ന്യൂഡല്‍ഹി: ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം വീണ്ടും വഷളാകുന്നു. ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പ്രതിയാക്കാനുള്ള കാനഡ സര്‍ക്കാരിന്റെ നീക്കത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധത്തിലാണ്. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പ്രതിയാക്കരുതെന്ന് കനേഡിയന്‍ സ്ഥാനപതിയെ നേരിട്ട് വിളിച്ചുവരുത്തി ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യ. കനേഡിയന്‍ ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിക്കുകയായിരുന്നു.
കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ കാനഡ ഔദ്യോഗികമായി ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുവാദം തേടിയിരുന്നു. നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്കെതിരെ രൂക്ഷമായ ഭാഷയില്‍ ഇന്ത്യ പ്രതികരിച്ചിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മതവാദികള്‍ക്ക് കീഴടങ്ങിയെന്നും ഇന്ത്യ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ഹൈകമ്മീഷണറെ കേസില്‍പ്പെടുത്താന്‍ നോക്കുന്നത്, ട്രൂഡോ മത തീവ്രവാദികള്‍ക്ക് കീഴടങ്ങിയതുകൊണ്ടാണെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു.
ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് കാരണം. കൊലപാതക കേസില്‍ മൂന്ന് ഇന്ത്യക്കാരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കേസില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരാണ് അറസ്റ്റിലായത്. കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതക കേസില്‍ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതികളായ ഇവര്‍ കഴിഞ്ഞ നാല് വര്‍ഷമായി കാനഡയിലുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഇന്ത്യക്കെതിരെ ട്രൂഡോ പലതവണ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പ്രധാനമന്ത്രി തന്നെ പലപ്പോഴും ട്രൂഡോയുടെ പേരെടുത്ത് പറഞ്ഞ് മറുപടിയും നല്‍കിയിരുന്നു. കാനഡയിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ഈ സംഭവങ്ങളെ തുടര്‍ന്ന് ഭാവിയില്‍ ഉള്‍പ്പെടെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായാണ് കാനഡയുടെ പുതിയ നീക്കങ്ങള്‍ ബന്ധം വീണ്ടും വഷളാകുന്നതിലേക്ക് നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |