കോയമ്പത്തൂർ: ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലഹരി വസ്‌തുക്കൾ കൈവശംവച്ച രണ്ട് വിദ്യാർത്ഥികൾ പിടിയിൽ. ഇവരിൽ നിന്നും 100 ഗ്രാം കഞ്ചാവ്, ഒരു ഗ്രാം മെത്താംഫെറ്റാമിൻ, ഒരു എൽഎസ്‌ഡി സ്റ്റാമ്പ്, നിരോധിത പുകയില ഉൽപ്പന്നങ്ങൾ, നാല് ഇരുചക്ര വാഹനങ്ങൾ എന്നിവ കണ്ടെടുത്തു.
പൊലീസ് കമ്മീഷണർ വി ബാലകൃഷ്‌ണന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർമാരായ ആർ സ്റ്റാലിൻ, ശരവണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കുനിയംമുത്തൂർ, സുന്ദരാപുരം, ശരവണംപട്ടി പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള ഹോസ്റ്റലുകൾ, വീടുകൾ എന്നിവയുൾപ്പെടെ 40ഓളം സ്ഥലങ്ങളിൽ 425 പൊലീസുകാർ ഉൾപ്പെട്ട സംഘമാണ് തെരച്ചിൽ നടത്തിയത്. മുമ്പ് ചെന്നൈയിൽ പൊലീസ് നടത്തിയ മാതൃകയിലാണ് ഇത്തരമൊരു പരിശോധന ഇവിടെയും മടത്തിയത്.
അതേസമയം, മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് രണ്ടുപേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്‌തു. പിടിയിലായവരിൽ ഒരാൾ ബാങ്ക് ജീവനക്കാരനാണ്. 42 ഗ്രാം മെത്താംഫെറ്റാമിനും 13 സിറിഞ്ചും 6000 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഈ മയക്കുമരുന്നിന് 1.68 ലക്ഷം രൂപ വിലവരും. മയക്കുമരുന്ന് ഇടപാടിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം. ബംഗളൂരുവിലെ ഒരു സുഹൃത്തിൽ നിന്നും മയക്കുമരുന്ന് വാങ്ങിയ പ്രതി മൊബൈൽ ആപ്പ് വഴി അത് ചെന്നൈയിൽ വിൽപ്പന നടത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |