെയെല്ലാം ഒന്നുകിൽ അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട്. ജഗതിച്ചേട്ടന്റെ അച്ഛൻ ജഗതി എൻ.കെ.ആചാരി സാറിന്റെ കൂടെ അഭിനയിച്ചു. മുകേഷിന്റെ അമ്മയുടെ കൂടെ അഭിനയിച്ചു. വിജയരാഘവന്റെ അച്ഛൻ എൻ.എൻ. പിള്ള സാറിന്റെ കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട്. എല്ലാവരുമായും ഞാൻ നല്ല സ്നേഹത്തിലുമായിരുന്നു. പിന്നെയുമുണ്ട്. ബിജുമേനോന്റെ അച്ഛന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പടത്തിന്റെ അസോ. ഡയറക്ടറും ആക്ടറുമാണ് ബിനു പപ്പൻ. എന്റെ മടിയിലിരിക്കുന്ന ഒരു ഫോട്ടോ എന്നെ കൊണ്ടു കാണിച്ചു. കുതിരവട്ടം പപ്പുച്ചേട്ടന്റെ മകനാണ്. അങ്ങനെ എന്റെ കൂടെ അഭിനയിച്ച ഒരുപാടു ആൾക്കാരുടെ മക്കളുടെയും മാതാപിതാക്കളുടെയും കൂടെ അഭിനയിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |