തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന തലസ്ഥാനത്തെ അവിട്ടം തിരുനാൾ ആശുപത്രി (എസ്.എ.ടി) വൈദ്യുതി തടസമുണ്ടായതിന് പിന്നാലെ ജനറേറ്ററും തകരാറിലായതോടെ ഇന്നലെ രാത്രി മൂന്നുമണിക്കൂറോളം ഇരുട്ടിലായി. ആശുപത്രിക്ക് ഉള്ളിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള കൈക്കുഞ്ഞുങ്ങളും ഗർഭിണികളായ സ്ത്രീകളും ഉൾപ്പെടെ കുറ്റാക്കൂരിരുട്ടിലായതോടെ കൂട്ടിരിപ്പുകാരും ബന്ധുക്കളും കടുത്ത പ്രതിഷേധമുയർത്തി. തുടർന്ന് പുറത്ത് നിന്ന് താത്കാലിക ജനറേറ്റർ എത്തിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. 7.30ന് ഇരുട്ടിലായ ആശുപത്രിയിൽ വെളിച്ചംവന്നത് രാത്രി 10.23നാണ്.
ആശുപത്രിയിൽ ഇന്നലെ പി.ഡബ്ളിയു.ഡി ഇലക്ട്രിക്കൽ വിംഗ് മുൻകൂർ അറിയിപ്പ് നൽകി അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. ഇതിനാൽ വൈകിട്ടുമുതൽ ജനറേറ്റർ വഴിയാണ് വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നത്. ജനററേറ്റർ റീച്ചാർജ് ചെയ്യുമ്പോൾ സർക്യൂട്ട് ബ്രേക്കറിലുണ്ടായ തകരാറാണ് വൈദ്യുതി മുടക്കിയത്. ജനറേറ്റർ കാലപ്പഴക്കം ചെന്നതാണ്.
നിയോനേറ്റൽ വാർഡും എൻ.ഐ.സി.യുവും അടക്കമുള്ള ഗോൾഡൻ ജൂബിലി കെട്ടിടത്തിൽ വൈദ്യുതി തടസമുണ്ടായിരുന്നില്ല. അതിനാൽ വെന്റിലേറ്റർ, ഇൻക്യുബേറ്റർ അടക്കമുള്ള സംവിധാനങ്ങളിൽ പ്രശ്നമുണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടികളുടെ വിഭാഗത്തിലെ ഐ.സി.യുവിലും പ്രശ്നമുണ്ടായില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ അറിയിച്ചു.
ഇരുട്ടിൽ നെട്ടോട്ടമോടി
രോഗികളും കൂട്ടിരിപ്പുകാരും
ആശുപത്രിക്ക് അകവും പുറവും ഇരുട്ടായതോടെ പുറത്ത് കാത്ത് നിൽക്കുന്ന കൂട്ടിരിപ്പുകാരും കനത്ത ആശങ്കയിലായി.കുട്ടികൾക്ക് ഭക്ഷണം നൽകാനും മുലപ്പാൽ നൽകാനും സാധിക്കാതെ അമ്മമാരും വിഷമത്തിലായി. വാർഡുകളിൽ വെളിച്ചമില്ലാതെ വന്നതോടെ ശുചിമുറികളിലേക്ക് പോകാനോ സഞ്ചരിക്കാനോ സാധിക്കാതെ നട്ടം തിരിഞ്ഞു. ഫാനുകൾ നിലച്ചതോടെ കൈക്കുഞ്ഞുങ്ങളും അസ്വസ്ഥരായി. മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി എത്താതെ വന്നതോടെ ബഹളവും പ്രതിഷേധവും ഉയർന്നു. പൊലീസ് എത്തിയാണ് സംഘർഷം ഒഴിവാക്കിയത്. രാത്രി പതിനൊന്നോടെ ആരോഗ്യമന്ത്രി സ്ഥലത്തെത്തി.
ടോർച്ചടിച്ച് പരിശോധന
ലേബർ റൂമിൽ പ്രസവം നടക്കുന്നതിനിടയിലാണ് വൈദ്യുതി പൂർണമായും തടസപ്പെട്ടെന്ന് രോഗികൾ പറഞ്ഞെങ്കിലും അധികൃതർ ഇത് നിഷേധിച്ചു.അത്യാഹിത വിഭാഗത്തിൽ ടോർച്ചടിച്ചായിരുന്നു പരിശോധന.തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് വാർഡിന് പുറത്തേ മെഴുകുതിരി കത്തിക്കാൻ അനുമതി നൽകിയുള്ളു.
വൈദ്യുതി മുടങ്ങിയ സംഭവത്തിൽ സാങ്കേതിക സമിതി സമഗ്രഅന്വേഷണം നടത്തും.വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കും.
- ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |