കോഴിക്കോട്: അർജുനെ അവസാനമായി കണ്ട് ആദരാഞ്ജലിയർപ്പിക്കാൻ കണ്ണാടിക്കലിലെ വീട്ടിലെത്തിയത് പതിനായിരങ്ങൾ. ജില്ലയിൽ നിന്ന് മാത്രമല്ല കാസർകോട്,കണ്ണൂർ,മലപ്പുറം ജില്ലകളിൽ നിന്നുപോലും ആയിരങ്ങളെത്തി. അതിവൈകാരികമായ യാത്രയയപ്പായിരുന്നു അർജുന് നാട് നൽകിയത്.
അങ്കോളയിൽ നിന്ന് രാത്രി ഏഴോടെ പുറപ്പെട്ട ആംബുലൻസ് രാവിലെ ആറോടെയാണ് കേരളത്തിലെത്തിയത്. കോഴിക്കോട് നഗരാതിർത്തിയായ പൂളാടിക്കുന്നിൽ വിലാപയാത്ര എത്തിയപ്പോൾ വൻ ജനാവലിയാണ് കാത്തുനിന്നത്. കണ്ണാടിക്കൽ അങ്ങാടിയിലും വൻ ജനസാഗരമുണ്ടായിരുന്നു. രാവിലെ 9ഓടെ അർജുനെയും വഹിച്ചുള്ള ആംബുലൻസ് വീട്ടിലേക്കെത്തിയപ്പോൾ ഉള്ളുലഞ്ഞ് അക്ഷമയോടെ കാത്തിരുന്ന ജനങ്ങൾ അന്ത്യാഞ്ജലിയർപ്പിക്കാനായി തിരക്കുകൂട്ടി. വീടിനകത്ത് പ്രിയപ്പെട്ടവർക്കരികിലേക്കാണ് ആദ്യം മൃതദേഹമെത്തിച്ചത്.
മാതാപിതാക്കളും ഭാര്യയും മകനും സഹോദരങ്ങളും ബന്ധുക്കളുമടക്കമുള്ളവർ അർജുന് യാത്രാമൊഴിയേകി. അതിനുശേഷം വീട്ടുമുറ്റത്തൊരുക്കിയ പന്തലിൽ പൊതുജനങ്ങൾക്കായി പൊതുദർശനത്തിന് സൗകര്യമൊരുക്കി. തിക്കിത്തിരക്കിയതോടെ രണ്ട് വരിയായാണ് ജനങ്ങളെ കടത്തിവിട്ടത്. 11ഓടെ പൊതുദർശനം അവസാനിപ്പിച്ച് സംസ്‌കാരചടങ്ങുകൾ ആരംഭിച്ചു.
ഓർമ്മയിൽ അർജുൻ
ജോലിക്ക് പോകാത്ത സമയങ്ങളിൽ കണ്ണാടിക്കൽ യുവജന ആർട്‌സ് ക്ലബിന്റെ പ്രവർത്തനങ്ങളിലും സാമൂഹ്യപ്രവർത്തനങ്ങളിലും അർജുൻ സജീവമായിരുന്നു. കൊവിഡ് സമയത്തും പ്രളയസമയത്തും സഹായത്തിനായി അവൻ മുൻനിരയിലുണ്ടായിരുന്നു. ഗ്രാമത്തിൽ എല്ലാവർഷവും രണ്ട് മാസത്തോളം കുടിവെള്ള പ്രശ്‌നം നേരിടുമ്പോൾ ലോറിയിൽ വെള്ളമെത്തിക്കാനും അർജുൻ മുന്നിലുണ്ടായിരുന്നെന്ന് നാട്ടുകാർ ഓർത്തെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |