
തിരുവനന്തപുരം: തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തി പ്രതിയെ രക്ഷിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അഡ്വ. ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. നിയമസഭ സെക്രട്ടറിയേറ്റ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് വർഷമാണ് ആന്റണി രാജുവിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇനിയുള്ള ആറ് വർഷത്തേയ്ക്ക് തിരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. തിരുവനന്തപുരം മണ്ഡലത്തിലെ എംഎൽഎയായിരുന്നു ആന്റണി രാജു.
ആന്റണി രാജുവിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതുകൊണ്ടാണ് അപ്പീലിൽ വിധി വരുന്നത് വരെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. ഈ സമയത്തിനുള്ളിൽ വിധിയിൽ സ്റ്റേ വാങ്ങി കോടതിയെ അറിയിക്കാം. അല്ലെങ്കിൽ ജയിലിലേക്ക് പോകേണ്ടി വരും.
നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആന്റണി രാജുവിന് മൂന്ന് വർഷം തടവ് വിധിച്ചത്. രണ്ട് വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനെന്നാണ് സുപ്രീകോടതിയുടെ വിധി. ഇത് പ്രകാരമാണ് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായത്.
34 വർഷം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 409,120 ബി, 420, 201,193, 34, 217, 465 എന്നീ നിർണായകമായ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ തെളിഞ്ഞിരിക്കുന്നത്. കേസിൽ പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം. കേസിൽ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും19 പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.
1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |