മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ വീണ്ടും പൊലീസ് കേസ്. ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയിലാണ് പി വി അൻവറിനെതിരെ മഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. മലപ്പുറം അരീക്കോട് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ്.
അരീക്കോട് ക്യാമ്പിൽ എഡിജിപി എം ആർ അജിത്ത് കുമാറിനും മലപ്പുറം എസ് പിയായിരുന്ന സുജിത്ത് ദാസിനും വേണ്ടി ഫോൺ ചോർത്തിയെന്നായിരുന്നു അൻവറിന്റെ ആരോപണം. അൻവർ ഔദ്യോഗിക രഹസ്യം ചോർത്തി എന്നാണ് എഫ്ഐആറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അൻവർ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ആധാരമാക്കി ഒഫീഷ്യൽ സീക്രട്ട് ആക്റ്റ്, ഐ ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മന്ത്രിമാരുടെ ഫോൺ ചോർത്തുന്നതായി അൻവർ തന്നെയാണ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആർ അജിത് കുമാറിനുമെതിരെ ആരോപണം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് അൻവർ ഫോൺ ചോർത്തൽ ഉന്നയിച്ചത്. എഡിജിപി മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തിയെന്ന് ആരോപണം ഒന്നിലധികം പ്രാവശ്യം അൻവർ ഉന്നയിച്ചു. മാവോയിസ്റ്റ് നിരീക്ഷണത്തിന്റെ മറവിൽ ഫോൺ ചോർത്തിയെന്നാണ് ആരോപണം. അതോടൊപ്പം താൻ ഫോൺ ചോർത്തിയതായി സ്വന്തമായി അൻവർ അവകാശപ്പെടുകയും ചെയ്തിരുന്നു.
ഫോൺ ചോർത്തിയെന്ന പരാതിയിൽ മുൻപും പി വി അൻവറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കോട്ടയം സ്വദേശിയുടെ പരാതിയിലാണ് കറുകച്ചാൽ പൊലീസ് കേസെടുത്തത്. ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ നിയമപ്രകാരമാണ് കേസ്. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ കാളുകൾ ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ കടന്നുകയറി ചോർത്തുകയോ ചോർത്തിപ്പിക്കുകയോ ചെയ്തുവെന്നും വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് പങ്കുവയ്ക്കുകയും ചെയ്തുവെന്ന പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |