പത്തനംതിട്ട : കാലത്തിന്റെ ഫ്രെയിമിൽ തെളിഞ്ഞ കാഴ്ചകളും ക്യാമറകളുമായി അയിരൂർ പ്ലാങ്കമൺ സ്വദേശി ജയകുമാർ ചക്കാലയിൽ കഴിഞ്ഞ നാളുകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് തന്റെ സ്വകാര്യ മ്യൂസിയത്തിലൂടെ. ഇരുപതാമത്തെ വയസിൽ അമ്മ വാങ്ങി നൽകിയ വിവിറ്റാർ എന്ന ക്യാമറയിൽ തെളിഞ്ഞ ലോകവും വിധത്തിലുള്ള ക്യാമറകളും മ്യൂസിയത്തിലുണ്ട്. ഫ്രെയ്മുകളിൽ നിന്ന് മാഞ്ഞുപോയ 300ൽപരം ക്യാമറകളുടെ വൻ ശേഖരവും ക്യാമറ ഗ്യാലറിയെ സമ്പന്നമാക്കുന്നു.
1942 ൽ കേരളത്തിൽ നിർമ്മിച്ചുകൊണ്ടിരുന്ന ഫീൽഡ് ക്യാമറയെന്ന് അറിയപ്പെടുന്ന വാകേശ്വരിയാണ് ശേഖരത്തിലെ പ്രധാന ആകർഷണം. ബ്ളാക്ക് ആൻഡ് വൈറ്റ് ക്യാമറയുടെ പ്രധാന്യം നഷ്ടപ്പെട്ടതോടെ ഇതിന്റെ പ്രിയം കുറഞ്ഞു. പുതിയ തലമുറയ്ക്ക് ക്യാമറയേക്കുറിച്ച് പറഞ്ഞുകൊടുക്കാന്നും പഴയ ക്യാമറകളെ പരിയിപ്പപ്പെടുത്താനുമാണ് ജയകുമാർ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
തെളിയുന്നത് ബ്ളാക്ക് ആൻഡ് വൈറ്റ് കാലം
ഒരുകാലത്തെ സമ്പന്നതയായിരുന്ന പത്തായം, തടി ഉരൽ, ഓട്ടുപാത്രങ്ങൾ, പഴയ നാണയങ്ങൾ, ത്രാസ്, എഴുത്തോല ഉൾപ്പെടെ അന്യം നിന്നുപോയ അയിരത്തിലധികം വസ്‌തുക്കളും ജയകുമാറിന്റെ മ്യൂസിയത്തിലുണ്ട്. ബ്ളാക്ക് ആൻഡ് വൈറ്റ് യുഗത്തിലെ എല്ലാ സാങ്കേതിക വിദ്യകളും ഇന്നത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണിവിടെ. ശബ്ദരംഗത്ത് തുടക്കംമുതൽ ഇന്നുവരെയുള്ള എല്ലാ ഉപകരണങ്ങളും, ഗ്രാമഫോൺ, ഇംഗ്ളീഷ്, മലയാളം, ഹിന്ദി ടൈപ്പിംഗ് മെഷീനുകൾ, പഴയ ഫോണുകൾ, റേഡിയോകൾ, വിദേശനാണയങ്ങൾ, 120ൽ പരം രാജ്യങ്ങളിലെ നോട്ടുകൾ, പിത്തള പാത്രങ്ങൾ, ഓട്ടുപാത്രങ്ങൾ, റാന്തൽ വിളക്കുകൾ, ചർക്ക, 1920 കാലത്ത് ഉപയോഗിച്ചിരുന്ന പിയാനോ എന്നിവയും മ്യൂസിയത്തിലുണ്ട്.
ഫോട്ടോഗ്രാഫി രംഗത്തെ ഗുരുക്കൻമാരുടെയും സുഹൃത്തുകളുടെയും സഹകരണം മുപ്പതുവർഷമായുള്ള മ്യൂസിയത്തിനുണ്ട്.
ജയകുമാർ , ചക്കാലയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |