മുംബയ്: ടാറ്റ സാമ്രാജ്യത്തിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റ വലിയൊരു മൃഗസ്നേഹി കൂടിയായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. താൻ സ്നേഹിക്കുന്നവർക്ക് വേണ്ടി എത്ര വലിയ കാര്യങ്ങളും ത്യജിക്കാൻ അദ്ദേഹം തയ്യാറായിരുന്നു. നായകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടവും ഏറെ പ്രശസ്തമാണ്. അസുഖബാധിതനായ വളർത്തു നായയുടെ അരികിലിരിക്കാൻ വേണ്ടി അദ്ദേഹം ചാൾസ് രാജാവിന്റെ ക്ഷണം വരെ തിരസ്കരിച്ചിട്ടുണ്ട്.
രത്തൻ ടാറ്റയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നായയായിരുന്നു ടിറ്റോ. തന്റെ മരണശേഷവും ടിറ്റോ സുഖമായിരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. വിൽപ്പത്രത്തിലും ടിറ്റോയെപ്പറ്റി പരാമർശിക്കുന്നുണ്ട്.
ജീവിതകാലം മുഴുവൻ ടിറ്റോയെ നന്നായി പരിചരിക്കണമെന്നാണ് വിൽപ്പത്രത്തിലുള്ളതെന്നാണ് വിവരം. ടാറ്റയുടെ പാചകക്കാരനായ രാജൻ ഷായാണ് നായയെ പരിചരിക്കുന്നത്. പണ്ട് ടിറ്റോ എന്ന പേരിൽ അദ്ദേഹത്തിന് വേറൊരു നായയുണ്ടായിരുന്നു. അത് വിടപറഞ്ഞതിന് ശേഷം, അഞ്ചോ ആറോ വർഷങ്ങൾക്ക് മുമ്പാണ് അദ്ദേഹം ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഈ നായയെ ദത്തെടുത്തത്. അതിന് ടിറ്റോ എന്ന് തന്നെ പേരിടുകയും ചെയ്തു.
രത്തൻ ടാറ്റയുടെ ഉപദേഷ്ടാവും എക്സിക്യുട്ടീവ് അസിസ്റ്റന്റുമായ ശന്തനു നായിഡുവിനെ കുറിച്ചും അദ്ദേഹത്തിന്റെ വിൽപ്പത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. 10,000 കോടി രൂപയിലധികം വരുന്ന സ്വത്തുക്കളിൽ ഒരു ഭാഗം സഹോദരൻ ജിമ്മി ടാറ്റ, അർദ്ധസഹോദരിമാർ അടക്കമുള്ളവർക്കും നൽകിയിട്ടുണ്ട്. അലിബാഗിലെ 2,000 ചതുരശ്ര അടി ബീച്ച് ബംഗ്ലാവ്, മുംബയിലെ ജുഹു താരാ റോഡിലെ രണ്ട് നില വീട്, 350 കോടി രൂപയിൽ കൂടുതലുള്ള സ്ഥിരനിക്ഷേപം, 165 ബില്യൺ ഡോളറിന്റെ ടാറ്റയുടെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിന്റെ 0.83% ഓഹരി എന്നിവ രത്തൻ ടാറ്റയുടെ ആസ്തികളിൽ ഉൾപ്പെടുന്നു. ഒക്ടോബർ ഒൻപതിനാണ് രത്തൻ ടാറ്റ അന്തരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |