താളൂർ: ഭാരതിയാർ യൂണിവേഴ്സിറ്റി എ സോൺ ചാമ്പ്യന്മാരായി നീലഗിരി കോളജ്. തുടർച്ചയായ രണ്ടാം തവണയാണ് എസോൺ വിജയം സ്വന്തമാക്കുന്നത്. കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ നിന്നും ഭാരതിയാർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള 22 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. സെമി ഫൈനലിൽ ശ്രീ രാമകൃഷ്ണ മിഷൻ വിദ്യാലയ കോളേജിനെ പരാജയപ്പെടുത്തി ഫൈനലിൽ ഭാരതിയാർ യൂണിവേഴ്സിറ്റി ടീമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കും പരാജയപ്പെടുത്തിയാണ് ആതിഥേയരായ നീലഗിരി കോളേജ് രണ്ടാം തവണയും കപ്പിൽ മൂത്തമിട്ടത്. നീലഗിരി കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്‌മെന്റും നീലഗിരി കോളേജ് സ്‌പോർട്സ് അക്കാഡമിയും ചേർന്നാണ് ഭാരതീയാർ യൂണിവേഴ്സിറ്റിക്ക് വേണ്ടി മൂന്ന് ദിവസം നീണ്ടുനിന്ന ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. സംഘാടന മികവ് കൊണ്ടും നീലഗിരി കോളേജിന്റെ ആദിത്യം കൊണ്ടും വളരെ വേറിട്ടതായിരുന്നു ഈ മത്സരങ്ങളെന്നു മാച്ച് കമ്മിഷ്ണർ അഭിപ്രായപ്പെട്ടു.
മുൻ സന്തോഷ് ട്രോഫി താരം സന്തോഷ് കുമാറാണ് മൂന്ന് വർഷമായി ടീമിനെ പരിശീലിപ്പിക്കുന്നത്. ഈ വർഷം നടന്ന സി.എം ട്രോഫിയിലും നീലഗിരി ജില്ലയിലെ വിജയികളായിരുന്നു നീലഗിരി കോളേജ്. വിജയത്തിലൂടെ ഇന്റർ സോൺ മത്സരത്തിന് യോഗ്യത നേടിയ ടീം വിജയത്തിൽ കുറഞ്ഞ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ലെന്ന് മത്സരശേഷം ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർമാരായ സരിൽ വർഗീസ്, രാധിക എന്നിവർ പറഞ്ഞു. ഒട്ടേറെ പുതുമകളോടെ നടത്തിയ ഈ ടൂർണമെന്റിന് പരിപൂർണ്ണ പിന്തുണയാണ് മാനേജ്മന്റ് നൽകിയത്. ഭാരതിയാർ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ റാഷിദ് ഗസാലിയും ഭാരതീയർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ .ടി. രാധാകൃഷ്ണനും നീലഗിരി കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് കെ.വി. രഞ്ജിത്ത് എന്നിവർ ചേർന്ന് വിജയികൾക്കും റണ്ണേഴ്സ് അപ്പ് ടീമിനും ട്രോഫി നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |