ന്യൂഡൽഹി : തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പെന്ന വിവാദം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ( എസ്. ഐ.ടി) സുപ്രീംകോടതി നിയോഗിച്ചു. ആന്ധ്ര സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് പകരമാണിത്.
സി.ബി.ഐ, ആന്ധ്ര പൊലീസ് എന്നിവയിലെ രണ്ടു വീതം ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ്സ് അതോറിട്ടിയുടെ മുതിർന്ന ഉദ്യോഗസ്ഥനും അടങ്ങുന്നതാണ് പുതിയ സംഘം. സി.ബി.ഐ ഡയറക്‌ടർക്കാണ് മേൽനോട്ടം. ആന്ധ്രപൊലീസിന്റെ അന്വേഷണസംഘത്തിൽ വിശ്വാസമില്ലാഞ്ഞിട്ടല്ല, വിശ്വാസികളുടെ വികാരം കണക്കിലെടുത്താണ് നടപടി. കോടതിയെ രാഷ്ട്രീയപോരാട്ട വേദിയാക്കാൻ അനുവദിക്കില്ലെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പ് നൽകി. അന്വേഷണത്തിന് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി ഉൾപ്പെടെ സമർപ്പിച്ച ഹർജികളിലാണ് നടപടി.
പ്രത്യേക അന്വേഷണസംഘത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും, തിരുപ്പതി തിരുമല ദേവസ്ഥാനവും അനുകൂലിച്ചു. നാഷണൽ ഡെയറി ഡെവലപ്പ്മെന്റ് ബോർഡ് ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു മുൻ സർക്കാരിനെതിരെ പരസ്യപ്രസ്‌താവന നടത്തിയതെന്ന് ആന്ധ്ര സർക്കാർ കോടതിയെ അറിയിച്ചു. രാഷ്ട്രീയ എതിരാളി വൈ.എസ്. ജഗൻമോഹൻ റെഡ്‌ഡിയുടെ മുൻസർക്കാർ മായംകലർന്ന നെയ്യ് ഉപയോഗിച്ചെന്ന മട്ടിലുള്ള നായിഡുവിന്റെ പ്രസ്‌താവനയെ കോടതി നേരത്തെ വിമർശിച്ചിരുന്നു. ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും നിരീക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |