തിരിച്ചുവരവിന് സാദ്ധ്യതയില്ലാത്ത രീതിയിൽ മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ അബോധാവസ്ഥയിൽ ജീവിക്കുന്നതിനേക്കാൾ എന്തുകൊണ്ടും ഭേദം മരണം തന്നെയാണ്. അക്കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടത് രോഗിയുടെ അടുത്ത ബന്ധുക്കളാണ്. അങ്ങനെ തീരുമാനമെടുത്താൽപ്പോലും അതു നടപ്പാക്കാനുള്ള നിയമ നിർമ്മാണം നിലവിൽ ഇല്ല. ഇക്കാര്യത്തിൽ നിയമ നിർമ്മാണം നടത്തുന്നതിനു മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗരേഖ പുറത്തിറക്കിയിരിക്കുകയാണ്. ബന്ധുക്കളുടെ അനുമതിയോടെയുള്ള നിഷ്‌ക്രിയ ദയാവധം അനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് ഉചിത തീരുമാനമെടുക്കാമെന്നാണ് കരടു മാർഗനിർദ്ദേശങ്ങളിൽ പറയുന്നത്. രോഗിയോ ബന്ധുക്കളോ സാഹചര്യം വിലയിരുത്തി സമ്മതരേഖ നൽകിയാൽ ജീവൻരക്ഷാ സംവിധാനം ഡോക്ടർക്ക് പിൻവലിക്കാം.
ജനങ്ങൾക്ക് ഒക്ടോബർ ഇരുപതിനകം ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാം. എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടെ അഭിപ്രായം ഇക്കാര്യത്തിൽ അറിയിക്കാൻ പരമാവധി ശ്രമിക്കേണ്ടതാണ്. മതപരമായ എതിർപ്പുകൾ ഇക്കാര്യത്തിൽ സർക്കാർ കണക്കിലെടുക്കരുത്. ഒരു വ്യക്തിക്ക് നേരത്തേ തന്നെ ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തുന്ന ജീവന വിൽപ്പത്രം എഴുതിവയ്ക്കാമെന്ന് 2018-ൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നതാണ്. മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ ദീർഘനാൾ കഴിയുന്നത് രോഗിയുടെ ബന്ധുക്കൾക്ക് സ്വകാര്യ ആശുപത്രിയിലാണെങ്കിൽ ഭീമമായ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്‌ക്കുന്നതാണ്. രോഗിയെ തിരിച്ചുകിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചുകഴിഞ്ഞും ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്റെ തുടിപ്പു മാത്രം നിലനിറുത്തുന്നതിൽ അർത്ഥമില്ലെന്ന് ചിന്തിക്കുന്നവർ സമൂഹത്തിൽ ഏറെയാണ്. ജീവിച്ചിരിക്കുമ്പോൾ കിടന്ന് കഷ്ടപ്പെടാതെ മരിക്കണം എന്ന ആഗ്രഹമാണ് പൊതുവെ എല്ലാവരും പ്രകടിപ്പിക്കുന്നത്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ നിഷ്‌ക്രിയ ദയാവധത്തെ പൊതുവെ സമൂഹം സ്വാഗതം ചെയ്യാനാണ് സാദ്ധ്യത.
എന്നാൽ ഒരു വ്യക്തിയെ അയാൾ രോഗം മൂലം അനുഭവിക്കുന്ന ശാരീരിക വേദനകളിൽ നിന്ന് രക്ഷപ്പെടുത്താൻ ദയാവധം അനുവദിക്കാനാവില്ല. മെഡിക്കൽ സയൻസിനെ ചോദ്യം ചെയ്യുന്നതിനു തുല്യമാകും ഇത്. ഇത്തരത്തിലുള്ള ദയാവധം ലോകത്ത് ഒരു രാജ്യത്തും നിലവിലില്ല. കേന്ദ്ര സർക്കാരിന്റെ കരട് മാർഗനിർദ്ദേശത്തോട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. നിഷ്‌ക്രിയ ദയാവധം അനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന വ്യവസ്ഥ ഡോക്ടർമാരെ സമ്മർദ്ദത്തിലാക്കുമെന്നാണ് അവർ പറയുന്നത്. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരും സർക്കാർ ആരോഗ്യ വകുപ്പിൽ നിന്ന് നിർദ്ദേശിക്കുന്ന ഡോക്ടർമാരും മറ്റും ഉൾപ്പെട്ട ഒരു മെഡിക്കൽ ബോർഡാവും അന്തിമ തീരുമാനമെടുക്കുന്നത്. അതിനാൽ സമ്മർദ്ദത്തിലാവുമെന്ന കാരണം പറഞ്ഞ് ഇതിൽ നിന്ന് പൂർണമായി മാറിനിൽക്കാൻ ഡോക്ടർമാർക്ക് കഴിയില്ല.
ഒരു രോഗി ഇനി തിരിച്ചുവരാൻ സാദ്ധ്യതയില്ലെന്നു മനസിലാക്കാൻ കഴിയുന്നത് ഡോക്ടർക്കു മാത്രമാണ്. ആ രീതിയിലുള്ള സൂചനകൾ ഡോക്ടർമാർ ബന്ധുക്കൾക്ക് നൽകുന്നതും പതിവാണ്. നിഷ്‌ക്രിയ ദയാവധം പല വികസിതമായ രാജ്യങ്ങളിലും നിയമവിധേയമാണ്. ജീവതത്തിലേക്കു മടങ്ങിവരാൻ സാദ്ധ്യതയില്ലാത്ത രോഗിയെ യന്ത്രങ്ങളുടെ സഹായത്തോടെ വിലയേറിയ മരുന്നുകൾ നൽകി നിലനിറുത്തുന്നത് ഒഴിവാക്കണമെന്നതാണ് ദയാവധത്തിന്റെ ഉള്ളടക്കം. കൃത്രിമ മാർഗങ്ങളിലൂടെ ജീവൻ നിലനിറുത്തി 72 മണിക്കൂറിനു ശേഷവും ആരോഗ്യനിലയിൽ മാറ്റമില്ലെങ്കിൽ ഉപകരണങ്ങൾ നീക്കാമെന്നാണ് മാർഗനിർദ്ദേശങ്ങളിൽ പറയുന്നത്. എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തി ഡോക്ടർമാരുടെ ആശങ്കകളും ദുരീകരിച്ചതിനു ശേഷമേ നിയമ നിർമ്മാണത്തിലേക്ക് സർക്കാർ കടക്കാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |