കാട്ടാക്കട: മുക്കുപണ്ടം പണയം വച്ച് ഒറ്റശേഖരമംഗലം സ്വദേശികളായ ദമ്പതികൾ രണ്ടു ലക്ഷം രൂപ തട്ടിയതായി പരാതി. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കാട്ടാക്കട ഗവ.ആശുപത്രിക്ക് സമീപം നക്രാംചിറ നിയാഭവനിൽ ഷീജ രാജിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വി.എസ്.എൻ ഫിനാൻസ് സ്ഥാപനത്തിൽ നിന്നാണ് ദമ്പതികളായ അഖിൽ, അഞ്ചു എന്നിവർ 916 എന്ന് കൃത്രിമമായി മുദ്ര പതിച്ച സ്വർണനിറത്തിലുള്ള 33 ഗ്രാമും 99 മി.ഗ്രാമും തൂക്കം വരുന്ന ഇമിറ്റേഷൻ മാല പണയപ്പെടുത്തി രണ്ടു ലക്ഷം തട്ടിയത്. അച്ഛൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും അത്യാവശ്യമായി കുറച്ച് തുക വേണമെന്നും പറഞ്ഞാണ് മാല നൽകിയത്. നടപടി പൂർത്തിയാക്കി പണം നൽകുകയും കെ.എസ്.എഫ്.ഐ ഈവനിംഗ് ശാഖയിലെത്തി കൂടിയ തുകയ്ക്ക് ഉരുപ്പടികൾ ഇവിടേക്ക് നൽകുകയും ചെയ്തപ്പോഴാണ് 33 ഗ്രാം വരുന്ന മാല വ്യാജമെന്ന് കണ്ടെത്തിയത്. തട്ടിപ്പ് മനസിലായതോടെ ഉടൻ രസീതിൽ എഴുതിയ നമ്പറിൽ വിളിച്ച് കാര്യം തിരക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫാവുകയും തുടർന്ന് സ്ഥാപനയുടമ കാട്ടാക്കട പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കാട്ടാക്കട പൊലീസ് അന്വേഷണമാരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |