നീറ്റ് മെഡിക്കൽ പി.ജി സ്‌കോറിന്റെ അടിസ്ഥാനത്തിൽ പ്രവേശനത്തിനുള്ള ഓൺലൈൻ കൗൺസലിംഗ് നടപടിക്രമങ്ങൾ ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും പുരോഗമിക്കുന്നു. കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ സർക്കാർ,സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എം.ഡി,എം.എസ് സീറ്റുകളിലേക്കും ആർ.സി.സിയിലേക്കും പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ പ്രക്രിയ ആരംഭിച്ചു. നീറ്റ് പി.ജി 2024ൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് www.cee.kerala.gov.inലൂടെ 7ന് നാലു മണി വരെ അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. ചോയ്‌സ് ഫില്ലിംഗ് ഷെഡ്യൂൾ പിന്നീട് അറിയിക്കും.
ക്ലിനിക്കൽ
വിഷയങ്ങൾ
കേരളത്തിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മുൻ വർഷങ്ങളിലെ അവസാന റാങ്ക് വിലയിരുത്തണം. ആദ്യ റൗണ്ടിൽ പ്രവേശനം ലഭിച്ചവർ കോളേജിൽ റിപ്പോർട്ട് ചെയ്യണം. ക്ലിനിക്കൽ വിഷയങ്ങളിൽ പ്രവേശനത്തിന് മികച്ച റാങ്ക് വേണ്ടി വരും. ഈ വർഷം പി.ജി സീറ്റുകളിൽ കാര്യമായ വർദ്ധനവില്ല. 15 ശതമാനം സീറ്റുകൾ എൻ.ആർ.ഐ ക്വാട്ടയിലാണ്. മൂന്നു വർഷ എം.ഡി, എം.എസ്,ഡി.എൻ.ബി സീറ്റുകൾക്കാണ് പ്രവേശനം.
ഡെർമറ്റോളജി,റേഡിയോളജി,ജനറൽ മെഡിസിൻ,ജനറൽ സർജറി,ഗൈനക്കോളജി,പൽമണോളജി,പീഡിയാട്രിക്‌സ്,എം.എസ് ഓർത്തോ,ഇ.എൻ.ടി,എമർജൻസി മെഡിസിൻ,അനസ്‌തേഷ്യ,സൈക്ക്യാട്രി എന്നീ ക്രമത്തിലാണ് വിദ്യാർത്ഥികൾ കഴിഞ്ഞവർഷം കോഴ്‌സുകൾക്ക് താത്പര്യം പ്രകടിപ്പിച്ചത്. കൊവിഡിനുശേഷം എം.ഡി സൈക്ക്യാട്രിക്ക് മികച്ച അവസരങ്ങളുണ്ട്.
നോൺ
ക്ലിനിക്കൽ
പാരാക്ലിനിക്കൽ,നോൺ ക്ലിനിക്കൽ എന്നിവയിൽ ഉൾപ്പെടുന്ന കോഴ്‌സുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. നോൺ ക്ലിനിക്കൽ വിഭാഗത്തിൽ ഫാർമക്കോളജി,അനാട്ടമി,ഫിസിയോളജി,ബയോകെമിസ്ട്രി എന്നിവയ്ക്കു ചേരുന്നവരുടെ എണ്ണത്തിൽ അടുത്തിടെ കുറവ് ദൃശ്യമാണ്. എന്നാൽ തൊഴിൽ മേഖലയിൽ രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകരാകാൻ നോൺ ക്ലിനിക്കൽ വിഷയങ്ങൾ ഉപകരിക്കും.
രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ യോഗ്യരായ അദ്ധ്യാപകരുടെ ക്ഷാമമുണ്ട്. പത്തോളജി,കമ്മ്യൂണിറ്റി മെഡിസിൻ എന്നിവയ്ക്കും സാദ്ധ്യതയേറെയാണ്. അഡ്വാൻസ്ഡ് ഡയഗ്‌നോസ്റ്റിക് ലാബുകളിൽ നോൺ ക്ലിനിക്കൽ,പാരാക്ലിനിക്കൽ എം.ഡി പൂർത്തിയാക്കിയവർക്ക് അവസരങ്ങളുണ്ട്. നാഷണൽ മെഡിക്കൽ കൗൺസിൽ എം.ബി.ബി.എസ്,എം.ഡി പൂർത്തിയാക്കിയവരെ മാത്രമേ മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർമാരായി നിയമിക്കാവൂ എന്ന് നിഷ്‌കർഷിക്കുന്നുണ്ട്.
ലോകാരോഗ്യ സംഘടന (WHO),ലോകബാങ്ക്,ADB,അന്താരാഷ്ട്ര ഏജൻസികൾ മുതലായവയിൽ കമ്മ്യൂണിറ്റി മെഡിസിൻ പൂർത്തിയാക്കിയവർക്ക് സാദ്ധ്യതകളുണ്ട്. കൊവിഡിനുശേഷം പബ്ലിക് ഹെൽത്ത്,എപ്പിഡെമിയോളജി,മോളിക്കുലർ ബയോളജി,റീജനറേറ്റീവ് ബയോളജി മുതലായവയ്ക്കു സാദ്ധ്യതകളേറെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |