കൊച്ചി: കെ.സി.ബി.സി അഖില കേരള പ്രൊഫഷണൽ നാടക മേളയിൽ തിരുവനന്തപുരം സാഹിതി തിയേറ്റേഴ്സിന്റെ 'മുച്ചീട്ടു കളിക്കാരന്റെ മകൾ" മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ നാടകം സംവിധാനം ചെയ്ത രാജേഷ് ഇരുളം ആണ് മികച്ച സംവിധായകൻ. മികച്ച രണ്ടാമത്തെ നാടകം അമ്പലപ്പുഴ അക്ഷരജ്വാലയുടെ 'അനന്തരം". ഈ നാടകം രചിച്ച മുഹാദ് വെമ്പായത്തിനാണ് മികച്ച നാടകരചനയ്ക്കുള്ള പുരസ്കാരം. മികച്ച നടൻ റഷീദ് മുഹമ്മദ് (അനന്തരം), മികച്ച നടി ഐശ്വര്യ (അന്ന ഗാരേജ്).
ഏഴ് നാടകങ്ങളാണ് മത്സരിച്ചത്. കെ.സി.ബി.സി മീഡിയ കമ്മിഷൻ വൈസ് ചെയർമാൻ ബിഷപ്പ് ആന്റണി മാർ സിൽവാനോസും നടൻ ജോജു ജോർജും ചേർന്ന് അവാർഡുകൾ നൽകി.
യു.എൻ.എ ജനറൽ
കൗൺസിൽ ഇന്ന്
തൃശൂർ: നഴ്സുമാരുടെ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുള്ള സമര പരിപാടികൾക്ക് അന്തിമ രൂപം നൽകാൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ) സംസ്ഥാന ജനറൽ കൗൺസിൽ ഇന്ന് തൃശൂരിൽ. രാവിലെ 11ന് നളിനം ഓഡിറ്റോറിയത്തിൽ ദേശീയ അദ്ധ്യക്ഷൻ ജാസ്മിൻഷാ ഉദ്ഘാടനം ചെയ്യും. തുല്യ ജോലിക്ക് തുല്യ വേതനം എന്ന സുപ്രീംകോടതി പരാമർശം ഉൾക്കൊണ്ട് നഴ്സുമാർക്ക് മിനിമം വേതനം 40,000 രൂപ ആക്കണമെന്നാണ് ആവശ്യം.
പ്രക്ഷോഭങ്ങൾ നടത്തിയിട്ടും ശമ്പള പരിഷ്കരണം നടപ്പിലാക്കാനും പുതിയ മിനിമം വേതനം പ്രഖ്യാപിക്കാനും തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നത്.
ആലപ്പുഴ മെഡി.
കോളേജിന്
കലാകിരീടം
അമ്പലപ്പുഴ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല സൗത്ത് സോൺ യുവജനോത്സവത്തിൽ 191 പോയിന്റോടെ ആതിഥേയരായ ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിന് കലാകിരീടം. 183 പോയിന്റോടെ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് രണ്ടാം സ്ഥാനത്തും 173 പോയിന്റ് നേടിയ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനത്തുമെത്തി. നാലുദിനങ്ങളിലായി നടന്ന മത്സരങ്ങളിൽ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ മെഡിക്കൽ, ആയൂർവേദ, ഹോമിയോ, ദന്തൽ, നഴ്സിംഗ് കോളേജുകൾ തുടങ്ങി 64 കലാലയങ്ങളിലെ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. എച്ച്.സലാം എം.എൽ.എ സമ്മാനവിതരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |