ശ്രീനഗർ: കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ പുതിയ ലഫ്റ്റനനന്റ് ഗവർണറായി കെ.വിജയ് കുമാർ ഐ.പി.എസിനെ നിയമിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഐ.പി.എസ് ഓഫീസർമാരായ വിജയ് കുമാറിനെയും ദിനേശ്വർ ശർമ്മയെയുമാണ് കേന്ദ്ര സർക്കാർ പ്രധാനമായും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പ്രത്യേക ഓപ്പറേഷനിലൂടെ ചന്ദനകൊള്ളക്കാരൻ വീരപ്പനെ വധിച്ച സംഘത്തെ നയിച്ച് പേരെടുത്ത ഐ.പി.എസ് ഓഫീസറാണ് വിജയ് കുമാർ. നക്സൽ വിരുദ്ധ പ്രവർത്തനങ്ങളും വിജയ് കുമാർ നടത്തിയിട്ടുണ്ട്.
വിരമിച്ച ശേഷം ജമ്മു കാശ്മീർ ഗവർണറായ സത്യപാൽ മാലിക്കിന്റെ ഉപദേഷ്ടാവായാണ് വിജയ് കുമാർ നിലവിൽ പ്രവർത്തിച്ച് വരുന്നത്. ആഭ്യന്തരം, പരിസ്ഥിതി, ആരോഗ്യം, യുവജന സേവനം, കായികം, തുടങ്ങിയ വിഭാഗങ്ങളിലെ സുപ്രധാന ചുമതലയാണ് വിജയ് കുമാറിന് ഉള്ളത്. 1975 ബാച്ചിലെ തമിഴ്‌നാട് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് വിജയ് കുമാർ. സായുധകലാപം ചെറുക്കുന്നതിലും, വനത്തിനുള്ളിലെ ആക്രമണങ്ങൾ നേരിടുന്നതിലും വിദഗ്ദ്ധനാണ് ഇദ്ദേഹം.
അതേസമയം കാശ്മീരിൽ സ്ഥിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങി വരികയാണ്. ഇന്നലെയോടെ കാശ്മീരിലെ ജനങ്ങൾ പ്രാർത്ഥനയ്ക്കായി പള്ളികളിലേക്കും, മറ്റാവശ്യങ്ങൾക്കായി തെരുവിലേക്കും ഇറങ്ങുന്നുണ്ടായിരുന്നു. എന്നിരുന്നാലും പ്രാദേശിക ഭരണകൂടവും, സുരക്ഷാ ഉദ്യോഗസ്ഥരും അക്രമസംഭവങ്ങളും മറ്റും ഒഴിവാക്കാനായി സ്ഥലത്ത് ശക്തമായ ജാഗ്രത പുലർത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |