ന്യൂഡൽഹി:മദ്രസകൾക്കും മദ്രസ ബോർഡുകൾക്കുമുള്ള സർക്കാർ ഫണ്ടിംഗ് നിർത്തണമെന്നും മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നുമുള്ള ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ശുപാർശ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രഭരണപ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്കും കമ്മിഷൻ നൽകിയ ശുപാർശയിൽ തുടർ നടപടികൾ വിലക്കി. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സംഘടന സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
ഭരണ ഘടന അനുച്ഛേദം 29, 30 എന്നിവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ഉറപ്പുനൽകുന്നുവെന്നും അതിന്റെ ലംഘനമാണ് കമ്മിഷന്റെ നടപടിയെന്നും മുസ്ലീം സംഘടന കോടതിയിൽ വാദിച്ചു.
കേന്ദ്രസർക്കാരിനും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കും ബാലാവകാശ കമ്മിഷനും നോട്ടീസ് ഉത്തരവായി. നാലാഴ്ചയ്‌ക്കകം മറുപടി സമർപ്പിക്കണം.
ഭരണഘടനയിലെ അനുച്ഛേദം 21എയും, 2009ലെ വിദ്യാഭ്യാസ അവകാശ നിയമവും 14 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ നിർബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കാനാണ്. എന്നാൽ, ന്യൂനപക്ഷ അവകാശത്തിന്റെ മറവിൽ മദ്രസയിലെ കുട്ടികളുടെ ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കുന്നുവെന്നാണ്
കമ്മിഷന്റെ ശുപാർശയിൽ പറയുന്നത്.
യു.പിയിലും ത്രിപുരയിലും
തുടർ നടപടികൾ വിലക്കി
# അംഗീകാരമില്ലാത്ത മദ്രസകളിലെ കുട്ടികളെയും സർക്കാർ എയിഡഡ് മദ്രസകളിലെ മുസ്ലീം ഇതര കുട്ടികളെയും സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റാൻ ഉത്തർപ്രദേശ്-ത്രിപുര സർക്കാരുകൾ നടപടി തുടങ്ങിയിരുന്നു. അതിനായി
ജില്ലാ കളക്‌ടർമാർക്ക് യു.പി സർക്കാർ ജൂൺ 26ന് നൽകിയ ഉത്തരവും ത്രിപുര സർക്കാർ ആഗസ്റ്റ് 28ന് നൽകിയ ഉത്തരവും സ്റ്റേ ചെയ്തു.
# മദ്രസകൾക്കെതിരെ നടപടി സ്വീകരിക്കാൻ ദേശീയ ബാലാവകാശ കമ്മിഷൻ ജൂൺ ഏഴിന് യു.പി സർക്കാരിന് അയച്ച കത്തും മദ്രസകളുടെ പരിശോധനയ്‌ക്കും നടപടിക്കും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ജൂൺ 25ന് കേന്ദ്രത്തിന് നൽകിയ കത്തും സ്റ്റേ ചെയ്തു.
നടപടികൾ നിർദേശിച്ച് ജൂലായ് 10ന് കമ്മിഷൻ ശുപാർശയും ചേർത്ത് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിനും സ്റ്റേ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |