ഒരു കാലത്ത് മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെയും ഭയത്തോടെയും കണ്ട സീരിയലായിരുന്നു കടമറ്റത്ത് കത്തനാർ. ഏത് പ്രേതാത്മാവിനെയും തളയ്ക്കാൻ ശേഷിയുളള പുരോഹിതനായ കത്തനാരുടെ സാഹസിക കഥകൾ പറഞ്ഞിരുന്ന സീരിയലിന് ഇന്നും ആരാധകരേറെയാണ്. സീരിയലിൽ കത്തനാരായി വേഷമിട്ട പ്രകാശ് പോളും നീലിയുടെ വേഷത്തിലെത്തിയ സുകന്യയും മലയാളികളുടെ ഇഷ്ടതാരങ്ങളാണ്. കടമറ്റത്ത് കത്തനാരിലെ പല സീനുകളും ഇപ്പോഴും സോഷ്യൽമീഡിയയിൽ വൈറലാണ്. സീരിയൽ സെറ്റിലെ സുകന്യയുടെ പെരുമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രകാശ് പോൾ. താരത്തിന്റെ പഴയകാല അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്.
'വ്യക്തി എന്ന നിലയിൽ സുകന്യയെ ഇഷ്ടമല്ല. നീലിയായി പലരും അഭിനയിച്ചെങ്കിലും സുകന്യ നീലിയെ അവതരിപ്പിച്ചപ്പോഴാണ് കൃത്യമായും ആ കഥാപാത്രമായത്. നടി എന്ന നിലയിൽ സുകന്യയെ അംഗീകരിക്കാതെ ഇരിക്കാൻ പറ്റില്ല. എന്നാൽ വ്യക്തി എന്ന നിലയിൽ സുകന്യയെ എനിക്ക് ഇഷ്ടമല്ല. അവർ ഒരു നല്ല വ്യക്തിയല്ല. പക്ഷെ നല്ല നടിയാണ്. എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്.
അല്ലാതെ പ്രത്യേകം ഒരു കാരണംവച്ച് പറഞ്ഞതല്ല. വേണമെങ്കിൽ ഞാൻ ഒന്ന് തിരുത്തി പറയാം. സുകന്യയെന്ന വ്യക്തിയേക്കാൾ എനിക്കിഷ്ടം സുകന്യയെന്ന നടിയെയാണ്. അധികം ആരോടും സംസാരിക്കാറില്ല. നടിയെന്ന രീതിയിൽ പെർഫെക്ടുമായിരുന്നു.എന്നോടൊന്നും സുകന്യ സംസാരിച്ചിട്ടില്ല. സീനിലുള്ള ഡയലോഗ് അല്ലാതെ മറ്റൊന്നും ഞാനും സുകന്യയോട് സംസാരിച്ചിട്ടില്ല. പ്രൊഫഷണൽ ബന്ധം മാത്രമെ ഞങ്ങൾ തമ്മിലുണ്ടായിട്ടുള്ളൂ'- പ്രകാശ് പോൾ പറഞ്ഞു.
സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ചും പ്രകാശ് പോൾ വ്യക്തമാക്കി. 'കത്തനാരായിട്ട് അഭിനയിക്കാനല്ല എന്നെ സീരിയലിലേക്ക് വിളിച്ചത്. ടൈറ്റിൽ സോംഗിന്റെ ഷൂട്ടിനാണ് വിളിപ്പിച്ചത്. സംവിധായകൻ മനസിൽ കണ്ട കത്തനാരുടെ ഡ്യൂപ്പായിട്ടാണ് എന്നെ വിളിച്ചത്. അതുകഴിഞ്ഞ് നാല് മാസങ്ങൾക്കുശേഷം എന്നെ വീണ്ടും വിളിച്ചു. എന്നെ കത്തനാരായിട്ട് അഭിനയിപ്പിച്ചാലോയെന്ന ചർച്ച പ്രവർത്തകർക്കിടയിലുണ്ടായി.അങ്ങനെ യാദൃശ്ചികമായാണ് കത്തനാരായത്.
കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. സീരിയലിന്റെ വിജയത്തിന്റെ കാരണങ്ങളിലൊന്ന് തീം സോംഗുകൂടിയാണ്. സാധാരണ ഒരു നടന് കിട്ടിയിരുന്ന അംഗീകാരമായിരുന്നില്ല എനിക്ക് ലഭിച്ചത്. ഒരു നടൻ എന്ന നിലയ്ക്ക് എന്നെ അധികമാരും കണ്ടിരുന്നില്ല. എല്ലാവരും വിചാരിച്ചത് ഞാനൊരു പുരോഹിതനാണെന്നായിരുന്നു. കത്തനാരായിട്ട് അഭിനയിക്കാൻ സഭയിൽ നിന്നും ഡെപ്യൂട്ടേഷനിൽ അയച്ച വ്യക്തിയെന്നായിരുന്നു ചിന്ത'- താര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |