തിരുവനന്തപുരം: നഗരത്തിലെത്തുന്നവർക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി തുടങ്ങിയ കുടിവെള്ള കിയോസ്കുകൾ പലതും ഉപയോഗ്യശൂന്യമായ നിലയിൽ. പൊടിയും മാറാലയും നിറഞ്ഞ് വൃത്തികേടായ അവസ്ഥയിലാണ് മിക്ക കിയോസ്കുകളും. ചിലയിടങ്ങളിൽ പൈപ്പ് കണക്ഷനും വൈദ്യുതി കണക്ഷനുമില്ല. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കിയോസ്കുകൾ കരാർ കമ്പനികളാണ് പരിപാലിക്കേണ്ടതെന്നാണ് അധികൃതരുടെ വാദം.
അനിയന്ത്രിതമായുള്ള കുപ്പിവെള്ള വിലയും ശുദ്ധജല ദൗർലഭ്യവും കണക്കിലെടുത്ത് 2022ലാണ് 25 കുടിവെള്ള കിയോസ്കുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചത്. അന്നുമുതൽ തന്നെ മിക്ക കിയോസ്കുകളും പ്രവർത്തിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രവർത്തിച്ച് തുടങ്ങിയവയാകട്ടെ പൈപ്പ് പൊട്ടിയും വൃത്തികേടാക്കിയും മാലിന്യം നിറഞ്ഞും ഉപയോഗമില്ലാതായി. കരാർ ഏറ്റിട്ടുള്ള കമ്പനി ഇവ വൃത്തിയാക്കുന്നത് മിക്കപ്പോഴും പേരിന് മാത്രമാണെന്നും നാട്ടുകാർ പറയുന്നു.
പ്രവർത്തനരഹിതമായി
ചാല മാർക്കറ്റ്, പുത്തരിക്കണ്ടം മൈതാനം, തകരപ്പറമ്പ്, യൂണിവേഴ്സിറ്റി കോളേജ്, തമ്പാനൂർ ബസ് ഷെൽട്ടർ തുടങ്ങിയിടത്തെ കിയോസ്കുകൾ പ്രവർത്തനമില്ലാതായിട്ട് മാസങ്ങളായി. വഴുതക്കാട്, ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവിടങ്ങളിലുള്ളവയും ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണെന്ന് ആളുകൾ പരാതിപ്പെടുന്നു.
ചെലവായത് - 2.2 കോടി രൂപ
സ്ഥാപിച്ചത് - 25 കിയോസ്കുകൾ
പരിപാലനവും അറ്റകുറ്റപ്പണിയും കരാർ 5 വർഷത്തേക്ക്
17 എണ്ണം ഉപയോഗപ്രദമെന്ന് അധികൃതർ
25 കിയോസ്കുകളിൽ 17 എണ്ണവും ഉപയോഗപ്രദമാണെന്നാണ് സ്മാർട്ട് സിറ്റിയുടെ വാദം. കരാർ ഏറ്റെടുത്ത കമ്പനി അടുത്തിടെ അറ്റകുറ്റപ്പണികൾ നടത്തി മിക്കവയും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. എന്നാൽ, ചാല മാർക്കറ്റിലുള്ള രണ്ടെണ്ണമടക്കം 8 കിയോസ്കുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്. പുത്തരിക്കണ്ടം മൈതാനത്തുള്ളവയുടെ വൈദ്യുതി കണക്ഷൻ പ്രശ്നവും തകരപ്പറമ്പ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലുള്ളവയുടെ പൈപ്പ് ലൈൻ പ്രശ്നവും ഉടൻ പരിഹരിക്കും. ബാക്കിയുള്ളവ വൃത്തിയാക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |