ആലപ്പുഴ : വഴിച്ചേരിയിലെ പൂട്ടിക്കിടക്കുന്ന ആധുനിക അറവുശാല കെട്ടിടത്തിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യ കൂമ്പാരം ഈ മാസം അവസാനത്തോടെ പൂർണമായി നീക്കം ചെയ്യണമെന്ന് കരാർ ഏജൻസികൾക്ക് നഗരസഭാ ആരോഗ്യവിഭാഗം നിർദ്ദേശം നൽകി. എത്ര ലോഡ് മാലിന്യമാണ് കെട്ടികിടക്കുന്നതെന്ന് അധികൃതർക്ക് വ്യക്തതയില്ല. യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രണ്ട് ലോഡ് മാലിന്യം കരാർ കമ്പനികൾ കയറ്റി അയച്ചു.
പ്ലാനറ്റ് എർത്ത്, യൂണിവേഴ്സൽ ബയോ ഗ്യാസ്, ക്ലീൻ കേരള എന്നീ മൂന്ന് കമ്പനികളാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തോടെ നഗരത്തിലെ മാലിന്യം ഏറ്റെടുക്കുന്നത്. മഴ പെയ്യുന്ന വേളയിൽ മാലിന്യം കയറ്റിയാൽ കൂടുതൽ തൂക്കം അനുഭവപ്പെടും. അതിനാൽ കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്കാണ് ലോഡ് കയറ്റി അയക്കുന്നത്. ഒക്ടോബർ അവസാനവാരം നഗരസഭാതലത്തിൽ ബാഗ്, കുട, ചെരുപ്പ് തുടങ്ങിയ മാലിന്യങ്ങളുടെ ശേഖരണം നടക്കും. ഇതിന് മുന്നോടിയായി വഴിച്ചേരിയിലെ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യുമെന്ന് നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ.എസ്.കവിത, ഹെൽത്ത് ഇൻസ്പെക്ടർ മനോജ് എന്നിവർ വ്യക്തമാക്കി. മാലിന്യ കൂമ്പാരത്തിൽ നിന്നുള്ള ഒച്ചുകൾ പ്രദേശവാസികൾക്ക് ശല്യമുണ്ടാക്കുന്നതും മാലിന്യ ചാക്കുകൾ കെട്ടിടവും ഗ്രൗണ്ടും കവിഞ്ഞ് പുറത്തേക്ക് തള്ളി നിൽക്കുന്നതും സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |