ന്യൂഡൽഹി: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സന്ദർശനത്തിന് മുന്നോടിയായി, 26 റഫാൽ മറൈൻ ജെറ്റ് ഇടപാടിനുള്ള അന്തിമ വില വിവരം ഫ്രാൻസ് ഇന്ത്യക്ക് സമർപ്പിച്ചു. നിർദ്ദിഷ്ട കരാറുമായി ബന്ധപ്പെട്ട് നടന്ന കൂടുതൽ ചർച്ചകൾക്ക് ശേഷം വലിയ വിലക്കുറവ് ഫ്രാൻസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനിക്കപ്പലിലും വിവിധ താവളങ്ങളിലും വിന്യസിക്കുന്നതിനായി 26 റഫാൽ മറൈൻ ജെറ്റുകൾ വാങ്ങുന്നതിനുള്ള കരാറാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ ഒപ്പുവച്ചത്.
കഴിഞ്ഞയാഴ്ച ഇന്ത്യയുമായുള്ള ചർച്ചകൾക്ക് അന്തിമരൂപം നൽകാൻ ഫ്രഞ്ച് സംഘം ഡൽഹിയിൽ എത്തിയിരുന്നു. ഈ സമയത്തും ഇതുമായി ബന്ധപ്പെട്ട് ഇരുപക്ഷവും ചർച്ചകൾ നടത്തിയിരുന്നു. തിങ്കളാഴ്ച പാരിസിൽ ആരംഭിക്കുന്ന ഇന്ത്യ-ഫ്രാൻസ് സ്ട്രാറ്റജിക്ക് കൂടിക്കാഴ്ചയ്ക്കായി അജിത് ഡോവൽ ഫ്രാൻസിൽ എത്തും. ഈ കൂടിക്കാഴ്ചയ്ക്കിടെയിലും കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നേക്കുമെന്നാണ് സൂചന.
ആക്രമണ ശേഷി ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന നാവികസേനയെ സംബന്ധിച്ചിടത്തോളം കരാർ പ്രധാനപ്പെട്ടതാണ്. വിമാനത്തിൽ തദ്ദേശീയ ആയുധങ്ങൾ സംയോജിപ്പിക്കാൻ ഫ്രാൻസിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. വിഷ്വൽ റേഞ്ച് മിസൈലുകൾക്കപ്പുറമെ അസ്ട്രയും രുദ്രം വികിരണ പ്രതിരോധ മിസൈലുകളും ഇതിൽ ഉൾപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |