തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 4,500 കോടിയോളം രൂപ കഴിഞ്ഞ എട്ട് വർഷത്തിനിടെ ചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സ്‌കൂളുകളിൽ നിർമ്മിച്ച 30 പുതിയ ഹൈടെക് കെട്ടിട സമുച്ചയങ്ങളുടെയും സ്മാർട്ട് ക്ലാസുകളുടെയും ഉദ്ഘാടനം തിരുവനന്തപുരം ശ്രീകാര്യം ജി.എച്ച്.എസിൽ നിർവഹിക്കുകയായിരുന്നു. 12 പുതിയ സ്‌കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടുകയും ചെയ്തു.
എട്ടു വർഷം മുമ്പ് അടച്ചു പൂട്ടിയതും പൂട്ടാറായതുമായ വിദ്യാലയങ്ങളുടെ എണ്ണം വളരെ കൂടുതലായിരുന്നു. പൊതുവിദ്യാലയങ്ങൾ ഇല്ലാതായാൽ സ്വകാര്യമേഖലയുടെ ലാഭേച്ഛയിൽ പലർക്കും പഠിക്കാൻ കഴിയില്ല. ഇത് ഉൾക്കൊണ്ടാണ് സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചത്. സാർവത്രിക വിദ്യാഭ്യാസം നടപ്പാക്കിയ സംസ്ഥാനം കേരളമാണ്. ലോക വൈജ്ഞാനിക ശൃംഖലയുടെ ഭാഗമാകാൻ കഴിയുന്ന വിധത്തിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കേണ്ടതുണ്ട്. ഇത്തവണത്തെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി 13,000 കോടി രൂപ ചെലവിൽ 1,070 പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, എ.എ. റഹിം എം.പി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്. ഷാനവാസ്,പ്രധാനാദ്ധ്യാപിക വി. എസ്. സിന്ധു, മുരുകൻ കാട്ടാക്കട തുടങ്ങിയവർ പങ്കെടുത്തു.
കിഫ്ബിയിൽ 973 പുതിയ സ്‌കൂൾ കെട്ടിടങ്ങൾ
2,300 കോടി ചെലവിൽ കിഫ്ബിയിൽ 973 പുതിയ സ്‌കൂൾ കെട്ടിടങ്ങളാണ് സംസ്ഥാനത്ത് ഉയരുന്നത്. ഇതിൽ 573എണ്ണം പൂർത്തിയായി.
മൂന്നു കോടി ധനസഹായത്തോടെ നിർമ്മിച്ച എട്ട് കെട്ടിടവും ഒരു കോടി ധനസഹായത്തിൽ 12 കെട്ടിടവുമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. പ്ലാൻഫണ്ടും മറ്റും വിനിയോഗിച്ചാണ് 10 കെട്ടിടം നിർമ്മിച്ചത്.
ശ്രീകാര്യം ജി.എച്ച്.എസിൽ 9.50 കോടി രൂപ വിനിയോഗിച്ച് ഹൈടെക് കെട്ടിട സമുച്ചയമാണ് ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം കോർപറേഷൻ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം 1.01 കോടി രൂപ വിനിയോഗിച്ച് എല്ലാം സ്മാർട്ട് ക്ലാസ് റൂമുകളാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |