തൃശൂർ: വിദ്യാർത്ഥിനിയുടെ അക്കൗണ്ട് ഉപയോഗിച്ച് ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതികളെ ക്രൈംബ്രാഞ്ച് പിടികൂടി. ഷെയർ ട്രേഡിംഗിലൂടെ പണം നിക്ഷേപിച്ചാൽ 500 ശതമാനത്തിലധികം പണം ലഭിക്കുമെന്ന് പറഞ്ഞ് വിയ്യൂർ സ്വദേശിയുടെ ഒരു കോടിയിലധികം പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. മലപ്പുറം കൊട്ടൻചാൽ കാവുങ്ങൽ മുഹമ്മദ് ഫൈസൽ (26),വേങ്ങര കരുമ്പൻ വീട് ഖാദർ ഷെരീഫ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനായി പ്രതികൾ ഉപയോഗിച്ചത് വിദ്യാർത്ഥിനിയുടെ അക്കൗണ്ടാണെന്നും കണ്ടെത്തി. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം.
സി.ഐ.എൻ.വി എന്ന കമ്പനിയുടെ ഫ്രാഞ്ചൈസിയാണെന്ന് പറഞ്ഞ് വിയ്യൂർ സ്വദേശിക്ക് കാൾ വരികയായിരുന്നു. ഷെയർ ട്രേഡിംഗിനെ കുറിച്ച് സംസാരിക്കുകയും ഓൺലൈൻ വഴി ക്ളാസെടുത്ത് വിശ്വാസമാർജ്ജിക്കുകയും ചെയ്തു. 500 ശതമാനം നേട്ടമുണ്ടാക്കാമെന്ന് ഉറപ്പുനൽകി വിവിധ ഘട്ടങ്ങളിലായി പരാതിക്കാരനിൽ നിന്നും 1.24 കോടിയാണ് തട്ടിച്ചത്. തട്ടിപ്പാണെന്ന് മനസിലായതോടെ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ പ്രതിയായ മുഹമ്മദ് ഫൈസലിന്റെ സുഹൃത്തായ ഒരു വിദ്യാർത്ഥിനിയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്നും കണ്ടെത്തി.
തുടർന്ന് കേസിന്റെ അന്വേഷണം സിറ്റി ക്രൈം ബ്രൈഞ്ചിലേക്ക് കൈമാറി. പിന്നീടുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്. സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ വൈ.നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സബ് ഇൻസ്പെ്കടർമാരായ ജയപ്രദീപ്,കെ.എസ്.സന്തോഷ്,സുധീപ്,അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജെസി ചെറിയാൻ,സിവിൽ പൊലീസ് ഓഫീസർ സച്ചിൻദേവ് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |