മലപ്പുറം: കെ ടി ജലീൽ എംഎൽഎ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്ന് പി വി അൻവർ എംഎൽഎ. സ്വയം നിൽക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീൽ നേരത്തെ പറഞ്ഞതിൽ നിന്ന് പിൻമാറിയതെന്ന് അൻവർ പറഞ്ഞു. ആദ്യം അൻവർ പറഞ്ഞ ചില കാര്യങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് പറഞ്ഞ ജലീൽ കഴിഞ്ഞ ദിവസം ആ നിലപാട് തീരുത്തിയിരുന്നു.
പിവി അൻവറിന്റെ നിലപാടുകളോട് പൂർണവിയോജിപ്പാണെന്നാണ് കഴിഞ്ഞ ദിവസം ജലീൽ പറഞ്ഞത്. കൂടാതെ അജിത് കുമാറിനെതിരെ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന അൻവറിന്റെ വാദവും അദ്ദേഹം തള്ളി. ഇതിന് പിന്നാലെയാണ് ജലീനെ വിമർശിച്ച് അൻവർ രംഗത്തെത്തിയത്.
'കെ ടി ജലീൽ ഒക്കെ മറ്റാരുടെയോ കാലിൽ ആണ് നിൽക്കുന്നത്. ഞാൻ എന്റെ സ്വന്തം കാൽ ജനങ്ങളുടെ കാലിൽ കയറ്റിവച്ചാണ് നിൽക്കുന്നത്. അവർക്കൊന്നും സ്വയം നിൽക്കാൻ ശേഷി ഇല്ലാത്തതിന് ജനകീയ വിഷയങ്ങൾ സത്യസന്ധമായി ധീരമായി ഏറ്റെടുക്കാൻ ശേഷി ഇല്ലാത്തതിന് കുറ്റം പറയാൻ പറ്റില്ല. ഓരോരുത്തരുടെ ശേഷിയും പ്രശ്നമാണ്. അദ്ദേഹത്തിനെ സംബന്ധിച്ച് അത്രയേ പറ്റുള്ളു. അതുകൊണ്ട് അദ്ദേഹം അങ്ങനെ തീരുമാനം എടുത്തിട്ടുണ്ടാകും. എന്നെ വെടിവച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിരെ പറയില്ലെന്നാണ് ജലീൽ പറഞ്ഞത്. അപ്പോൾ ആരെങ്കിലും വെടിവയ്ക്കുമെന്ന് പറഞ്ഞുകാണും. അതുകൊണ്ട് മാറിയതാകും. മനുഷ്യന് ജീവന് പേടിയുണ്ടാകില്ലേ, ജീവന് പേടി നമുക്ക് തടയാൻ പറ്റില്ലാല്ലോ',- മാദ്ധ്യമങ്ങളോട് അൻവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |