മുതലമട: പഞ്ചായത്തിൽ സ്വകാര്യ വ്യക്തികളുടെ മാവിൻ തോട്ടങ്ങളിൽ പണം വെച്ചുള്ള ചീട്ടുകളി തകൃതിയായി നടക്കുന്നു. ചുള്ളിയാർഡാം പരിസരവും വെള്ളാരംകടവ്, ചുക്കിരിയാൽ പരിസരങ്ങളിലെ സ്വകാര്യ വ്യക്തികളുടെ മാവിൻ തോട്ടങ്ങളുമാണ് ചീട്ടുകളി സംഘത്തിന്റെ പ്രധാന താവളങ്ങൾ. കഴിഞ്ഞ ദിവസം വെള്ളാരംകടവിൽ സ്വാകാര്യ വ്യക്തിയുടെ മാവിൻ തോട്ടത്തിൽ ചീട്ടുകളിച്ച 17 പേരെ കൊല്ലങ്കോട് സബ് ഇൻസ്‌പെക്ടർ പി.സുജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയിരുന്നു. ഇവരിൽ നിന്ന് രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തു. ഹക്കിം(42), കാളിമുത്തു(49 ), അബ്ദുൽ റസാക്ക്(45), മാരിയപ്പൻ(51), അബ്ദുൽ ജലീൽ(48), മുസ്തഫ(46), ഗൗതം(35), രാമു(40), അബ്ദുൽ സത്താർ(39), രാമദാസ്(24), പ്രഭു(32), സെന്തിൽകുമാർ(28), നാച്ചിമുത്തു(40), മുത്തുകുമാർ(40), ഗുണശേഖരൻ(48), പെൻരാജ്(51), നിജീഷ്(31) എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടത്.
രാവിലെ 10 മണി മുതൽ സംഘംചേർന്ന് തുടങ്ങുന്ന ചീട്ടുകളി രാത്രി 8 മണിവരെ നീളാറുണ്ടെന്നാണ് വിവരം. തദ്ദേശവാസികൾക്കു പുറമേ അതിർത്തി പ്രദേശങ്ങളിലുള്ളവരും അന്യസംസ്ഥാനക്കാരും ചീട്ടുകളിൽ പങ്കുചേരാറുണ്ട്. ആയിരങ്ങൾ പന്തയം വച്ചാണ് ചെറിയ തോതിൽ കളിക്കുക. ചില സമയങ്ങളിൽ ഇത് പതിനായിരങ്ങൾ വരെ നീളാറുണ്ടെന്ന് പറയുന്നു. ദിവസവും രണ്ടു മുതൽ നാലു ഗ്രൂപ്പുകൾ ആയാണ് ചീട്ടുകളി സംഘങ്ങൾ എത്തുക. കാടിനകത്തായ കാരണം പൊതുജനങ്ങളോ പോലീസുകാരോ ഇവരെ പെട്ടെന്ന് ശ്രദ്ധിയ്ക്കപെടാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |