ന്യൂഡൽഹി/ മലപ്പുറം: മുഖ്യമന്ത്രിയെ പരസ്യമായി അധിക്ഷേപിച്ച പി.വി.അൻവറിനെതിരെ ജനങ്ങളും പാർട്ടി സഖാക്കളും രംഗത്തിറങ്ങാൻ സി.പി.എം ആഹ്വാനം. അൻവറിന് പാർട്ടിയുമായി ഇനി ബന്ധമില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രഖ്യാപനം. താൻ ഇനി തീപ്പന്തമാണെന്നും ആരെയും പേടിയില്ലെന്നും പലതും പറയുമെന്നും വെല്ലുവിളിച്ച് അൻവർ. സി.പി.എം എന്ന കപ്പൽ മുങ്ങുകയാണ്. സ്വർണക്കടത്തിൽ പൊലീസ് പങ്ക് അന്വേഷിക്കാൻ തിങ്കളാഴ്ച ഹൈക്കോടതിയിൽ പോകുമെന്നും അൻവർ.
അൻവറിനെതിരെ മലപ്പുറത്ത് റാലി നടത്തിയ സി.പി.എം പ്രവർത്തകരുടെ കൊലവിളി. എം.വി. ഗോവിന്ദൻ വിരൽ ഞൊടിച്ചാൽ അൻവറിന്റെ കൈയും കാലും വെട്ടി പുഴയിൽ തള്ളുമെന്നായിരുന്നു ഭീഷണി മുദ്രാവാക്യം. അൻവർ- പിണറായി പോരിൽ കലുഷിതമായിരുന്നു ഇന്നലത്തെ പകൽ.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാവിലെ ഡൽഹിയിൽ മാദ്ധ്യമങ്ങളെ കണ്ട് അൻവർ ഉന്നയിച്ച ആരോപണങ്ങൾ തള്ളിയിരുന്നു. എൽ.ഡി.എഫിന്റെ ശത്രുക്കൾക്കൊപ്പമാണ് അൻവറെന്നും വിമർശിച്ചു. ഉച്ചയ്ക്കുശേഷം 2.30നാണ് ഗോവിന്ദൻ മാദ്ധ്യമങ്ങളെ കണ്ടത്. സി.പി.എം നേതൃയോഗങ്ങൾക്കാണ് ഇരുവരും ഡൽഹിയിലുള്ളത്. കേരള ഹൗസിൽ മുഖ്യമന്ത്രിയുമായി ഗോവിന്ദൻ കൂടിക്കാഴ്ച നടത്തിയിട്ടാണ് വാർത്താസമ്മേളനം വിളിച്ചത്. അൻവറാകട്ടെ ഇവർ ഓരോരുത്തരും പറഞ്ഞതിനു പിന്നാലെ ഉരുളയ്ക്കുപ്പേരിയുമായി എത്തുകയായിരുന്നു.
വലതു പക്ഷത്തിന്റെ
ചട്ടുകം: ഗോവിന്ദൻ
പരസ്യ പ്രതികരണം പാർട്ടി തടഞ്ഞിട്ടും അൻവർ അനുസരിച്ചില്ല. വലതുപക്ഷത്തിന്റെ ചട്ടുകമായി മാറി
പാർട്ടിക്കും സർക്കാരിനുമെതിരെ നിരന്തരം വാർത്താസമ്മേളനം നടത്തി അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ചു
അൻവറിനെതിരായ ഫോൺചോർത്തൽ ആരോപണം പരിശോധിക്കും. അൻവറിന് പിന്നിൽ പാർട്ടിയിലെ ആരുമില്ല
അവസരവാദി. മന്ത്രി റിയാസിനെ പ്രകീർത്തിച്ച് മാസങ്ങൾക്കു മുൻപ് പോസ്റ്റിട്ടു. ഇപ്പോൾ കുടുംബത്തെ ആക്ഷേപിക്കുന്നു
നിഷ്‌പക്ഷ അന്വേഷണം
നടക്കുന്നു: പിണറായി
ഇപ്പോഴത്തെ സംഭവവികാസങ്ങൾ അൻവറിന്റെ പരാതികളിലെ അന്വേഷണത്തെ ബാധിക്കില്ല. നിഷ്‌പക്ഷ അന്വേഷണം തുടരും
സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ആരോപണങ്ങൾക്ക് പിന്നീട് വിശദമായി പ്രതികരിക്കാം
അൻവർ നേരത്തെ ചില ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ എന്താണ് അതിനു പിന്നിലെന്ന സംശയമുണ്ടായിരുന്നു
അന്നു സംശയിച്ചതുപോലെയാണ് കാര്യങ്ങൾ. ഉദ്ദേശ്യം വ്യക്തമാണ്. അത് അൻവർ തുറന്നു പറഞ്ഞിട്ടുണ്ട്
അന്വേഷണം പ്രഹസനം,
പിന്നോട്ടില്ല: അൻവർ
സി.പി.എമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചത് പൊലീസാണെന്ന് അൻവർ. പാർട്ടി നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന നിലയിൽ പൊലീസ് സംവിധാനമെത്തി. ഇതിനെതിരെയും പാർട്ടിയിലെ ചില പ്രശ്നങ്ങളിലുമാണ് ഞാൻ സംസാരിച്ചത്. അത് ആർക്കെങ്കിലും പ്രശ്നമുണ്ടാക്കുന്നുണ്ടെങ്കിൽ ഇനിയും തുടരും. സ്വർണക്കടത്തിൽ അന്വേഷണം നടക്കുന്നില്ല. റിദാൻ വധക്കേസ് അട്ടിമറിക്കുന്നു. പൂരം കലക്കിയതിലെ അന്വേഷണം പ്രഹസനമാണ്. കൃത്യമായ അന്വേഷണമെന്ന് പാർട്ടി സെക്രട്ടറി അച്ചടി ഭാഷയിൽ പറഞ്ഞാൽ അന്വേഷണമാവുമോ. നാടകം കളിച്ചിട്ട് വസ്തുനിഷ്ഠമെന്ന് പറയുന്നു. പൊലീസ് ചെയ്യേണ്ട പണി ഞാൻ ചെയ്യേണ്ട അവസ്ഥ. പാർട്ടി പറഞ്ഞത് ഞാൻ അനുസരിച്ചു. എന്റെ അഭ്യർത്ഥന പരിഗണിച്ചില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് കൂടുതൽപേർ മടുത്ത് പുറത്തുപോകും. കമ്മ്യൂണിസ്റ്റുകാർക്കും ന്യൂനപക്ഷങ്ങൾക്കും നീതിയില്ല. അവരെ അണിനിരത്തി മുന്നോട്ട് പോകും.
പി.ശശിയുൾപ്പെടെയുള്ളവർക്കെതിരെ പാർട്ടിക്ക് നൽകിയ കത്ത് ശനിയാഴ്ച പുറത്തുവിടും. മാമി കേസ് കോഴിക്കോട്ടെ ജനങ്ങൾക്ക് മുന്നിൽ തിങ്കളാഴ്ച വിശദീകരിക്കും. ജനങ്ങളുടെ പ്രതികരണം അറിയാൻ ഗൂഗിൾ ഫോം ഇട്ടു. ജനം പിന്തുണച്ചാൽ പുതിയ പാർട്ടിയെക്കുറിച്ച് ആലോചിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |