ചെന്നൈ: ബൈക്കപകടത്തിൽ പെൺ സുഹൃത്ത് മരിച്ചതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന യുവാവ് ബസിനുമുന്നിൽ ചാടി ജീവനൊടുക്കി. തമിഴ്‌നാട് ഈസ്റ്റ് കോസ്റ്റ് റോഡിലായിരുന്നു അപകടമുണ്ടായത്. മധുരാന്തകം സ്വദേശി സബ്രീന (21), യോഗേശ്വരൻ (20) എന്നിവരാണ് മരിച്ചത്. ഇരുവരും മൂന്നാംവർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്.
ഇരുവരും യോഗേശ്വരന്റെ ബൈക്കിൽ മാമല്ലപുരത്തേയ്ക്ക് പോവുകയായിരുന്നു. പൂഞ്ചേരി ജംഗ്ഷനിൽവച്ച് പുതുച്ചേരി റോഡ് ട്രാൻസ്‌പോർട്ട് ബസ് ഇവരുടെ ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ സബ്രീനയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സബ്രീനയുടെ മരണവാർത്തയറിഞ്ഞ യോഗേശ്വരൻ ആശുപത്രിയിൽ നിന്ന് ഓടി പുതുച്ചേരിയിലേയ്ക്ക് പോവുകയായിരുന്ന മറ്റൊരു ബസിന് മുന്നിൽ ചാടുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ട് ബസുകളുടെയും ഡ്രൈവർമാരായ പരമശിവൻ, അറുമുഖം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |