കൊല്ലം: തമിഴ്നാട്ടിൽ ഓട്ടോമാറ്റിക് സ്പിന്നിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള കയർ ഉത്പാദനം ഇടിഞ്ഞതോടെ ഏറെക്കാലത്തിന് ശേഷം കൊല്ലം കയറിന്റെ ഡിമാന്റ് ഉയർന്നു. ഈ സാമ്പത്തിക വർഷത്തെ ആദ്യ അഞ്ച് മാസത്തിനിടയിൽ ജില്ലയിൽ ഉത്പാദിപ്പിച്ച 5600 ക്വിന്റൽ കയർ വിറ്റുപോയി.
കയർ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന കയർ കയർഫെഡിനാണ് കൈമാറുന്നത്. കയർഫെഡ് ഗോഡൗണുകളിൽ മാസങ്ങളോളം കെട്ടിക്കിടന്ന ശേഷമാണ് പലപ്പോഴും വിറ്റുപോകുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള കയർ കൊല്ലം അടക്കമുള്ള ജില്ലകളിലേക്ക് എത്തുന്നതായിരുന്നു വില്പന വൈകാനുള്ള കാരണം. എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള കയർ വരവ് ഇടിഞ്ഞതോടെ കയർഫെഡിന്റെ വില്പന ഉയരുകയായിരുന്നു. കയർ വിറ്റയിനത്തിൽ ജില്ലയിലെ സംഘങ്ങൾക്ക് 85 ലക്ഷം രൂപ കയർഫെഡ് ഓണത്തിന് തൊട്ടുമുമ്പ് വിതരണം ചെയ്തിരുന്നു.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകൾ, കുളങ്ങൾ, ബണ്ടുകൾ, റോഡുകൾ എന്നിവയുടെ പാർശ്വഭിത്തി നിർമ്മിക്കാൻ ഒരു ലക്ഷം ചതുരശ്ര മീറ്റർ ജിയോ ടെക്സ്റ്റിയിൽസിനും ജില്ലയിൽ ഓർഡർ ലഭിച്ചിട്ടുണ്ട്.
ജില്ലയിലെ 55 കയർ സംഘങ്ങൾക്ക് പ്രവർത്തനമൂലധന ഗ്രാന്റായി ഈ സാമ്പത്തിക വർഷം സർക്കാർ 49 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇൻകം സപ്പോർട്ട് സ്കീം പ്രകാരമുള്ള സർക്കാർ വിഹിതമായി 60 ലക്ഷം രൂപ കൈമാറി. ഇതിന് പുറമേ പി.എം.ഐ പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഉത്പാദനത്തിന്റെ 10 ശതമാനം തുകയായി 69.81 ലക്ഷം രൂപയും സെക്രട്ടറിമാർക്കുള്ള മാനേജേരിയൽ ഗ്രാന്റായി 8.45 രൂപയും കൈമാറി.
പണം കിട്ടിയിട്ടും തുറക്കാതെ സംഘങ്ങൾ
കൂലി കുടിശികയും പ്രവർത്തന മൂലധനവും ലഭിച്ചിട്ടും ജില്ലയിലെ നാല് സംഘങ്ങൾ തുറന്ന് പ്രവർത്തിക്കുന്നില്ലെന്ന് കയർ വകുപ്പ് അധികൃതർ പറഞ്ഞു. സംഘം ഭരണസമിതിയിലെ തർക്കങ്ങളാണ് തൊഴിലാളികൾക്ക് ജോലിയും വരുമാനവും നഷ്ടമാക്കുന്നത്.
ജില്ലയിൽ ഉത്പാദിപ്പിക്കുന്നത്
മങ്ങാടൻ കയർ - അഞ്ചാലുംമൂട്, പരവൂർ, മൺറോത്തുരുത്ത്
വൈക്കം കയർ - ഓച്ചിറ, കരുനാഗപ്പള്ളി
സംഘങ്ങൾ - 64
തൊഴിലാളികൾ - 1000 (ഏകദേശം)
കയർ ഉത്പന്നങ്ങളുടെ വിൽപ്പനയിലെ കയറ്റിറക്കങ്ങൾ ശാശ്വതമല്ല. ഇപ്പോൾ അനൂകൂല സാഹചര്യമാണ്.
കയർ പ്രോജക്ട് ഓഫീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |