തിരുവനന്തപുരം : സ്വർണക്കടത്ത് വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി പൊലീസ്. വിമാനത്താവളങ്ങൾ വഴി കടത്തുന്ന സ്വർണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് സംസ്ഥാന പൊലീസിന്റെ വെബ്സൈറ്റിൽ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി, സ്വർണക്കടത്ത് പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നതായി പൊലീസ് വെബ്സൈറ്റിൽ ഉണ്ടെന്ന് ഗവർണർ പറഞ്ഞിരുന്നു. ഈ പ്രസ്താവന തെറ്റാണെന്നാണ് പൊലീസ് വിശദീകരണക്കുറിപ്പിൽ പറയുന്നത്.
സ്വർണവും കറൻസിയും പിടിച്ചെടുത്തതിന്റെ സ്ഥിതിവിവരക്കണക്കുകൾ മാത്രമാണ് കാലയളവ് തിരിച്ചുള്ള വിശദാംശങ്ങളോടെ പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്ന് പൊലീസ് അറിയിച്ചു. ഗവർണറുടെ പ്രസ്താവന വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസിന്റെ വിശദീകരണം. മലപ്പുറം പരാമർശത്തിൽ ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് പൊലീസിന്റെ വിശദീകരണം എന്നതും ശ്രദ്ധേയമാണ്,
ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടേതായി വന്ന പരാമർശങ്ങൾ ചൂണ്ടിക്കാണിച്ച് സംസ്ഥാന സർക്കാരിനെതിരെ ഗവർണർ രംഗത്ത് വന്നിരുന്നു. സ്വർണകള്ളക്കടത്ത് രാജ്യത്തിന് എതിരായ കുറ്റമാണ്, ഇതറിഞ്ഞിട്ടും എന്തു കൊണ്ട് റിപ്പോർട്ട് ചെയ്തില്ല, കാര്യങ്ങൾ തന്നെ ധരിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ഗവർണർ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |