തിരുവനന്തപുരം: നവകേരള സദസിനിടെയുണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള സ്വകാര്യ അന്യായത്തിൽ പൊലീസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. പരാതിയുമായി മുന്നോട്ടു പോകാൻ തക്ക കാരണങ്ങളുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് സി.ആർ.പി.സി 202 (1) പ്രകാരം പൊലീസിനോട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
പഴയ ക്രിമിനൽ നിയമപ്രകാരം സ്വകാര്യ അന്യായത്തിൽ പൊലീസ് അന്വേഷണം നടത്താൻ ഉത്തരവിടുന്നത് സെക്ഷൻ 156 (3) പ്രകാരമാണ്. കോടതി അത്തരം ഒരുത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ഇത് സ്വകാര്യ അന്യായങ്ങളിലെ സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
കലാപ, അക്രമ ആഹ്വാനവും പ്രേരണയും നൽകിയതിന് മുഖ്യമന്ത്രിക്കെതിരെ സത്യസന്ധവും നീതിപൂർവവുമായ അന്വേഷണം ഉണ്ടാവണമെന്ന് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോ പൊലീസ് ഉന്നതരോ അന്വേഷണത്തിൽ അനാവശ്യമായി ഇടപെടരുത്. ഗൺമാനെതിരെ അന്വേഷിച്ചപ്പോൾ മുട്ടിടിച്ച പൊലീസിന് മുഖ്യമന്ത്രിക്കെതിരെ സത്യസന്ധമായ അന്വേഷണം നടത്താനാവുമോയെന്ന് സംശയമാണെന്നും സബ്മിഷൻ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |