തൃശൂർ: തൃശൂർ - കുറ്റിപ്പുറം പാതയിൽ പാച്ച് വർക്ക് നടത്താനുള്ള ഭാഗങ്ങളിൽ ശനിയാഴ്ചയ്ക്കകം അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് എം.എൽ.എമാരും കളക്ടറും പങ്കെടുത്ത അടിയന്തര യോഗത്തിൽ കർശനനിർദ്ദേശം നൽകിയിട്ടും പണികൾ ബാക്കി. തിങ്കളാഴ്ചയാണ് എം.എൽ.എമാരായ എ.സി.മൊയ്തീൻ, വി.ആർ.സുനിൽകുമാർ, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ കളക്ടർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബസ് ഉടമ അസോസിയേഷൻ പ്രതിനിധികൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉറപ്പ് നൽകിയത്.
കേച്ചേരി, എരനെല്ലൂർ, മഴുവഞ്ചേരി, കൈപ്പറമ്പ്, പുറ്റേക്കര, മുണ്ടൂർ, മുതുവറ ഭാഗങ്ങളിലെല്ലാം കുഴികളാണ്. മുൻപ് ക്വാറി വേസ്റ്റിട്ട് അടച്ചതോടെ കേച്ചേരി വരെ പൊടി മയമാണ്. ചിലയിടങ്ങളിൽ മാത്രമാണ് കുറച്ചെങ്കിലും ടാറിനായത്. വളരെ സാവധാനമാണ് പണികൾ ചെയ്യുന്നതും. ചൂണ്ടൽപ്പാടത്തെ റോഡാണ് യന്ത്രസഹായത്തോടെ ടാറിട്ടത്. പൂർണമായി തകർന്ന മറ്റിടങ്ങളിലും ഇതേ രീതിയിൽ ടാറിടണമെന്നാണ് ആവശ്യം. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായിട്ടാണ് തൃശൂർ -കുറ്റിപ്പുറം സംസ്ഥാന ഹൈവേയുടെ വികസനം നടക്കുന്നത്. നിലവിലെ റോഡ് പൊളിച്ചുകളഞ്ഞ് കോൺക്രീറ്റ് റോഡാണ് നിർമ്മിക്കുന്നത്.
ശബരിമല തീർത്ഥാടന കാലത്തിന് മുമ്പ് പണിതീർക്കണം: ഹൈക്കോടതി
തൃശൂർ-കുറ്റിപ്പുറം റോഡ് ശബരിമല സീസൺ ആരംഭിക്കുന്നതിന് മുമ്പ് പണി പൂർത്തീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പണി 2021 ൽ ഏറ്റെടുത്ത കരാർ കമ്പനി 2023 ഡിസംബറിലാണ് റോഡ് പണിപൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ ഇതുവരെ റോഡ് പണിയുടെ 19 ശതമാനം മാത്രമാണ് പൂർത്തിയാക്കാനായത്. പുതിയ കരാറുകാരനെ നിയമിക്കാനോ റോഡ് പണി പൂർത്തിയാക്കാനോ നടപടിയെടുക്കാത്തതിനെ തുടർന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി ജെ.കോടങ്കണ്ടത്ത് അഡ്വ.കെ.ബി.ഗംഗേഷ് മുഖാന്തിരം ഹൈക്കോടതിയിൽ മുൻപ് ഹർജി നൽകിയിരുന്നു.
അപകടങ്ങൾ പലവിധം
പലയിടങ്ങളിലും വഴിവിളക്കുകളില്ലാത്തതിനാൽ കുഴിയുണ്ടെന്ന് അറിയാതെ അപകടമുണ്ടാകുന്നു
വാഹനങ്ങൾ ചൂണ്ടലിലെയും കൈപ്പറമ്പിലെയും ഡിവൈഡറുകൾക്ക് മുകളിൽ കയറുന്നത് പതിവ്
അറ്റകുറ്റപ്പണികൾക്കും ഇന്ധനച്ചെലവും കൂടുന്നതായി ബസ് -ടാക്‌സി -ഓട്ടോ തൊഴിലാളികൾ
സമയനഷ്ടം ഒഴിവാക്കാൻ സ്വകാര്യബസ് ചീറിപ്പായുമ്പോൾ അപകടങ്ങളും തർക്കങ്ങളും പതിവ്
റോഡ് നിർമ്മാണത്തിന് വകയിരുത്തിയത്: 119 കോടി
പിന്നീട് ഉയർത്തിയത്: 218 കോടി
ദൂരം: പാറമേക്കാവ് ജംഗ്ഷനിൽ നിന്ന് കുറ്റിപ്പുറം വരെ 33.23 കി.മീ
തകർന്നത്: 19 കി.മീ
റോഡിന്റെ ശോചനീയാവസ്ഥ കാണിക്കുന്ന ഫോട്ടോകളും ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതോടെ വീണ്ടും ഹർജി പരിഗണിച്ച് സർക്കാരിന്റെ വാദം കേട്ടു. തുടർന്നായിരുന്നു ഉത്തരവിട്ടത്.
അഡ്വ.ഷാജി ജെ.കോടങ്കണ്ടത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |