തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാർ പ്രതിക്കൂട്ടിലാകും എന്നതുകൊണ്ടാണ് ചർച്ച ചെയ്യാതിരുന്നത്. സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
കേരളത്തിലെ സ്ത്രീകളെ ഗൗരവമായി ബാധിക്കുന്ന വിഷയം സഭയിൽ ചർച്ച ചെയ്തില്ലെങ്കിൽ എവിടെയാണ് ചർച്ച ചെയ്യേണ്ടതെന്നും വി.ഡി സതീശൻ ചോദിച്ചു. ലാവ്‌ലിൻ കേസ് എത്ര തവണ നിയമസഭ ചർച്ച ചെയ്തിട്ടുണ്ട്. നിയമസഭ കൗരവ സഭയായി മാറുകയാണ്. റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടില്ലെന്നും വി ഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
റിപ്പോർട്ട് കൊടുക്കരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. ഒരു സ്ഥലത്തും ജസ്റ്റിസ് ഹേമ അങ്ങിനെ ഒരു അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. സുപ്രീം കോടതിയുടെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, അത് അനുസരിച്ച് വേണം റിപ്പോർട്ട് പുറത്തുവിടേണ്ടത് എന്നാണ് ജസ്റ്റിസ് ഹേമ അറിയിച്ചത്. അതിനെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും റിപ്പോർട്ട് പുറത്ത് കൊടുക്കരുതെന്ന് ജസ്റ്റിസ് ഹേമ കത്തെഴുതിയെന്ന് പറഞ്ഞ് നിയമസഭയെ വരെ തെറ്റിദ്ധരിപ്പിച്ചതെന്നും വി ഡി സതീശൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |