തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം വേണ്ടെന്ന് കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹായത്തിനായി ചിലർ വിളിച്ചെന്നും എന്നാൽ ഇപ്പോൾ സഹായമല്ല രക്ഷാപ്രവർത്തനമാണ് വേണ്ടെതെന്നുമാണ് കളക്ടർ പറഞ്ഞതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാൽ, കളക്ടർ പറഞ്ഞതിനെ സഹായം വേണ്ട എന്ന തരത്തിലാണ് പ്രചരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ പ്രവർത്തനത്തിൽ ഉചിതമായ നിലപാടാണ് അദ്ദേഹം എടുത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെതിരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയും നടക്കുന്ന പ്രചാരണങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില കേന്ദ്രങ്ങളിൽ നിന്ന് മനപൂർവം നുണപ്രചാരണം നടക്കുകയാണ്. അതിനെ പൊതുജനം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ ക്യാമ്പിലും ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാനും അവ കളക്ഷൻ സെന്ററുകളിലേക്ക് കൈമാറാനും ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അനാവശ്യ സാധനങ്ങൾ കുമിഞ്ഞു കൂടുന്നത് അതുവഴി ഒഴിവാക്കാനാണ് സർക്കാർ ശ്രമം. ക്യാമ്പിൽ കഴിയുന്നവരെ കാണാൻ പുറത്തുനിന്ന് ആളുകളെത്തുന്നത് കർശനമായി തടയാനും സർക്കാർ ഉദ്ദേശിക്കുയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |