□തടയാൻ ഗവർണർ
തിരുവനന്തപുരം: സർക്കാരിന്റെ ശുപാർശ തള്ളിക്കളഞ്ഞ് ഗവർണർ വി.സിയായി നിയമിച്ച പ്രൊഫ. സിസാതോമസിനെതിരേ മോഷണക്കുറ്റത്തിന് പൊലീസിൽ പരാതി നൽകാൻ സാങ്കേതിക വാഴ്സിറ്റി . വി.സിയായിരിക്കെ, സിസാതോമസിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉപസമിതിക്ക് സിൻഡിക്കേറ്റ് രൂപം നൽകിയിരുന്നു. ഈ തീരുമാനത്തിന്റെ യഥാർത്ഥ രേഖകൾ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിനെ സമീപിക്കുന്നത്. എന്നാൽ മുൻ വി.സിക്കെതിരേ പ്രതികാര നടപടി പാടില്ലെന്നും പൊലീസ് കേസിലേക്ക് നീങ്ങരുതെന്നും ഗവർണർ കർശന നിർദ്ദേശം നൽകും.
സിൻഡിക്കേറ്റ് തീരുമാനങ്ങൾ തന്റെ വിയോജനക്കുറിപ്പോടെ സിസ ഗവർണർക്ക് നൽകിയിരുന്നു. രാജ്ഭവനിൽ വാഴ്സിറ്റി പിന്നീട് അന്വേഷിച്ചപ്പോൾ രേഖകൾ കണ്ടെത്താനായില്ല. ഒറിജിനൽ രേഖകൾ വാഴ്സിറ്റിയുടെ സ്വത്താണെന്ന് വ്യാഖ്യാനിച്ചാണ് മോഷണക്കേസിനുള്ള നീക്കം. രേഖകൾ ഗവർണറുടെ കൈയിൽ നൽകിയിരുന്നെന്നാണ് സിസ രാജ്ഭവനെ അറിയിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കുകയാണെന്ന് രാജ്ഭവൻ വ്യക്തമാക്കി. രേഖകൾ സിസ അനധികൃതമായി കൈക്കലാക്കിയെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകാനാണ് ബോർഡ് ഒഫ് ഗവേണൻസ് തീരുമാനം. വാഴ്സിറ്റിയിലേത് കാലാവധി കഴിഞ്ഞ ബോർഡ് ഒഫ് ഗവേണൻസാണ്. സജിഗോപിനാഥിന് വി.സിയുടെ ചുമതല നൽകിയതോടെ നിരീക്ഷണത്തിനുള്ള സിൻഡിക്കേറ്റ് ഉപസമിതിയുടെ തീരുമാനം ഇല്ലാതായെന്നും അതിനാൽ പഴയ തീരുമാനത്തിന് ഇനി പ്രസക്തിയില്ലെന്നുമാണ് രാജ്ഭവന്റെ വിലയിരുത്തൽ.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് വി.സിയുടെ ചുമതല നൽകണമെന്ന സർക്കാർ ശുപാർശ തള്ളിക്കളഞ്ഞ് സിസയെ ഗവർണർ വി.സിയാക്കിയതോടെയാണ് സർക്കാർ അവരോട് പ്രതികാരം തുടങ്ങിയത്. ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ, സിസാ തോമസിനെ ബലിയാടാക്കരുതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണൽ ഉത്തരവിട്ടിരുന്നു. അയോഗ്യയാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ സിസയെ സ്ഥലം മാറ്റിയെങ്കിലും ട്രൈബ്യൂണൽ ഇടപെട്ട ശേഷം തിരുവനന്തപുരത്ത് തന്നെ നിയമനം നൽകി. കഴിഞ്ഞ മാർച്ചിൽ വിരമിച്ചെങ്കിലും അച്ചടക്കനടപടി ചൂണ്ടിക്കാട്ടി പെൻഷനും ആനുകൂല്യങ്ങളും നൽകിയിട്ടില്ല. ഇതിനെതിരായ സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് വ്യാജ മോഷണക്കേസിൽ കുരുക്കാനുള്ള ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |