സംസ്ഥാനത്തെ ഏറ്റവും പഴക്കംചെന്നതും ചികിത്സാ സൗകര്യങ്ങൾ ധാരാളമുള്ളതുമായ തിരുവനന്തപുരത്തെ എസ്.എ.ടി മാതൃ- ശിശു ആശുപത്രിയിൽ ഞായറാഴ്ച സന്ധ്യ മുതൽ വൈദ്യുതി നിലച്ച് രോഗികൾ അനുഭവിക്കേണ്ടിവന്ന ദുരിതം സമാനതകളില്ലാത്തതാണ്. വൈദ്യുതി തകരാർ നമ്മുടെ നാട്ടിൽ അപൂർവമൊന്നുമല്ല. ആശുപത്രികളും അതിൽ നിന്ന് മോചിതവുമല്ല. എന്നാൽ അറ്റകുറ്റപ്പണിയുടെ പേരിൽ വൈദ്യുതി നിറുത്തിവച്ച്, പകരം ഫലപ്രദമായ സംവിധാനങ്ങൾ ഉറപ്പാക്കാതെ പണിയുമായി മുന്നോട്ടുപോയ ആശുപത്രി അധികൃതരും അതിനു അരുനിന്ന പൊതുമരാമത്തിലെ വൈദ്യുതി വിഭാഗം ജീവനക്കാരും ഒരു തരത്തിലും മാപ്പർഹിക്കുന്നില്ല. സന്ധ്യയ്ക്ക് ഏഴിനു മുടങ്ങിയ വൈദ്യുതി രാത്രി പത്തര മണിയോടെ താത്കാലിക ജനറേറ്ററിന്റെ സഹായത്തോടെ പുനസ്ഥാപിക്കുന്നതു വരെ പിഞ്ചുകുട്ടികളുൾപ്പെടെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന സകലരും ഒട്ടേറെ ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നു. സംഭവത്തിൽ സാങ്കേതിക സമിതി സമഗ്ര അന്വേഷണം നടത്തുമെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും പറയുന്നു.
ദീർഘമായ മൂന്നര മണിക്കൂർ വൈദ്യുതിയില്ലാതെ ആശുപത്രിയും രോഗികളും കൂട്ടിരുപ്പുകാരുമെല്ലാം ഇരുട്ടത്ത് കഴിയേണ്ടിവന്നത് അധികൃതരുടെ വീഴ്ചയല്ലാതെ മറ്റെന്താണ്? ഇതുപോലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ കേവലം അന്വേഷണ പ്രഹസനം നടത്തി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയല്ല വേണ്ടത്. വീഴ്ച എങ്ങനെ സംഭവിച്ചുവെന്നും ഉത്തരവാദികൾ ആരാണെന്നും കണ്ടെത്തണം. ചുമതല മറന്നു പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കണം. അങ്ങനെ ചെയ്താലേ ഇത്തരം അനാസ്ഥ ആവർത്തിക്കാതിരിക്കൂ. ആശുപത്രികളിൽ എന്തെല്ലാം വീഴ്ചകൾ ഉണ്ടായാലും ഗൗരവത്തോടെ കൈകാര്യം ചെയ്യാത്തതുകൊണ്ടാണ് ഇതുപോലുള്ള അനിഷ്ടസംഭവങ്ങൾ കൂടക്കൂടെ ഉണ്ടാകുന്നത്. സ്ട്രച്ചറിൽ നിന്ന് വീണ് രോഗി അകാലചരമം പ്രാപിക്കുന്നതും, കട്ടിലിനു മുകളിലെ ഫാൻ പ്ളാസ്റ്ററോടെ ഇളകി രോഗിയുടെ തലയിൽ വീഴുന്നതും, ലിഫ്റ്റിൽ രോഗികൾ മണിക്കൂറുകൾ കുടുങ്ങുന്നതും സർക്കാർ ആശുപത്രികളിൽ നിന്ന് സ്ഥിരമായി കേൾക്കുന്ന പരാതികളാണ്. വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഒട്ടേറെ പ്രമുഖ സർക്കാർ ആശുപത്രികൾ ഇവിടെയുണ്ട്. സൗകര്യങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നതിലാണ് പോരായ്മകൾ.
എസ്.എ.ടിയിൽ ഞായറാഴ്ചയുണ്ടായ വൈദ്യുതി തകരാർ ബന്ധപ്പെട്ടവരുടെ പിടിപ്പുകേടിനും അനാസ്ഥയ്ക്കും നല്ല തെളിവാണ്. നേരിട്ടുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് പണി തുടങ്ങുന്നതിനു മുൻപ്, പകരം സംവിധാനം ഒരുക്കിവയ്ക്കേണ്ടതായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ മാതൃ - ശിശു ആശുപത്രി എന്ന നിലയ്ക്ക് ഇരുപത്തിനാലു മണിക്കൂറും വൈദ്യുതിബന്ധം ഒഴിച്ചുകൂടാനാവാത്തതാണ്. അറ്റകുറ്റപ്പണിക്ക് ഉത്തരവിട്ടവരും പണി ഏറ്റെടുത്തവരുമെല്ലാം വലിയ ഈ ഉത്തരവാദിത്വത്തെക്കുറിച്ച് പൂർണ ബോദ്ധ്യമുള്ളവരാകണം. അതില്ലാതെ പോയതാണ് മണിക്കൂറുകൾ നീണ്ട ദുരിതാവസ്ഥ സൃഷ്ടിച്ചത്. ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും ആശ്രയമാണ് ഇതുപോലുള്ള ചികിത്സാകേന്ദ്രങ്ങൾ. അവിടെ കാര്യങ്ങൾ വഴിതെറ്റിയാൽ ജനങ്ങൾക്കു താങ്ങാനാകില്ല. ആരോഗ്യവകുപ്പും അതിലെ ജീവനക്കാരും സദാ ഓർമ്മിക്കേണ്ട കാര്യമാണിത്.
നവജാത ശിശു വാർഡും കുട്ടികളുടെ ഐ.സി.യുവും ഉൾപ്പെടെ ആശുപത്രിയിലെ വാർഡുകളിൽ വൈദ്യുതി മുടങ്ങിയില്ലെന്നത് വലിയ ആശ്വാസമാണ്. മറിച്ചു സംഭവിച്ചിരുന്നുവെങ്കിൽ വലിയ ദുരന്തത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടിവരുമായിരുന്നു. മൊബൈൽ വെളിച്ചത്തിൽ പ്രസവശുശ്രൂഷയും പരിശോധനകളുമൊക്കെ നടത്തേണ്ടിവന്ന അവിടത്തെ ഡോക്ടർമാരുടെയും സ്റ്റാഫിന്റെയും സേവനം കൃതജ്ഞതയോടെ വേണം കാണാൻ. പരിമിതികൾക്കു നടുവിലും കടമ നിറവേറ്റുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് അവർ കാഴ്ചവച്ചത്.
ആശുപത്രികളിലെ അനാസ്ഥമൂലം സംഭവിക്കുന്ന ദുരിതങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ അന്വേഷണങ്ങളും റിപ്പോർട്ടുകളും ആരോഗ്യവകുപ്പിനു മുമ്പിലുണ്ട്. പൊടിയടിച്ചുകിടക്കുന്ന ഇത്തരം റിപ്പോർട്ടുകളാണ് വീണ്ടും ഇതുപോലുള്ള നിർഭാഗ്യകരമായ അവസ്ഥാവിശേഷം ആവർത്തിക്കുന്നതിനു കാരണം. അന്വേഷണ റിപ്പോർട്ടുകളിൽ ഗുരുതരമായവയിലെങ്കിലും കർശന നടപടി ഉണ്ടായാൽ ജനം രക്ഷപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |