കർമ്മസാക്ഷിയായ സൂര്യൻ പ്രപഞ്ചത്തിന്റെ വെളിച്ചമാണ്. ഒരു ഗ്രഹണത്തിനും അതിന്റെ ശോഭ കെടുത്താനാവില്ല. മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനാണെന്നും, അടുത്തു ചെല്ലുന്നവർ അതിന്റെ താപമേറ്റ് കരിഞ്ഞുപോകുമെന്നും വിശേഷിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിനെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പൊങ്കാലയിട്ടു. മാഷിന്റെ ഗതികേടായി പരിഹസിച്ചവർ ഏറെ. മുഖ്യമന്ത്രിയെന്ന കത്തിജ്വലിച്ചു നിന്ന സൂര്യൻ കെട്ടുപോയെന്നാണ് സി.പി.എമ്മിനോടും ഇടതു മുന്നണിയോടും മൊഴി ചൊല്ലിയ പി.വി.അൻവർ എം.എൽ.എയുടെ സങ്കടം.
പിണറായിക്ക് ജനങ്ങൾ നൽകിയതാണ് സൂര്യ തേജസെന്നും, അതിന്റെ ശോഭ ആർക്കും കെടുത്താനാവില്ലെന്നും ഇടതു മുന്നണി കൺവീനർ ടി.പി.രാമകൃഷ്ന്റെ അനുപല്ലവി. സൂര്യപ്രകാശത്തെ പഴമുറം കൊണ്ട് മറയ്ക്കാനാവില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. ശോഭ കിട്ടാനും കെട്ടുപോകാനും ഇതെന്താ ഡ്യൂപ്ളിക്കേറ്റ് സൂര്യനോ എന്നു പരിഹസിച്ച് മറ്റു ചിലർ.
മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനും നേർക്ക് അൻവർ ബോംബ് പൊട്ടിച്ചപ്പോൾത്തന്നെ പലരും പറഞ്ഞു, അൻവറിന്റെ യഥാർത്ഥ ലക്ഷ്യം പിണറായി സഖാവാണെന്ന്.
അൻവറിന്റെ തോക്കിൽ നിന്ന് വെടിയുണ്ടകൾ തുരുതുരെ വർഷിച്ചിട്ടും പിണറായിയുടെയും പാർട്ടിയുടെയും മൃദുസമീപനം ഭയംകൊണ്ടാണെന്നായി പ്രതിപക്ഷം. വരം കിട്ടിയ ഭസ്മാസുരൻ വരം കൊടുത്തയാൾക്കു നേരെ വിരൽചൂണ്ടിയതോടെ പാർട്ടി ആ കൊമ്പ് മുറിച്ചു. പക്ഷേ, തീയിൽ കുരുത്ത താൻ വെയിലത്ത് വാടില്ലെന്നും, തീപ്പന്തം പോലെ കത്തുമെന്നുമാണ് അൻവറിന്റെ വെല്ലുവിളി. തീപ്പന്തം കെടുത്താനുള്ള പണികൾ ഗോവിന്ദൻ മാഷിന്റെ ആഹ്വാനം കേട്ട് മലപ്പുറത്തെ സഖാക്കൾ തുടങ്ങിക്കഴിഞ്ഞു.
പിണറായി സർക്കാരിന്റെ ഭരണത്തിൽ രണ്ടു കൂട്ടർക്ക് രക്ഷയില്ലെന്നാണ് അൻവർ പറയുന്നത്. ഒന്ന്, സാധാരണ പാർട്ടി പ്രവർത്തകർ. രണ്ട്, ന്യൂനപക്ഷങ്ങൾ. കമ്യൂണിസ്റ്റുകാരെന്നു പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ പോയാൽ രണ്ടടി കുടുതൽ കിട്ടുമെന്ന് അൻവർ പറയുന്നതിൽ വാസ്തവമുണ്ടെന്ന് കുട്ടി സഖാക്കൾ മാത്രമല്ല, മുന്തിയ സഖാക്കളും സമ്മതിക്കുന്നു. നെറികെട്ട ചിലരുടെ നിയന്ത്രണം പൊലീസിനെ വഴി തെറ്റിക്കുന്നുവെന്ന സി.പി.എം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിന്റെ ഒളിയമ്പും ചെന്നു കൊള്ളുന്നത് ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നേർക്കു തന്നെ.
പാൽ കൊടുത്ത കൈയ്ക്കു തന്നെ വിഷപ്പാമ്പ് കൊത്തിയെന്നാണ് ബാലൻ സഖാവിന്റെ ആക്ഷേപം. പിണറായി സഖാവ് പാൽ കൊടുത്ത് വളർത്തിയ മറ്റൊരു പാമ്പും (മുൻ മന്ത്രി കെ.ടി. ജലീൽ) ചീറ്റിത്തുടങ്ങി. എ.ഡി.ജി.പി അജിത്കുമാറിനും പൊലീസിനും എതിരായ അൻവറിന്റെ വിമർശനങ്ങളോട് യോജിക്കുകയാണ് ജലീലും. തിരഞ്ഞെടുപ്പ് രാഷ്ട്രീയം മടുത്തതായി പറഞ്ഞ ജലീൽ, ഗാന്ധിജയന്തി ദിനത്തിൽ എന്തോ പൊട്ടിക്കുമെന്നാണ് പറയുന്നത്. അതും, തന്റെ പുതിയ പുസ്തക പ്രകാശന ചടങ്ങിൽ. ജലീൽ മുമ്പ് മലബാർ കലാപത്തെക്കുറിച്ച് എഴുതിയ പുസ്തകം അബദ്ധ കോടാലിയാണെന്നായിരുന്നു ചരിത്രമറിയുന്നവരുടെ വിമർശനം.
മലപ്പുറത്തെ മുസ്ലിം വോട്ടുകൾ ചോർത്താനായിരുന്നല്ലോ സി.പി.എം കാലാകാലങ്ങളിൽ കോൺഗ്രസിൽ നിന്നും മുസ്ലിം ലീഗിൽ നിന്നും വിമതരെ അടർത്തിയെടുത്ത് തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര വേഷം കെട്ടിച്ച് ഇറക്കിയിരുന്നത്. അങ്ങനെ ജയിച്ചു വന്ന ചിലരെ മന്ത്രിമാരുമാക്കി. മന്ത്രി സ്ഥാനം കിട്ടാത്തതിന്റെ കെറുവാണോ അൻവറിന്റെ ഇളകിയാട്ടത്തിനു പിന്നിലെന്ന് അറിയില്ല. ഭരണത്തിലെ പുത്തൻകൂറ്റുകാരുടെ വിളയാട്ടത്തിൽ മനം മടുത്ത മലപ്പുറത്തെ ചില സി.പി.എം സ്വതന്ത്രന്മാർ കൈ കോർക്കുന്നുവെന്നാണ് കേട്ടത്. പുതിയ പാർട്ടി രൂപീകരിക്കാനുള്ള സാദ്ധ്യത അൻവർ തേടുന്നതു തന്നെ ഈ പിൻബലത്തിലാണത്രെ. എന്തായാലും, ഇനി ജലീലിന്റെ വെളിപാടുകൾക്കായി കാത്തിരിക്കാം. അത് മറ്റൊരു ബോംബാവുമോ?പുറത്തു വന്നതിലും വലുത് മാളത്തിലുണ്ടോ?കാത്തിരുന്ന് കാണാം.
സി.പി.എമ്മിലെ സൈബർ പോരാളികൾക്ക് എന്തു പറ്റിയെന്നാണ് പലർക്കും സംശയം. പാർട്ടിക്കും പാർട്ടി നേതാക്കൾക്കും കവചമൊരുക്കുകയും എതിരാളികളെ താറടിക്കുകയും ചെയ്തിരുന്നവരാണ്. പക്ഷേ, പിണറായി സഖാവിനെ 'വലിച്ചു കീറി ചുവരിൽ ഒട്ടിച്ചിട്ടും" അവരിൽ പലർക്കും കൂറ് അൻവറിനോട്. ഇടതുപക്ഷ വിരുദ്ധ ഫാസിസ്റ്റ് ശക്തികളുടെ കൈയിലെ കോടാലിയായി അൻവർ മാറിയെന്ന് പിണറായിയും ഗോവിന്ദൻ മാഷും തള്ളിപ്പറഞ്ഞതാണ്. എന്നിട്ടും തിരിഞ്ഞു കുത്തുകയാണ് കടന്നൽക്കൂട്ടങ്ങൾ. അവർക്ക് പാർട്ടിയിലെ ചില 'തിരുത്തൽവാദി"കളുടെ പിന്തുണയുണ്ടെന്ന് പ്രതിപക്ഷം. അൻവറിനുള്ള പിണറായിയുടെ വിശദമായ മറുപടിയും ഉടൻ പ്രതീക്ഷിക്കാം.
'കഥയ മമ കഥയ മമ കഥകളതിസാദരം.... കാകുൽസ്ഥ ലീലകൾ കേട്ടാൽ മതിവരാ..." ശാരികപ്പൈതലിനോട് കവി പറയുന്നതാണ്. ശ്രീരാമചന്ദ്ര ലീലകൾ എത്ര കേട്ടാലും മതിവരില്ലെന്ന് സാരം. തൂശൂർ പൂരം കലക്കലിലും കരിപ്പൂരിലെ സ്വർണം പങ്കിടലിലും ഉൾപ്പെടെയുള്ള പി. ശശിയുടെയും, എ.ഡി.ജി.പി അജിത്കുമാറിന്റെയും ലീലാവിലാസങ്ങൾ
ഭരണപക്ഷ എം.എൽ.എയുടെ വായിൽ നിന്നുതന്നെ കേട്ടതോടെ, 'ആനന്ദലബ്ദ്ധിക്കിനി എന്തു വേണം" എന്ന അവസ്ഥയിലാണ് പ്രതിപക്ഷം. പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കൾ. ഒടുവിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേർക്കും വെടി പൊട്ടിയതോടെ, 'സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ..." എന്നതാണ് അവസ്ഥ.
നിയമസഭാ സമ്മേളനം നാലിന് തുടങ്ങാനിരിക്കെ, സർക്കാരിനെ അടിക്കാനുള്ള ആയുധം ചുളുവിൽ വീണു കിട്ടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആദ്യം അത്ര കത്തിയില്ല. കോലാഹലങ്ങളെല്ലാം കേട്ടിട്ടും അതൊക്ക സർക്കാരിന്റെയും സി.പി.എമ്മിന്റെയും ആഭ്യന്തര കാര്യമെന്ന മട്ടിൽ നിസംഗത പുലർത്തുകയായിരുന്നു. തക്കം പാർത്തിരുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും കെ. മുരളീധരനും അൻവറിന് പിന്തുണ പ്രഖ്യാപിച്ചതോടെ, സതീശനും ചാടിയിറങ്ങി.
അല്ലെങ്കിൽ മണ്ണും ചാരി നിന്നവൻ ഒടുവിൽ പെണ്ണുംകൊണ്ടു പോയെന്നു വരും. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളാണ് വരാൻ പോകുന്നത്. വെയിലും മഴയും കൊണ്ടും, വയർ മുറുക്കി ഉടുത്തും നടക്കാൻ തുടങ്ങിയിട്ട് വർഷം എട്ടു കഴിഞ്ഞു. അടുത്ത ഭരണം കിട്ടാൻ വലുതായി മെനക്കെടേണ്ടി വരില്ല. അതിനുള്ള വഴി സർക്കാരും ഭരണപക്ഷവും ഒരുക്കിത്തരും. മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെയാവാൻ പലരും ഉടുപ്പുകൾ തയ്പ്പിച്ച് കാത്തിരിപ്പിലാണ്. എങ്ങനെ ചൊല്ലാതിരിക്കും: കഥയ മമ... കഥയ മമ...
കിട്ടിയാൽ ഊട്ടി, അല്ലെങ്കിൽ ചട്ടി. അവസരം മുതലാക്കി ബി.ജെ.പിയും കളത്തിൽ. നിയമസഭയിൽ നഷ്ടപ്പെട്ട പ്രാതിനിദ്ധ്യം
തിരിച്ചുപിടിക്കണം. അൻവർ പറയുന്നതിൽ ഒരു കാര്യത്തിലേ വിയോജിപ്പുള്ളൂ. ആർ.എസ്.എസ്
നേതാക്കളുമായി എ.ഡി.ജി.പി അജിത്കുമാർ നടത്തിയ കൂടിക്കാഴ്ച, തൃശൂരിൽ പൂരം കലക്കി സുരേഷ് ഗോപിയെ
ജയിപ്പിക്കാനുള്ള ഗൂഢാലോചനയായിരുന്നുവെന്ന ആരോപണത്തിൽ മാത്രം. സി.പി.എം- ബി.ജെ.പി അന്തർദ്ധാരയുടെ
ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്ന യു.ഡി.എഫിന്റെ ആരോപണവും അവർ ഖണ്ഡിക്കുന്നു. പിണറായി വിജയന്
മുഖ്യമന്ത്രിക്കസേരയിൽ അള്ളിപ്പിടിച്ചു കിടക്കാൻ കഴിയില്ലെന്ന് ബി.ജെ.പി.നേതാവ് വി.മുരളീധരൻ. തിരഞ്ഞെടുപ്പുകളാണ് വരുന്നത്. കാറ്റുള്ളപ്പോൾ തൂറ്റണം.
നുറുങ്ങ്-
എ.ഡി.ജി.പി അജിത്കുമാർ മാറിയേ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
# അതിനു വേണ്ടി സർക്കാരിന് ഇനി ശേഷിച്ച ഒന്നേ മുക്കാൽ വർഷം കൂടി കാത്തിരിക്കാനും തയ്യാർ!
(വിദുരരുടെ ഫോൺ-9946 108221)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |