കൊച്ചി: എക്കാലവും മത, തീവ്രവാദ ശക്തികളോട് സന്ധി ചെയ്ത ചരിത്രമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പി.വി. അൻവറും ലീഗും ഭീഷണിപ്പെടുത്തിയപ്പോഴാണ് കരിപ്പൂർ സ്വർണ്ണക്കടത്ത് വിഷയത്തിൽ നിലപാട് മാറ്റിയതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കരിപ്പൂരിൽ പിടിച്ചെടുത്ത പണത്തിന്റെയും സ്വർണ്ണത്തിന്റെയും കണക്കുകൾ കള്ളമല്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്? അൻവറിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ മുഖ്യമന്ത്രി പകച്ചു പോയി. വി.എസിനെ പോലെയല്ല, നട്ടെല്ലില്ലാത്തയാളാണ് പിണറായി. വോട്ടുബാങ്കുകളെ ഭയന്നാണ് നിലപാടുകൾ മാറ്റുന്നത്. കള്ളക്കടത്തുകാരെയും വർഗീയവാദികളെയും മടിയിൽ ഇരുത്തി ഭരിച്ചയാളാണ് ഇപ്പോൾ വർഗീയ ശക്തികളെപ്പറ്റി പറയുന്നത്. അൻവറിനെപ്പോലുള്ളവരെ വളർത്തിയതും പിണറായിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റുകളിൽ
എസ്.ഡി.പി.ഐയെ മത്സരിപ്പിച്ചത് പിണറായി വിജയനാണ്. അതിൽ 30 സീറ്റിലും ഇടതുപക്ഷം ജയിച്ചു. യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ അതിതീവ്ര മതശക്തികളുമായി ചേർന്നതിന്റെ പരിണിതഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ എതിർത്ത ഏക മുഖ്യമന്ത്രിയാണ് പിണറായി . ഹിന്ദുക്കളുടെ വോട്ട് കിട്ടുമെന്ന് വിചാരിച്ച് നടത്തുന്ന തന്ത്രങ്ങൾ ഭൂരിപക്ഷ സമുദായം മുഖവിലയ്ക്കെടുക്കില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |