മുൾട്ടാൻ: ഇംഗ്ളണ്ടിന്റെ പാക് പര്യടനത്തിൽ നാലാംദിനം മുൾട്ടാനിൽ റെക്കോഡുകൾ പലതും തകർന്നു. 150 വർഷത്തിനടുത്ത് പഴക്കമുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ട് റെക്കോർഡ് ജോ റൂട്ട്,ഹാരി ബ്രൂക്ക് സഖ്യം തകർത്ത ദിനമാണ് ഇന്ന്. നാലാം വിക്കറ്റിൽ 454 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ടീം സ്‌കോർ 249ൽ നിൽക്കെ 84 റൺസ് നേടിയ ബെൻ ഡക്കറ്റ് പുറത്തായ ശേഷമാണ് റൂട്ടും ബ്രൂക്കും ചേർന്ന് ടീമിനെ മുന്നോട്ട് നയിക്കാൻ തുടങ്ങിയത്. 262 റൺസുമായി റൂട്ട് പുറത്താകുമ്പോൾ ടീം സ്‌കോർ 703ൽ എത്തിയിരുന്നു. 454 റൺസിന്റെ കൂട്ടുകെട്ട്. 150 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 823 എന്ന സ്‌കോറിൽ നിൽക്കെ ഇംഗ്ളണ്ട് ഡിക്ളയർ ചെയ്‌തു.
ഇതോടെ അവർക്ക് പാകിസ്ഥാനെക്കാൾ 267 റൺസ് ലീഡായി. മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാൻ ചായയ്‌ക്കായി പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 23 റൺസ് നേടിയിട്ടുണ്ട്. നേരിട്ട ആദ്യ പന്തിൽ അബ്‌ദുള്ള ഷഫീക്ക് പുറത്തായി. നിലവിൽ 244 റൺസ് പിന്നിലാണ് പാകിസ്ഥാൻ.
ആറ് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇംഗ്ളീഷ് കളിക്കാരൻ പാകിസ്ഥാനിൽ ഇരട്ട സെഞ്ച്വറി നേടുന്നത്. 1962ൽ ടെഡ് ഡെക്‌സ്‌റ്റർ കറാച്ചിയിൽ വച്ച് 205 റൺസ് നേടിയതാണ് ഇതിനുമുൻപുള്ള ഡബിൾ സെഞ്ച്വറി. 305 പന്തുകളിൽ 14 ബൗണ്ടറികളോടെയാണ് റൂട്ട് ഇരട്ട സെഞ്ച്വറി കുറിച്ചത്. അതേസമയം 245 പന്തിലാണ് ഹാരി ബ്രൂക്ക് ഇരട്ട സെഞ്ച്വറി നേടിയത്. 310 പന്തിൽ ട്രിപ്പിൾ സെഞ്ച്വറിയും നേടി. വീരേന്ദർ സേവാഗിന്റേത് കഴിഞ്ഞാൽ ടെസ്റ്റിൽ ഏറ്റവും വേഗമേറിയ ട്രിപ്പിൾ സെഞ്ച്വറിയാണ് ബ്രൂക്കിന്റേത്. 29 ഫോറും മൂന്ന് സിക്‌സുമടങ്ങിയതാണ് ബ്രൂക്കിന്റെ ഇന്നിംഗ്‌സ്. പാകിസ്ഥാനെതിരെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇന്ന് റൂട്ടും ബ്രൂക്കും ചേർന്ന് മുൾട്ടാനിൽ കുറിച്ചതാണ്.
വ്യക്തിഗത സ്‌കോർ 186 റൺസിൽ നിൽക്കെ ജോ റൂട്ടിനെ പുറത്താക്കാനുള്ള അവസരം മുൻ നായകൻ ബാബർ അസം കളഞ്ഞുകുളിച്ചതിന് പാകിസ്ഥാൻ സ്വന്തം നാട്ടിൽ വലിയ വിലയാണ് നൽകേണ്ടി വന്നത്. റൺസൊഴുകുന്ന റോഡ് പോലെയുള്ള പിച്ച് ഒരുക്കിയതിന് ഇംഗ്ളണ്ടിന്റേതടക്കം മുൻ താരങ്ങളുടെ ആക്ഷേപവും പാകിസ്ഥാൻ കേൾക്കേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |