തൃശൂർ എ.ടി.എം കവർച്ചയുടെ ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല. വെടിവച്ച് കൊല്ലാൻ പോലും മടിയില്ലാത്ത അതിഭീകരൻമാരായ കവർച്ചക്കാരെയാണ് തമിഴ്നാട് പൊലീസ് പിടികൂടിയത്. ഹരിയാനക്കാരായ ഇത്തരം കവർച്ചക്കാർ കേരളത്തിലെ ഗ്രാമങ്ങളിലുളള എ.ടി.എമ്മുകളിൽ പോലും കണ്ണുവെയ്ക്കുന്നുവെന്ന് അറിയുമ്പോഴുളള ഭീതി നിസാരമല്ല. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്ത് പലതവണ എ.ടി.എമ്മുകളിൽ കവർച്ച നടന്നു. തട്ടിപ്പ് ആവർത്തിക്കുമ്പോഴും സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിലുള്ള ബാങ്ക് അധികൃതരുടെ അലംഭാവത്തിൽ ഇടപാടുകാർക്ക് ആക്ഷേപവുമുണ്ട്.
ക്യാമറകൾ നിർബന്ധമായും പ്രവർത്തിപ്പിക്കണമെന്നും ഡാറ്റാ ബാക്ക് അപ്പ് ഉണ്ടാകണമെന്നും കർശന നിർദ്ദേശം നൽകിയിട്ടും ബാങ്ക് അധികൃതരിൽ പലരും തയ്യാറാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സെക്യൂരിറ്റി ജീവനക്കാരെയും നിയോഗിക്കാൻ മടിക്കുന്നു. കൗണ്ടറിന് അകത്തും പുറത്തും ചുറ്റുവട്ടത്തും ക്യാമറകളുള്ള എ.ടി.എമ്മുകൾ കുറവാണ്. ഗ്രാമീണമേഖലകളിലാണെങ്കിൽ രാത്രി വിജനമാവുന്ന റോഡുകളിലും മറ്റുമാണ് ലക്ഷങ്ങൾ നിറച്ച എ.ടി.എമ്മുകൾ. നാട്ടിൻപുറത്താണ് കവർച്ചാസാദ്ധ്യത കൂടുതലെന്നാണ് പൊലീസ് പറയുന്നത്.
രാത്രിയിൽ വിജനമായ സ്ഥലങ്ങളിലെ എ.ടി.എമ്മുകളിൽ കയറാൻ ജനങ്ങൾ മടിക്കുന്നുണ്ട്.
ആറ് വർഷം മുൻപ് ചാവക്കാട്ട് നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ബീഹാർ സ്വദേശി പിടിയിലായിരുന്നു. കൊരട്ടിയിൽ നിന്ന് പത്തുലക്ഷത്തിലേറെ രൂപ എ.ടി.എമ്മിൽ നിന്ന് കവർച്ച നടത്തിയത് രാജസ്ഥാൻകാരായിരുന്നു. കൗണ്ടറുകളുടെ ഷട്ടറുകൾ ആർക്കും തുറക്കാനും അടക്കാനും കഴിയുന്ന സംവിധാനത്തിൽ മാറ്റം വരുത്താനും കൗണ്ടറിനകത്ത് അലാറം സ്ഥാപിക്കാനും വർഷങ്ങൾക്ക് മുൻപ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകിയിരുന്നു.
കാർഡ് റീഡറും തകരാറിലാക്കും
എ.ടി.എമ്മിലെ കാർഡ് റീഡർ സ്ലോട്ടുകൾ തകരാറിലാക്കിയുള്ള തട്ടിപ്പുകളും ഉണ്ടായിട്ടുണ്ട്. കാർഡ് ഇട്ടാൽ കാർഡ് മെഷിനുള്ളിൽ കുടുങ്ങിപ്പോകും. ഈ സമയത്ത് തട്ടിപ്പ് സംഘത്തിലുള്ളവർ സഹായവാഗ്ദാനം നൽകും. മെഷിനിൽ പിൻ നമ്പർ നൽകാനും അതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും തെറ്റിദ്ധരിപ്പിക്കും. പണം കിട്ടാതെ വരുമ്പോൾ ബാങ്കിനെ വിവരം അറിയിക്കാൻ നിർദ്ദേശിച്ച് തട്ടിപ്പുകാർ മുങ്ങും. ഇടപാടുകാരൻ കൗണ്ടർ വിടുന്നതോടെ തട്ടിപ്പുസംഘം വീണ്ടുമെത്തി കാർഡ് പുറത്തെടുത്ത് പിൻ നമ്പർ ഉപയോഗിച്ച് പണം പിൻവലിക്കും.
പരമാവധി ബാങ്ക് ശാഖകളിലെ എ.ടി.എമ്മുകളോ സുരക്ഷാ ക്യാമറകളുള്ള എ.ടി.എമ്മുകളോ ഉപയോഗിക്കുക എന്നതാണ് പ്രധാനം. എ.ടി.എം മെഷീൻ സൂക്ഷ്മമായി പരിശോധിച്ച് അസ്വാഭാവികമായ ഉപകരണങ്ങളോ വയറുകളോ ഉണ്ടെങ്കിൽ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്. ഒളിക്യാമറകളോ മറ്റോ റൂമിനുളളിൽ ഉണ്ടെന്ന് തോന്നിയാൽ അതിൽ വ്യക്തമാകാൻ പറ്റാത്തരീതിയിൽ പിൻ നമ്പർ അടിക്കണം. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരിശോധിക്കുകയും എസ്.എം.എസ് അലർട്ട് സംവിധാനം പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം.
തട്ടിപ്പുകാരുടെ നഗരം
സാംസ്കാരിക തലസ്ഥാനമെന്നാണ് വിശേഷണമെങ്കിലും കവർച്ച, തട്ടിപ്പ്, കൊലപാതകങ്ങൾ എന്നിവയെല്ലാം തൃശൂരിൽ പെരുകുകയാണ്. കഴിഞ്ഞദിവസം നടന്ന എ.ടി.എം കവർച്ചകൾക്ക് പുറമേ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ജില്ലയിൽ നടന്നത് രണ്ട് കൊലാപതകങ്ങളും നിരവധി തട്ടിപ്പുകളുമാണ്. റെയിൽവേ സ്റ്റേഷനിൽ യുവാവിനെ കൊലപാതകം, പീച്ചിയിലെ സ്വർണക്കവർച്ച എന്നിവയിലെല്ലാം പ്രതികൾ ഇപ്പോഴും പൊലീസിന്റെ കാണാമറയത്താണ്. എ.ടി.എം കവർച്ചാ സംഘത്തെ തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയതും കയ്പമംഗലം റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകത്തിലെ പ്രതികളെ പിടികൂടാനായതും അൽപ്പം ആശ്വാസമായി.
എന്നാൽ അടിക്കടിയുണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമാണ്. മാപ്രാണം, തൃശൂർ, കോലഴി എന്നിവിടങ്ങളിൽ രണ്ട് മണിക്കൂറിനുള്ളിൽ നടന്ന എ.ടി.എം കവർച്ചകളിൽ ആദ്യ സംഭവം രണ്ട് 20 മിനിട്ടിനുള്ളിൽ സന്ദേശം ലഭിച്ചിട്ടും ദേശീയപാതയിൽ വാഹന പരിശോധന കർശനമാക്കാതിരുന്നത് ഗുരുതരവീഴ്ചയായാണ് വിലയിരുത്തുന്നത്.
തമിഴ്നാട് അതിർത്തിയിൽ കവർച്ചാ സംഘം സഞ്ചരിച്ചിരുന്ന കണ്ടെയ്‌നർ അപകടത്തിൽപ്പെട്ടില്ലായിരുന്നെങ്കിൽ അവരും രക്ഷപ്പെടാനുള്ള സാദ്ധ്യത ഏറെയായിരുന്നു. നഗരത്തിലടക്കം കഞ്ചാവ്, മയക്കുമരുന്ന് മാഫിയകളും സജീവമാണ്. റെയിൽവേ സ്റ്റേഷൻ പരിസരത്തും ക്രിമിനൽ സംഘങ്ങൾ നിരവധിയുണ്ട്.
തുമ്പില്ലാതെ റെയിൽവേ കൊലപാതകം
റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറെ കവാടത്തിന് സമീപം യുവാവ് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. നഗരത്തിന്റെ മുക്കിലും മൂലയിലും സി.സി.ടി.വി ക്യാമറകളുണ്ടെങ്കിലും ഇതിലൊന്നും പെടാതെ കൊലാപതകം നടന്നുവെന്ന് പറയുന്നു. റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിൽ നവജാത ശിശുവിനെ കൊന്ന് ബാഗിൽ ഉപേക്ഷിച്ച സംഭവത്തിലും പ്രതിയെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ പട്ടിക്കാട് കല്ലിടുക്കിൽ കാർ തടഞ്ഞ് യുവാക്കളെ ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്ന സംഭവത്തിൽ പ്രതികൾ എവിടെയെന്ന ചോദ്യത്തിനും ഉത്തരമില്ല. തൃശൂർ കിഴക്കെക്കോട്ട നടക്കിലാൻ അരുൺ സണ്ണി, പോട്ട സ്വദേശി റോജി എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് കല്ലിടുക്കിൽ അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് മൂന്ന് കാറുകളിലെത്തിയ സംഘം സിനിമാസ്റ്റൈലിൽ തടഞ്ഞ് ആഭരണം കവർന്നത്. അരുൺ സണ്ണി, റോജോ എന്നിവരെ രണ്ട് വാഹനങ്ങളിൽ തട്ടിക്കൊണ്ടുപോയി പിന്നീട് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
പിറ്റേന്ന് പുത്തൂരിൽ നിന്ന് പരാതിക്കാരുടെ വാഹനങ്ങൾ ലഭിക്കുകയും ചെയ്തു. ഒല്ലൂർ എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള ലോഡ്ജിലേക്ക് വിളിച്ച് വരുത്തി പറവൂർ സ്വദേശിയുടെ സ്വർണം കവർന്നത്. ഇതിൽ എതാനും പേരെ പിടികൂടിയെങ്കിലും പ്രധാന പ്രതിയെയോ, സ്വർണമോ കണ്ടെത്താനായിട്ടില്ല.
റൈസ് പുള്ളർ തട്ടിപ്പിൽ തമിഴ്നാട് സ്വദേശിയെ മർദ്ദിച്ച് കൊലപെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച സംഭവത്തിൽ 24 മണിക്കൂറിനകം പ്രതികളെ പിടികൂടാൻ കഴിഞ്ഞത് മാത്രമാണ് പൊലീസിന് ആശ്വാസം. എന്നാൽ ഒരു ദിവസം മുഴുവൻ കൊല്ലപ്പെട്ട അരുണിനെയും സുഹൃത്തിനെയും ജില്ലയുടെ പലഭാഗങ്ങളിൽ കാറിൽ കൊണ്ടുപോയാണ് മർദ്ദിച്ചത്. നമ്മുടെ പൊലീസ് സംവിധാനം ഇനിയും ജാഗരൂകരാകണമെന്ന സന്ദേശമാണ് ഈ സംഭവങ്ങൾ വെളിപ്പെടുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |