ഹൈദരാബാദ്: ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ട്വന്റി 20 പരമ്പരയിലും സമ്പൂര്‍ണ തോല്‍വി വഴങ്ങി ബംഗ്ലാദേശ്. കുട്ടി ക്രിക്കറ്റിലെ മൂന്നാം മത്സരത്തില്‍ 133 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് സന്ദര്‍ശകര്‍ വഴങ്ങിയത്. മലയാളി താരം സഞ്ജു സാംസണ്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി 111(47) മികവില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 297 റണ്‍സിനുള്ള ബംഗ്ലാദേശിന്റെ മറുപടി 164 റണ്‍സില്‍ അവസാനിച്ചു.
സ്‌കോര്‍: ഇന്ത്യ 297-6 (20) | ബംഗ്ലാദേശ് 164-7 (20) | പ്ലെയര്‍ ഓഫ് ദി മാച്ച്: സഞ്ജു സാംസണ്‍
കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ആക്രമിച്ച് കളിക്കുകയെന്ന ഒറ്റ മാര്‍ഗമേ ബംഗ്ലാദേശിന് മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പര്‍വേസ് ഹുസൈന്‍ ഇമോന്‍ 0(1) പുറത്തായി. 63*(42) റണ്‍സ് നേടി പുറത്താകാതെ നിന്ന തൗഹിദ് ഹൃദോയ് ആണ് ടോപ് സ്‌കോറര്‍. താരത്തിന് പുറമേ 42(25) റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസ് മാത്രമാണ് പിന്നീട് പിടിച്ച് നിന്നത്.
തന്‍സീദ് ഹസന്‍ തമീം 15(12), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ 14(11) എന്നിവര്‍ നിരാശപ്പെടുത്തി. അവസാന ടി20 രാജ്യാന്തര മത്സരം കളിച്ച മഹ്മദുള്ള റിയാദ് വെറും എട്ട് റണ്‍സ് നേടി പുറത്തായി. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌ണോയ് മൂന്ന് വിക്കറ്റുകള്‍ നേടി ബൗളിംഗില്‍ തിളങ്ങി. മായങ്ക് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍, നതീഷ് റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി 111(47) റണ്‍സ് നേടിയ മലയാളി താരം സഞ്ജു വി സാംസണ്‍ ആണ് ടോപ് സ്‌കോറര്‍. 11 ഫോറുകളും എട്ട് സിക്സറുകളും നിറഞ്ഞതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. മികച്ച പിന്തുണയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മലയാളി താരത്തിന് നല്‍കിയത്. 35 പന്തുകളില്‍ നിന്ന് എട്ട് ഫോറും അഞ്ച് സിക്സറുകളും സഹിതം സൂര്യ നേടിയത് 75 റണ്‍സ്. രണ്ടാം വിക്കറ്റില്‍ 79 പന്തുകളില്‍ നിന്ന് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് 173 റണ്‍സ്.
സൂര്യയും സഞ്ജുവും പുറത്തായ ശേഷം ആക്രമണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് റിയാന്‍ പരാഗ് 34(13), ഹാര്‍ദിക് പാണ്ഡ്യ 47(18) സഖ്യം. ബംഗ്ലാദേശ് നിരയില്‍ പന്തെടുത്ത എല്ലാവരും തല്ല് വാങ്ങുന്ന കാഴ്ചയാണ് കണ്ടത്. അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീണത് കൊണ്ട് മാത്രമാണ് ഇന്ത്യയെ 300 എന്ന സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടയാന്‍ ബംഗ്ലാദേശിന് കഴിഞ്ഞത്. 20 ഓവറുകളില്‍ നിന്ന് 22 സിക്സറുകളും 25 ഫോറുകളും സഹിതം 47 ബൗണ്ടറികളാണ് ഇന്ത്യ അടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |