പാലക്കാട്: പറളിയെ ലോക കായിക ഭൂപടത്തിന്റെ നെറുകെയിലെത്തിച്ച കായികാദ്ധ്യാപകൻ പി.ജി.മനോജ് ട്രാക്കുവിട്ട് വിത്തും കൈക്കോട്ടുമെടുത്ത് വയലിലേക്ക്. അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിക്കാൻ മൂന്ന് വർഷം കൂടിയുള്ളപ്പോഴാണ് പാരമ്പര്യം പിന്തുടർന്ന് മുഴുവൻ സമയ കർഷകനാവാൻ മാഷ് തയ്യാറെടുക്കുന്നത്. ആയിരങ്ങളെ കായിക ലോകത്തേക്ക് കൈപിടിച്ച് കൂടെക്കൂട്ടി മികവിലേക്കുയർത്തിയ മനോജ് മാഷ് കൃഷി പച്ചപിടിക്കുമെന്ന് കരുതിയല്ല മുണ്ടും മടക്കികുത്തി വയലിലേക്കിറങ്ങുന്നത്. വീടിന് ചുറ്റും പച്ചപ്പും ഹരിതാഭയുമൊക്കെ കാണുമ്പോൾ കിട്ടുന്ന മനസുഖം. പിന്നെ വിഷരഹിത വിളകൾ ഉത്പാദിപ്പിക്കുക അതാണ് ലക്ഷ്യം. സ്കൂളിൽ ദിവസേന രാവിലെയും വൈകീട്ടും കുട്ടികൾക്കുള്ള പരിശീലനം കഴിഞ്ഞാൽ മനോജ് ഫീൽഡിലേക്കാണ്. തലമുറ കൈമാറി വന്ന മണ്ണിൽ മുള പൊട്ടുന്നത് നേരിട്ടറിയാൻ ഓടിയെത്തും. ഓരോ താരങ്ങളെയും കണ്ടെടുക്കുമ്പോഴും മാഷിന് മുന്നിൽ വലിയ ലക്ഷ്യങ്ങളുണ്ടാവും. ട്രാക്കിലെയും ഫീൽഡിലെയും സുവർണ നേട്ടങ്ങൾ മാത്രമല്ല ജീവിതം സുരക്ഷിതമാക്കുന്നിടം വരെ മാഷ് ഒപ്പമുണ്ടാകും. അതുപോലെ നിലമൊരുക്കി വിത്തെറിഞ്ഞ് നൂറുമേനി വിളയും വരെയും കൂടെയുണ്ടാകും. മണ്ണിൽ പൊന്നുവിളയിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി ട്രാക്കിലെ മികവിന് സമാനമെന്നാണ് മാഷിന്റെ പക്ഷം. നാട്ടിട വഴികളിലൂടെ നടന്നേറുമ്പോൾ പച്ചപ്പ് പുൽകുന്ന വയലേലകളിൽ പതിര് മാറി കതിരാവുന്നതിന് സമാനമായി കായിക വഴികളിലും ശ്രദ്ധയുണ്ട്. വൈകാതെ ട്രാക്ക് വിട്ട് മനോജ് പൂർണമായും കർഷകനാവും.
കായിക മേഖലയിലെ സുവർണ നേട്ടങ്ങളെപ്പോലെ തന്നെ മൂല്യമാണ് വരും തലമുറയ്ക്കാക്കി കരുതേണ്ട നല്ല ഭക്ഷണവും ജീവവായുവും എന്ന തിരിച്ചറിവാണ് കൃഷിയിലേക്ക് തിരിയാനുള്ള തീരുമാനത്തിന് പിന്നിൽ.
മനോജ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |