സമീപ കാലത്ത് മറ്റൊരു രാഷ്ട്രീയ നേതാവിനോ സാംസ്കാരിക പ്രവർത്തകനോ ലഭിക്കാത്ത ഒരു വിടവാങ്ങലാണ് രത്തൻ ടാറ്റയ്ക്ക് ഇന്ത്യയിലെ പൊതുസമൂഹം നൽകിയത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ സ്വന്തം കുടുംബത്തിലെ ഒരു തറവാട്ടു കാരണവർ വിടപറഞ്ഞ വിഷമം ഇന്ത്യക്കാർ പ്രകടിപ്പിച്ചു. ജാതി മതഭേദമന്യേ രത്തൻ ടാറ്റയ്ക്ക് ഇന്ത്യൻ സമൂഹ മനസിലെ സ്ഥാനം തെളിയിച്ച ദിനമാണ് കടന്നുപോയത്. ടാറ്റ സൺസിലാണ് ജോയിൻ ചെയ്തതെങ്കിലും അവിടെയുണ്ടായിരുന്ന അവസാന നാലുവർഷം ഞാൻ ടാറ്റാ ട്രസ്റ്റിൽ സീനിയർ മാനേജരായി ചെയർമാന്റെ ടീമിൽ രത്തൻ ടാറ്റയുടെ ഓഫീസിൽ പ്രവർത്തിച്ചു. ആ കാലം എന്റെ ജീവിതത്തിലെ ഏറ്റവും നല്ലദിനങ്ങളായിരുന്നു എന്ന സത്യം ഞാൻ തുറന്നു പറയട്ടെ.
അദ്ദേഹത്തെക്കുറിച്ചു പലരും പ്രകടിപ്പിച്ച അഭിപ്രായങ്ങളിൽ വിട്ടുപോയതായി എനിക്ക് തോന്നുന്നത് കഴിഞ്ഞ 15 വർഷം അദ്ദേഹമെടുത്ത രണ്ടു സുപ്രധാന തീരുമാനങ്ങളാണ്.അതിൽ എനിക്ക് നേരിട്ട് ബന്ധമുള്ളതാണ് ക്യാൻസർ രംഗത്ത് അദ്ദേഹം നടത്തിയ ഇടപെടലുകൾ .ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ക്യാൻസർ നിർണയ കേന്ദ്രമായ കൊൽക്കത്തയിലെ ടാറ്റ മെഡിക്കൽ സെന്റർ അദ്ദേഹത്തിന്റെ സൃഷ്ടിയാണ്.
പണ്ട് ടാറ്റ നിർമ്മിച്ച് ഇപ്പോൾ സർക്കാർ നടത്തുന്ന മുംബൈയിലെ ടാറ്റ ക്യാൻസർ ആശുപത്രി ഇന്ത്യയിലെ ക്യാൻസർ രോഗികളുടെ ശരണാലയമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ രോഗികളാണ് അവിടെ ഏറ്റവും കൂടുതൽ വരുന്നത് . ആഴ്ചകളോളം മുംബയിൽ റോഡിൽ താമസിച്ചു ട്രീറ്റ്മെന്റിനു വന്നിരുന്ന ആളുകൾ ഇതിലുണ്ടായിരുന്നു.ഈയൊരു ദുർഗതി മാറ്റാനാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രധാന തലസ്ഥാനമായ കൊൽക്കത്തയിൽ 500 കോടി രൂപ ചിലവഴിച്ച് പുതിയ ക്യാൻസർ ആശുപത്രി നിർമ്മിച്ചത്. അതിനോടൊപ്പം പല സംസ്ഥാന സർക്കാരുകളുമായി ചേർന്നുകൊണ്ട് നവീന ക്യാൻസർ ട്രീറ്റ്മെന്റ് പദ്ധതികൾ ആവിഷ്കരിച്ചു. ഈ പ്രോജക്ട് തയ്യാറാകുന്ന ആദ്യഘട്ടത്തിൽ (2012 ) പ്രവർത്തിച്ചതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. അതോടൊപ്പം തന്നെ ടാറ്റയുടെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് ഇന്ത്യൻ ഗ്രാമങ്ങളിലെ പോഷകാഹാരക്കുറവുകൾ തീർക്കാൻ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും അഭിമാനകരമാണ്
രണ്ടാമത്തെ കാര്യം 150 വർഷങ്ങളായി പാഴ്സി സമുദായത്തിൽ നിന്നും മാത്രം ചെയർമാൻ ഉണ്ടായിരുന്ന ടാറ്റാ ഗ്രൂപ്പിൽ കുടുംബാംഗമല്ലാത്ത തമിഴനാട് സ്വദേശിയായചന്ദ്രശേഖരനെ ചെയർമാനാക്കിയ വിപ്ലവകരമായ തീരുമാനമാണ്.
ചന്ദ്രശേഖരൻ ഒരു പാഴ്സി കുടുംബാംഗമല്ലെങ്കിലും ടി.സി.എസിൽ എൻജിനിയറായി ജോലി തുടങ്ങി ആ കമ്പനിയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ആളാണ്. അങ്ങനെയുള്ള ഒരാളെ സമുദായ - കുടുംബ താത്പര്യങ്ങൾക്കപ്പുറം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി നിയമിച്ച തീരുമാനം ശരിയാണെന്ന് ഇന്ന് കാലം തെളിയിക്കുന്നു. ഇതും ടാറ്റയുടെ മാജിക് തന്നെ.
രത്തൻ ടാറ്റയുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഏറ്റവും സവിശേഷമായി തോന്നിയ ചില കാര്യങ്ങൾ ഉണ്ട്.
1991ൽ ഇന്ത്യയിൽ സാമ്പത്തിക പരിഷ്കാരങ്ങൾ ഉണ്ടായപ്പോൾ ടാറ്റയെപോലെ തന്നെ മറ്റുപല ഇന്ത്യൻ കമ്പനികളും ഉണ്ടായിരുന്നു. എന്നാൽ അവരൊക്കെ കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് മാറാതെ വിസ്‌മൃതിയിൽ ലയിച്ചപ്പോൾ ടാറ്റാ തഴച്ചു വളർന്നു പുതിയ മേഖലകളിലേക്ക് കുതിച്ചു . ഇന്ന് ഇന്ത്യ ഒരു സാമ്പത്തിക സൂപ്പർ ശക്തിയാണെങ്കിൽ അതിനുള്ള ഇന്ധനം ഏറ്റവും കൂടുതൽ നൽകിയത് ടാറ്റാ തന്നെയാണ്. ഈ വളർച്ചയിൽ ഒരു വലിയ സന്ദേശംകൂടി ടാറ്റ നൽകി. ഇന്ത്യൻ കമ്പനികൾ രണ്ടാം കിടക്കാരല്ലെന്നും നമുക്കും ലോകോത്തര കമ്പനികളെ വാങ്ങാനുള്ള ആർജ്ജവം ഉണ്ടെന്നും കോറസ്,ജാഗ്വാർ,ലാൻഡ് റോവർ, ടെറ്റ്ലി ഡീലുകളിലൂടെ രത്തൻ ടാറ്റ തെളിയിച്ചു.
ഈ വളർച്ചയുടെ കാലത്തും ടാറ്റയുടെ ഒരു മൂല്യങ്ങൾക്കും കോട്ടം തട്ടിയില്ല. രത്തൻ ടാറ്റായ്ക്ക് കേരളത്തോട് വലിയ താത്പര്യമായിരുന്നു. 2018ലെ പ്രളയ കാലത്ത് ആദ്യം കേരളത്തിന് സപ്പോർട്ട് കിട്ടിയത് ടാറ്റ നൽകിയ 10 കോടിയായിരുന്നു. ആ സഹായത്തിന്റെ ഭാഗമാകാൻ എനിക്കുമായി. ഒരു ഫോൺ കോളിലൂടെ ഇങ്ങോട്ട് വിളിച്ചണ് സഹായഹസ്‌തം നീട്ടിയത്. അതിന്റെ പേരിൽ രണ്ടുവരി വാർത്തയോ വലിയ പരസ്യമോ നടത്തുവാൻ ആഗ്രഹിച്ചിരുന്നുമില്ല. അതുപോലെ തന്നെയാണ് കോവിഡ് സമയത്ത് ടാറ്റ നിർമ്മിച്ചു നൽകിയ ആശുപത്രി. ഏറ്റവും ആധുനിക മെഡിക്കൽ ഉപകരണങ്ങൾ അവിടെ ഉണ്ടായിരുന്നു. കൂടെയുള്ളവരെ ചേർത്തുപിടിക്കുന്ന ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. ഞാൻ അദ്ദേഹത്തിന്റെ ചെയർമാൻ ഓഫീസിൽ പ്രവർത്തിച്ച നാലുവർഷവും പിന്നീടുള്ള കാലവും ആ സ്നേഹത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. അദ്ദേഹം കാട്ടിയ പാതയിലൂടെ മറ്റുള്ളവർക്ക് പ്രകാശം പരത്തി മുന്നോട്ടുപോകണം എന്നുള്ളതാണ് എന്റെയും ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |