തിരുവനന്തപുരം: ടിവി പ്രശാന്തൻ നിലവിൽ സർക്കാർ ഉദ്യോഗസ്ഥൻ അല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പരിയാരം മെഡിക്കൽ കോളേജിലെ സാധാരണ ജീവനക്കാരനാണ് ടിവി പ്രശാന്തനെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ പ്രശാന്തൻ സർക്കാർ ജീവനക്കാരൻ ആയിട്ടില്ലെന്നും അയാളെ സ്ഥിരപ്പെടുത്തില്ലെന്നും മന്ത്രി ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു. പമ്പിന്റെ അപേക്ഷകൻ പ്രശാന്തൻ തന്നെയാണോയെന്ന് അറിയില്ല. വിഷയം ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
' എഡിഎം ആയിരുന്ന നവീൻ ബാബുവിനെ പണ്ട് മുതൽ അറിയാമായിരുന്നു. ഒരു കള്ളം പോലും പറയരുതെന്ന് ജീവിതത്തിൽ ദൃഢനിശ്ചയം എടുത്തയാളാണ് നവീൻ. അദ്ദേഹത്തെ വിദ്യാർത്ഥി കാലഘട്ടം മുതൽ അറിയാം. ടിവി പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല. പ്രശാന്തൻ കരാർ തൊഴിലാളിയാണെങ്കിൽ ജോലിയിൽ നിന്ന് നീക്കം ചെയ്യും. നിയമപരമായി മുന്നോട്ട് പോകുമ്പോൾ തെളിവ് വേണം. അതിൽ അന്വേഷണം നടക്കുകയാണ്. ഇന്ന് നിയമോപദേശം തേടും. പ്രശാന്തൻ ഇനി സർവീസിൽ വേണ്ട. സ്ഥിരപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല',- മന്ത്രി വ്യക്തമാക്കി.
മരിച്ച നവീൻ ബാബുവിന് 98,500 രൂപ കൈക്കൂലി നൽകിയെന്ന് ലൈസൻസിന് അപേക്ഷിച്ച ടിവി പ്രശാന്തൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഒരു പെട്രോൾ പമ്പ് തുടങ്ങാൻ കുറഞ്ഞ ചെലവ് രണ്ട് കോടിയോളം വരും. പരിയാരം മെഡിക്കൽ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന് ഇതിനുള്ള സാമ്പത്തികസ്രോതസ് എന്താണെന്ന് കണ്ടെത്തുന്നതിന് അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13-ബി പ്രകാരം അന്വേഷണം നടത്താവുന്നതാണ്. പിസി ആക്ട് പ്രകാരമുള്ള കുറ്റകൃത്യം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളിൽ ഒന്നാണ്. പിസി ആക്ട് പ്രകാരമുള്ള കുറ്റകൃത്യത്തിന് ആരെങ്കിലും സഹായം ചെയ്താൽ അവരുടെ പങ്കിനെക്കുറിച്ച് ഇഡി അന്വേഷണം നടത്തണമെന്നാണ് വകുപ്പ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |