ആഗ്ര: മകൾ സെക്സ് റാക്കറ്റിൽ അകപ്പെട്ടെന്ന് വ്യാജ ഫോൺകാളിനെത്തുടർന്ന് ഹൃദയാഘാതത്താൽ അമ്മ മരിച്ചു. ഉത്തർപ്രദേശിലെ
ആഗ്രയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സർക്കാർ സ്‌കൂൾ അദ്ധ്യാപികയായ മാൽതി വർമയാണ് (58) മരിച്ചത്.
തിങ്കളാഴ്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രമുള്ള വാട്സ്‌ആപ്പ് അക്കൗണ്ടിൽ നിന്നാണ് മാൽതിക്ക് കാൾ വരുന്നത്. ഈ സമയം മാൽതി സ്കൂളിലായിരുന്നു.
കോളേജ് വിദ്യാർത്ഥിയായ മകളെ സെക്സ് റാക്കറ്റ് സംഘത്തോടൊപ്പം പിടിച്ചെന്നാണ് ഇയാൾ അറിയിച്ചത്. കേസ് ഒഴിവാക്കാനും മകൾ സുരക്ഷിതയായി തിരികെയെത്താനും ഒരു ലക്ഷം രൂപ അയാൾ പറയുന്ന അക്കൗണ്ടിലേക്ക് ഇടണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മകളുടെ വീഡിയോ പുറത്തുവിടുമെന്നും ഇയാൾ അറിയിച്ചു.
കാൾ വന്നതിനു പിന്നാലെ ഭയന്നുവിറച്ച് അമ്മ വിളിച്ചതായി മാൽതിയുടെ മകൻ ദിപാൻഷു പൊലീസിനോടു പറഞ്ഞു. പെട്ടെന്ന് ഒരു ലക്ഷം കൈമാറണമെന്ന് അറിയിച്ചു.
നമ്പർ പരിശോധിച്ചപ്പോൾ +92 എന്നാണ് തുടങ്ങുന്നത്. അതു കണ്ടപ്പോഴേ തട്ടിപ്പാണെന്ന് മനസ്സിലായി. അമ്മ അപ്പോഴും പരിഭ്രാന്തിയിലായിരുന്നു. എന്തോ തളർച്ച പോലെ എന്നും പറഞ്ഞു. ഞാൻ വീണ്ടും പ്രശ്നമൊന്നുമില്ലെന്നും സഹോദരിയെ വിളിച്ചെന്നും പറഞ്ഞു. എന്നിട്ടും അമ്മയ്ക്ക് ആശ്വാസമായില്ല. സ്‌കൂളിൽനിന്ന് വന്നപ്പോൾ വേദന അനുഭവപ്പെടുന്നതായി പറഞ്ഞു. ഞങ്ങൾ വെള്ളം നൽകി. ആരോഗ്യനില മോശമായതോടെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ രക്ഷിക്കാനായില്ല.- ദിപാൻഷു പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |