തൊടുപുഴ: പൈനാപ്പിൾ വിലയിൽ റെക്കാഡിട്ടു. കഴിഞ്ഞ പത്തുവർഷത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇപ്പോൾ പൈനാപ്പിൾ. വാഴക്കുളം പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം പച്ച പൈനാപ്പിളിന് കിലോയ്ക്ക് 52 രൂപയും സ്പെഷ്യൽ പച്ചയ്ക്ക് 54 രൂപയുമായി. പൈനാപ്പിൾ പഴുത്തതിന് കിലോയ്ക്ക് നിലവിൽ 55 രൂപയാണ് വില. തിങ്കളാഴ്ച പഴുത്തതിന് 57 വരെ കിട്ടിയിരുന്നു. ഇനിയും വില കൂടാനാണ് സാധ്യത. ഉത്പാദനം കുറഞ്ഞതും ഉത്തരേന്ത്യൻ വിപണികളിൽ ഡിമാൻഡ് കൂടിയതുമാണ് വില കൂടാൻ കാരണം. ഉത്പാദനം സാധാരണ നിലയിലായാൽ വില കുറഞ്ഞേക്കുമെന്ന് കർഷകർ പറയുന്നു.
എ, ബി, സി, ഡി എന്നിങ്ങനെ നാല് ഗ്രേഡായി തിരിച്ചാണ് കൈതച്ചക്ക വിപണനം. ഒരു കിലോയ്ക്ക് മുകളിലുള്ള ചക്കകളാണ് എ ഗ്രേഡായി പരിഗണിക്കുന്നത്. 600 ഗ്രാം മുതൽ ഒരു കിലോവരെയുള്ളവ ബി ഗ്രേഡും അതിന് താഴെയുള്ളവ സി, ഡി ഗ്രേഡുകളുമായാണ് പരിഗണിക്കുക.
ഉത്പാദനം താഴോട്ട്, ഡിമാൻഡ് മേലോട്ട്
ദിവസം ശരാശരി ആയിരം ടൺ പൈനാപ്പിൾ കേരളത്തിലെ പ്രധാന ഉത്പാദന കേന്ദ്രമായ വാഴക്കുളത്ത് നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. പൈനാപ്പിളിന്റെ പ്രധാന വിപണി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും മിഡിൽ ഈസ്റ്റുമാണ്. ആന്ധ്ര, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളും പ്രധാന മാർക്കറ്റാണ്. പ്രാദേശിക വിപണിയും ചെറുതല്ലാതെ ഉത്പന്നം വാങ്ങുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ തൈയും കയറ്റുമതി ചെയ്യുന്നുണ്ട്. ഡിമാൻഡ് മുന്നിൽ കണ്ട് കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗുജറാത്ത്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾ.
കഴിഞ്ഞ വേനലിലെ വരൾച്ചയിൽ നിന്ന് പൈനാപ്പിൾ കൃഷി കരകയറിയില്ല.
വേനൽ കനത്തതും കാലാവസ്ഥാ വ്യതിയാനവും മൂലം ഉത്പാദനത്തിൽ 30- 40 ശതമാനത്തിന്റെ കുറവ്
ഉണക്ക് ബാധിച്ച മേഖലകളിൽ ഇപ്പോഴും ഉത്പാദനം കുറവ്
ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി പൈനാപ്പിളിന് ആവശ്യക്കാർ കൂടി
വരൾച്ച ബാധിച്ച മേഖലകളിൽ ഇനിയും ഉത്പാദനം സാധാരണ നിലയിലായിട്ടില്ല. ഇതാണ് പ്രധാനമായും വില ഉയരാൻ കാരണം. ഒരു മാസത്തിനുള്ളിൽ ഉത്പാദനം പഴയപോലെയാകുമ്പോൾ വിലയും കുറഞ്ഞേക്കും
ജെയിംസ് ജോർജ്
പ്രസിഡന്റ്,
പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ
വർഷം-സ്പെഷ്യൽ ഗ്രേഡ് - പച്ച - പഴുത്തത്
2024 - 54 - 52 - 57
2023- 38-36-48
2022- 36-34-52
2021- 26- 25-37
2020 - 26-25-30
2019- 29-28-35
2018- 32-31-37
2017- 22-21-20
2015- 18-17-18
2014-20-19-21
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |